2023 June 05 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇമാം ശാഫിഈ(റ): ജ്ഞാനപ്പരപ്പിന്റെ പണ്ഡിതമുദ്ര

വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി

ഒരു സൂര്യന്‍ അസ്തമിക്കുമ്പോള്‍ മറ്റൊരു സൂര്യന്‍ ഉദിക്കുന്നു. അതാണ് ഇമാം അബൂ ഹനീഫ(റ)യുടെ വിയോഗവും ഇമാം ശാഫിഈ(റ)യുടെ ജനനവും. ഇമാം അബൂ ഹനീഫ(റ) വിടവാങ്ങിയ ഹിജ്‌റ 150ല്‍ തന്നെയാണ് മറ്റൊരു പണ്ഡിതജ്യോതിസിനെ ഇസ്‌ലാമിക ലോകത്തിനു കനിഞ്ഞുകിട്ടിയത്. ലോകഭൂപടമൊന്നാകെ വിജ്ഞാന പ്രഭയില്‍ പരിലസിക്കും വിധം ഒരു ഖുറൈശി പണ്ഡിതന്‍ വരാനുണ്ടെന്ന പ്രവാചക വചനത്തിന്റെ അകസാരം ഒന്നര നൂറ്റാണ്ടിനു ശേഷം കടന്നു വന്ന ഇമാം ശാഫിഈ(റ)യാണെന്നാണ് ഭൂരിപക്ഷ പണ്ഡിതരുടെയും അഭിപ്രായം.

ജനിച്ചു അധിക നാള്‍ കഴിയും മുമ്പേ പിതാവ് മരണമടഞ്ഞപ്പോള്‍ ഒരു വലിയ പണ്ഡിതനെ വളര്‍ത്തി വാര്‍ത്തെടുക്കാനുള്ള ഉത്തരവാദിത്തം ഉമ്മ ഫാത്വിമയിലാണ് വന്നുചേര്‍ന്നത്. പട്ടിണിയിലും പ്രയാസത്തിലുമായിരുന്നിട്ടും ആ ദൗത്യം ഉമ്മ ഭംഗിയായി തന്നെ നിര്‍വഹിച്ചു. തന്റെ പിതാമഹന്മാരിലൊരാളും സ്വഹാബിയുമായ ശാഫിഅ്(റ) എന്ന മഹാന്റെ പേരിലേക്ക് ചേര്‍ത്തിയാണ് ശാഫിഈ എന്ന പേരില്‍ ഇമാം പ്രസിദ്ധരായത്.
ഇമാം മാലിക്(റ), ശൈഖ് സന്‍ജി(റ) അടക്കമുള്ള പ്രഗത്ഭരായ ഗുരുവര്യരില്‍ നിന്നാണ് അറിവ് നേടിയത്. ഹമ്പലീ മദ്ഹബിന്റെ അമരക്കാരനായ ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) തന്റെ ശിഷ്യരില്‍ പ്രമുഖരാണ്. എന്നാല്‍, തന്നെക്കാള്‍ 14 വയസ്സ് കുറവുള്ള ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍(റ) പ്രാവീണ്യം നേടിയ ഹദീസ് വിജ്ഞാനം അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കാന്‍ ഇമാം ശാഫിഈ(റ) ശ്രദ്ധിച്ചിരുന്നുവെന്നത് വിജ്ഞാനകുതുകികള്‍ക്ക് നല്ലൊരു മാതൃകയാണ്.

ഇമാമിന്റെ ജീവിതം ജ്ഞാന സഞ്ചാരങ്ങളുടെ ഒരു നൈരന്തര്യം തന്നെയായിരുന്നുവെന്ന് പറയാം. മക്ക, മദീന, യമന്‍, ഇറാഖ് തുടങ്ങിയ നാടുകളിലൂടെ ജ്ഞാന ദാഹവുമായി അലയുകയും ഓരോ ദേശത്തുമുള്ള പണ്ഡിതശ്രേഷ്ഠരില്‍ നിന്നും ജ്ഞാന പ്രഭ സ്വീകരിക്കുകയും ചെയ്തു.
സര്‍വ മേഖലകളിലും തികഞ്ഞ അറിവ്. അതായിരുന്നു മറ്റു ഇമാമുകളില്‍ നിന്നും വ്യതിരിക്തമായി ഇമാം ശാഫിഈ(റ)യുടെ പ്രത്യേകത. ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്രം, വ്യാകരണം, കവിത, അമ്പെയ്ത്ത്, വൈദ്യശാസ്ത്രം തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ആഴമേറിയ അറിവോടൊപ്പം അല്ലാഹുവിന്റെ മുന്നില്‍ നിരന്തരം ആരാധനകളില്‍ മുഴുകുന്ന ശീലമുള്ളവരായിരുന്നു മഹാന്‍. ഇല്‍മും അമലും സമ്മേളിച്ച പണ്ഡിത പ്രതിഭ. എല്ലാ ദിവസവും ഖുര്‍ആന്‍ ഒരോ ഖത്മും റമദാനില്‍ രണ്ട് ഖത്മും വീതം അദ്ദേഹം ഓതിത്തീര്‍ക്കാറുണ്ടായിരുന്നുവെന്ന് റബീഅ് ബ്‌നു സുലൈമാന്‍ പറഞ്ഞിട്ടുണ്ട്.

