ന്യൂഡല്‍ഹി: ഏറെ വിവാദവും വിമര്‍ശനവും നടപടിയും ഉണ്ടായിട്ടും ഉത്തര്‍പ്രദേശില്‍ നിന്നുള്ള അധ്യാപികയെ അതൊന്നും ബാധിക്കുന്നില്ല. മുസ്‌ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ചതില്‍ തനിക്ക് യാതൊരു ലജ്ജയുമില്ലെന്നാണ് അധ്യാപികയുടെ പ്രതികരണം.
‘എനിക്ക് യാതൊരു ലജ്ജയുമില്ല. ഒരു അധ്യാപികയെന്ന നിലയില്‍ ഈ ഗ്രാമത്തിലെ ആളുകള്‍ക്കായി ഞാന്‍ സേവനം ചെയ്തിട്ടുണ്ട്. അവരെല്ലാം എന്നോടൊപ്പമാണ്’ അധ്യാപിക പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കൂളിലെ കുട്ടികളെ നിയന്ത്രിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുന്നു.
അവര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ നമുക്ക് സ്‌കൂളുകളില്‍ കുട്ടികളെ നിയന്ത്രിക്കേണ്ടതുണ്ട്. ഞങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ് അവര്‍ പറയുന്നു.
വൈറല്‍ വീഡിയോയെക്കുറിച്ചുള്ള തര്‍ക്കം ഒരു ‘ചെറിയ പ്രശ്‌നം’ എന്ന് പറഞ്ഞ് ത്യാഗി നേരത്തെ തള്ളിയിരുന്നു. ‘ഇത് എന്റെ ഉദ്ദേശ്യമായിരുന്നില്ല, എന്റെ തെറ്റ് ഞാന്‍ അംഗീകരിക്കുകയാണ്, പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്‌നമാക്കി മാറ്റി- എന്നാണ് അവര്‍ പ്രതികരിച്ചത്.
മുസഫര്‍ നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ത ത്യാഗി വ്യാഴാഴ്ചയാണ് മുസ്‌ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് അധ്യാപികക്കെതിരെ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലിസ് കേസെടുത്തു. ഐ.പി.സി സെക്ഷന്‍ 504 (ഒരാളെ അപമാനിക്കല്‍), 323 (മനപ്പൂര്‍വം വേദനിപ്പിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്.
നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ പരാതി നല്‍കാനില്ലെന്നും കോടതിയിലും പൊലിസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ തങ്ങള്‍ക്കാവില്ലെന്നും കുട്ടിയുടെ പിതാവായ ഇര്‍ഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുട്ടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്ന് ഇര്‍ഷാദ് പറഞ്ഞു. അധ്യാപിക തൃപ്ത ത്യാഗിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ടെന്ന് മുസഫര്‍നഗര്‍ ജില്ലാ കലക്ടര്‍ പറഞ്ഞു.
Comments are closed for this post.