
ന്യൂഡല്‍ഹി: എം.ടെക് കോഴ്സുകളിലേക്കുള്ള ഫീസ് 900 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ ഐ.ഐ.ടി (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കൗണ്‍സില്‍ തീരുമാനം. ഐ.ഐ.ടികളിലെ എം.ടെക് പ്രോഗ്രാമിലെ പരിഷ്കാരങ്ങള്‍ സംബന്ധിച്ച മൂന്നംഗ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവില്‍ പ്രതിവര്‍ഷം 20,000 മുതല്‍ 50,000 രൂപ വരെയാണ് ഐ.ഐ.ടികളില്‍ എം.ടെക് കോഴ്സിന് ഈടാക്കുന്ന ഫീസ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി എല്ലാ ഐ.ഐ.ടികളിലും ബി.ടെക് പ്രോഗ്രാമുകളിലേതിന് സമാനമായ ഫീസ് എം.ടെക് കോഴ്സുകള്‍ക്കും ഈടാക്കാനാണ് തീരുമാനം. പ്രതിവര്‍ഷം രണ്ടുലക്ഷംരൂപവരെയാണ് ബി.ടെക് പ്രോഗ്രാമുകളുടെ ഫീസ്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.ടി) വഴിയോ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നതിലൂടെയോ സര്‍ക്കാര്‍ നേരിട്ട് സഹായം നല്‍കാനും തീരുമാനമായി. ഫീസ് വര്‍ധിപ്പിക്കുന്നതും സ്റ്റൈപ്പന്റ് നിര്‍ത്തലാക്കുന്നതും പഠനം നിര്‍ത്തിപ്പോകുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ഉപകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എം.ബി.എ പ്രോഗ്രാമുകളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് വളരെ കുറവാണെന്നതാണ് ഇതിന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണം.