2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

‘ഞാന്‍ പേടിക്കുന്നില്ല, ഇതെല്ലാം പൊരുതിതോല്‍പ്പിക്കും’; ഇ.ഡിയെ കാണാന്‍ പോകുന്നതിന് മുന്‍പ് ഡി.കെ ശിവകുമാര്‍

'ഇതിനെല്ലാം പിന്നിലുള്ള ഗൂഢാലോചന എനിക്ക് മനസിലാവും. ഞാന്‍ ഒരു കാര്യത്തിലും പേടിക്കുന്നില്ല. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിപ്പോയ ആളല്ല ഞാന്‍. എനിക്ക് പൊരുതാനുള്ള ഗട്‌സുണ്ട്'- കര്‍ണാടക രാഷ്ട്രീയത്തിലെ ട്രബിള്‍ഷൂട്ടര്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു

 

ബംഗളൂരു: സാമ്പത്തിക തട്ടിപ്പ് കേസില്‍ സമന്‍സ് ലഭിച്ച കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ ഇ.ഡിയെ കാണാന്‍ ഡല്‍ഹിയിലേക്ക്. അതിനിടെ, തന്നെ അറസ്റ്റ് ചെയ്യുന്നതില്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. ഇതേ ആവശ്യം ഉന്നയിച്ച് അദ്ദേഹം സുപ്രിംകോടതിയെ സമീപിക്കുമെന്നാണ് സൂചന.

വ്യാഴാഴ്ച രാത്രിയാണ് ഡി.കെ ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) സമന്‍സ് നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ തനിക്ക് പേടിയില്ലെന്നും ഇതെല്ലാം പൊരുതി തോല്‍പ്പിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. ഇന്നലെ രാത്രി 9.40നാണ് ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹാജരാവണമെന്നാവശ്യപ്പെട്ട് സമന്‍സ് ലഭിച്ചതെന്ന് ശിവകുമാര്‍ പറഞ്ഞു. പൊടുന്നനെയുള്ള ഇ.ഡിയുടെ ഷെഡ്യൂളിങ് വഞ്ചനാപരമാണ്. താന്‍ നിയമത്തില്‍ വിശ്വസിക്കുന്നുവെന്നും അതനുസരിച്ച് നീങ്ങുമെന്നും ശിവകുമാര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ഹവാല ഇടപാട് കേസില്‍ ശിവകുമാറിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേസ്.

അതേസമയം, ബി.ജെ.പിക്കും അന്വേഷണ ഏജന്‍സിക്കുമെതിരെ കടുത്ത വിമര്‍ശനമാണ് ശിവകുമാര്‍ ഉന്നയിച്ചത്. തനിക്ക് ബി.ജെ.പി അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ജെ.ഡി.എസ് എം.എല്‍.എ ശ്രീനിവാസ ഗൗഡ കര്‍ണാടക അസംബ്ലിയില്‍ പറഞ്ഞു. എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസില്‍ ഒരു അന്വേഷണവുമില്ല. എന്തുകൊണ്ട് ഇ.ഡി നോട്ടീസ് നല്‍കുന്നില്ല, ആദായനികുതി വകുപ്പിന്റെ റെയ്ഡുണ്ടാവുന്നില്ല? ബി.ജെ.പിക്ക് വേറൊരു നിയമം മറ്റുള്ളവര്‍ക്ക് വേറൊരു നിയമം. അതല്ലേ?- ശിവകുമാര്‍ മാധ്യമങ്ങളോടു ചോദിച്ചു.

തന്നോട് 16 തവണ ഹാജരാവാന്‍ ആവശ്യപ്പെട്ടെന്നും അപ്പോഴെല്ലാം സഹകരിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു. ആദായനികുതി വകുപ്പില്‍ എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഞാനുമായി ബന്ധപ്പെട്ടത് എന്താണെന്ന കാര്യത്തില്‍ അവര്‍ക്ക് സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.

‘ഇതിനെല്ലാം പിന്നിലുള്ള ഗൂഢാലോചന എനിക്ക് മനസിലാവും. ഞാന്‍ ഒരു കാര്യത്തിലും പേടിക്കുന്നില്ല. പ്രശ്‌നങ്ങളില്‍ നിന്ന് ഓടിപ്പോയ ആളല്ല ഞാന്‍. എനിക്ക് പൊരുതാനുള്ള ഗട്‌സുണ്ട്’- കര്‍ണാടക രാഷ്ട്രീയത്തിലെ ട്രബിള്‍ഷൂട്ടര്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.