2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സംസ്ഥാനം ഗുരുതരസാഹചര്യത്തിലേക്ക്; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയതായി ഐ.എം.എ നേതൃത്വം അറിയിച്ചു.

കൊവിഡ് വ്യാപനത്തില്‍ ഏഴ് ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പഠന റിപ്പോര്‍ട്ട്. ഈ ജില്ലകളില്‍ 200 മുതല്‍ 300 ശതമാനം വരെയാണ് ഒരു മാസത്തെ വര്‍ധന.

പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രാഹം വര്‍ഗീസ് പറഞ്ഞു. രോഗവ്യാപനം തടയുന്നതിനു ശക്തമായ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി നടപ്പിലാക്കണം. ആരോഗ്യപ്രവര്‍ത്തകരിലും രോഗവ്യാപനം വര്‍ധിക്കുകയാണെന്നും ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നല്‍കുന്നു.

ഇപ്പോള്‍ തന്നെ ആശുപത്രികള്‍ ഏറെക്കുറേ നിറഞ്ഞു കവിഞ്ഞ അവസ്ഥയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂടി കാര്യം പരിഗണിച്ചാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐ.എം.എ ആവശ്യപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.