തന്റെ ചിന്തകളെയും ഫത്‌വകളെയും ലോകം മുഴുവന്‍ അനുധാവനം ചെയ്യും വിധം ഇസ്‌ലാമിക ജ്ഞാന ശാഖയെ പൊതുവിലും ഇസ്‌ലാമിക കര്‍മശാസ്ത്രത്തെ വിശേഷിച്ചും അദ്ദേഹം ജീവസുറ്റതാക്കി. ഖുര്‍ആനിലും ഹദീസിലും ഇമാമിനുള്ള പ്രവിശാലമായ ജ്ഞാനപരപ്പിന്റെ ബലത്തില്‍ അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ ഹനഫീ-മാലികീ കര്‍മശാസ്ത്ര ധാരയില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു കര്‍മശാസ്ത്ര ധാരയില്‍ കൊണ്ടെത്തിച്ചു. അതോടെ ശാഫിഈ കര്‍മശാസ്ത്ര ധാരയുടെ അമരക്കാനായി ഇമാം.

ഇമാം ശാഫിഈ(റ)യുടെ ജീവിതത്തില്‍ പ്രധാനമായും മൂന്ന് ഘട്ടങ്ങള്‍ കാണാന്‍ കഴിയും. ഒന്ന്: ബഗ്ദാദില്‍ നിന്നും മക്കയിലെത്തിയ ഘട്ടം. ഈ ഘട്ടത്തിലാണ് ശാഫിഈ(റ)വിന്റെ ചിന്തകള്‍ വികസിക്കുന്നതും അദ്ദേഹം അറിവിന്റെ ആഴങ്ങള്‍ തേടിസഞ്ചരിക്കുന്നതും. മസ്ജിദുല്‍ ഹറാമില്‍ പ്രത്യേക ഹല്‍ഖ സജ്ജീകരിക്കുകയും കര്‍മശാസ്ത്ര സ്രോതസ്സുകളെ പരസ്പരം തുലനം ചെയ്യുകയും ചെയ്തു. രണ്ട്: ശാഫിഈ(റ) വീണ്ടും ബഗ്ദാദിലെത്തിയ ഘട്ടം. ഹിജ്‌റ 195-ലായിരുന്നു അത്. തന്റെ കര്‍മശാസ്ത്ര നിദാനങ്ങള്‍(ഉസ്വൂലുല്‍ ഫിഖ്ഹ്) പ്രചരിപ്പിക്കുകയും വിവിധ കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കി തന്റെ ഉസ്വൂലിനോട് യോജിക്കുന്നവയെ പ്രബലപ്പെടുത്തുകയുമായിരുന്നു ഈ ഘട്ടത്തില്‍ ഇമാം ശാഫിഈ(റ). ശാഫിഈ കര്‍മശാസ്ത്ര ധാരയുടെ ഖദീം(പഴയ നിയമം) രൂപപ്പെട്ടുവന്നത് ഇക്കാലത്താണ്. മൂന്ന്: ബഗ്ദാദില്‍ നിന്നും ഈജിപ്തില്‍(മിസ്വ്‌റ്) എത്തിയ ഘട്ടം. ഹിജ്‌റ 199-ലോ 200-ലോ ആയിരുന്നു അത്. അതു വരെ കാണാത്ത പല കാര്യങ്ങളും അനുഭവങ്ങളും ഇമാം ശാഫിഈ(റ) കണ്ടറിഞ്ഞു. ഈ പുതിയ അനുഭവങ്ങള്‍ വെച്ച് തന്റെ മുന്‍കാല അഭിപ്രായങ്ങള്‍ വിലയിരുത്തുകയും പലതും തിരുത്തുകയും ചെയ്തു. അതാണ് ശാഫിഈ ഫിഖ്ഹിലെ ജദീദ്(പുതിയ നിയമം) എന്ന പേരില്‍ അറിയപ്പെടുന്നത്.

മിസ്വ്‌റിലെത്തിയ ഇമാം, തന്റെ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണ് ശാഫിഈ കര്‍മശാസ്ത്രധാരയുടെ നവീകരണവുമായി കടന്നുവരുന്നത്. ജദീദ് കണ്ടെത്തി എന്നതിനു പുറമെ, ഉമ്മ്, ഇംലാഅ്, രിസാല ജദീദ, കിതാബുല്‍ ഖസാമ, കിതാബുല്‍ ജിസ്‌യ തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുന്നതും ഈ കാലയളവിലാണ്. പില്‍ക്കാലത്ത് വന്ന ആയിരക്കണക്കിനു കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ മാതാവായി പിന്നീട് ഇമാമിന്റെ ഉമ്മ് ഗണിക്കപ്പെട്ടു.

നാല് വര്‍ഷത്തെ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍, മതവിധികളെല്ലാം പ്രമാണബന്ധിതമായി നിര്‍ദ്ധാരണം ചെയ്തു ഒരു കര്‍മശാസ്ത്രചിന്താധാര രൂപപ്പെടുത്തിയെടുക്കാന്‍ ഇമാം ശാഫിഈ(റ)ക്ക് കഴിഞ്ഞു എന്നത് അദ്ദേഹത്തിനു അല്ലാഹു കനിഞ്ഞു നല്‍കിയ കറാമത്തായാണ് വിലയിരുത്തപ്പെടുന്നത്. ഇബ്‌നു ഹജര്‍ ഹൈതമി(റ) തന്റെ ഫിഹ്‌റസ്തില്‍ പറയുന്നു: ഇതു വളരെ ചിന്തനീയമായ കാര്യമാണ്. കാരണം, ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ സാധാരണ സംഭവിക്കാന്‍ സാധ്യതയില്ലാത്തതാണ് ഇമാം ശാഫിഈ(റ)യുടെ മദ്ഹബിന്റെയും അനുബന്ധ കാര്യങ്ങളുടെയും പ്രവിശാലത.

പൈല്‍സ് രോഗം മൂലമാണ് ഇമാം ശാഫിഈ(റ) ജീവിതത്തില്‍ നിന്നും വിടവാങ്ങുന്നത്. ഗുരുതരമായ രോഗത്തിനടിമപ്പെട്ട് ശയ്യാവലംബിയായി കിടക്കുമ്പോള്‍, ശിഷ്യന്‍ മുസ്‌നി(റ) വന്ന് ഇമാമിനോട് ചോദിച്ചു, എങ്ങനെയുണ്ട് ഇപ്പോള്‍? ഇമാം മറുപടി പറഞ്ഞു: ഞാന്‍ അന്ത്യ യാത്രക്കൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു. എന്റെ ഐഹിക ജീവിതത്തിനു പര്യവസാനം കുറിക്കാന്‍ പോകുകയാണ്. മുസ്‌ലിം സഹോദരങ്ങളുമായി ഞാനിതാ എന്നെന്നേക്കുമായി യാത്ര പറഞ്ഞു പിരിയാന്‍ പോകുന്നു. മരണമെന്ന പാനപാത്രം എന്റെ വായയോടടുത്തു കഴിഞ്ഞു. അല്‍പ സമയത്തിനുള്ളില്‍ അതെന്നെ കുടിപ്പിക്കും. എന്റെ പാപങ്ങളുമായി സ്രഷ്ടാവിന്റെ സന്നിധിയിലെത്തുന്നത് ഞാന്‍ ഭയക്കുന്നു. എന്റെ ആത്മാവ് സ്വര്‍ഗത്തിലേക്കാണോ നരകത്തിലേക്കാണോ ചെന്നെത്തുക എന്നെനിക്കറിയില്ല. പിന്നീട് അദ്ദേഹം കരഞ്ഞുകൊണ്ട് പാപമോചന പ്രാര്‍ഥനകളുള്‍കൊള്ളുന്ന ഈരടികളുരുവിട്ട് എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു. ഹിജ്‌റ 204ലായിരുന്നു ആ വിയോഗം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.