2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽആശുപത്രി അടച്ചുപൂട്ടുക’

അഡ്വ. ടി. ആസഫ് അലി

മരണത്തെ മുന്നിൽകണ്ട് ജീവൻ രക്ഷാർഥം ആശുപത്രിയിലെത്തുന്ന മനുഷ്യരെ ശുശ്രൂഷിക്കാനും പരിചരിക്കാനും ആശുപത്രികളിൽ സേവനസന്നദ്ധരായി കാത്തിരിക്കുന്ന ഡോക്ടർമാരുടെ ജീവൻ നമ്മുടെ സംസ്ഥാനത്ത് അപകടത്തിലായിരിക്കുന്നു! ‘ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടുക’-കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ യുവ വനിതാ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ അസാധാരണമായി പ്രത്യേക സിറ്റിങ് നടത്തിയ കേരള ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ, കൗസർ എടപ്പകത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഞെട്ടിക്കുന്ന മേൽ പരാമർശം.


ആക്രമണം തടയാൻ ശ്രമിച്ച പൊലിസുകാർക്കും ഗുരുതരമായി പരുക്കേറ്റുവെന്നതാണ് വിചിത്രം. അടിപിടിക്കേസിൽ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് പൊലിസ് അകമ്പടിയോടുകൂടി കൊണ്ടുവന്ന സന്ദീപ് എന്ന പേരുകാരനായ അധ്യാപകനാണ് ഹീനകൃത്യം ചെയ്ത പ്രതി. പ്രതിയുടെ മുറിവ് തുന്നിക്കെട്ടുന്നതിന് ഡോക്ടറുടെ ഡ്രസ്സിങ് റൂമിലേക്ക് കൊണ്ടുപോയ സമയത്ത് അദ്ദേഹം അക്രമാസക്തനാവുകയായിരുന്നു. ഡ്രസ്സിങ്ങിനിടെ ഇറങ്ങിയോടിയ പ്രതി മുറിക്ക് കാവൽനിന്ന പൊലിസുകാരെയാണ് ആദ്യം അക്രമിച്ചതെന്നറിയുമ്പോൾ നമ്മുടെ പൊലിസ് എത്ര ദുർബലന്മാരായിരുന്നുവെന്ന സ്ഥിതി തികച്ചും അപായ സൂചനയാണ് നൽകുന്നത്. മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരായ പൊലിസിന് ആശുപത്രിയിലെ ഡോക്ടർമാർക്കുപോലും സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, ആശുപത്രിയിലെത്തിയ കേസിലെ പ്രതിക്ക് കത്രിക ഉപയോഗിച്ച് ഡോക്ടറെ കുത്തിപ്പരുക്കേൽപ്പിച്ച് കൊല്ലാനും പൊലിസിനെ അക്രമിക്കാനും സാധിച്ചുവെന്ന സ്ഥിതി സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിന്റെയും നിയമവാഴ്ചയുടെയും തകർച്ചയുടെ ഏറ്റവും ഞെട്ടിക്കുന്ന തെളിവാണ്.

   


കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ തലക്കും നെഞ്ചിലും കഴുത്തിനും പ്രതി നിരന്തരം കുത്തിപ്പരുക്കേൽപ്പിച്ച് കൊലപ്പെടുത്തിയ സംഭവം പൊലിസുകാരുടെ സാന്നിധ്യത്തിലായിരുന്നു എന്നതാണ് സംഭവത്തിന്റെ ഭീകരത. നിർവികാരരായ പൊലിസുകാരുടെ സാന്നിധ്യത്തിലുണ്ടായ ഈ മനുഷ്യക്കുരുതി ഒരുപക്ഷേ കേരളപ്പിറവിക്കുശേഷം അത്യപൂർവമായിരിക്കാം.
പൊലിസ് ആക്ടിലെ 50ാം വകുപ്പ് ഭരണഘടനാവിരുദ്ധം


2011 ലെ കേരള പൊലിസ് ആക്ടിലെ 50-ാം വകുപ്പനുസരിച്ചാണ് പരുക്കുപറ്റിയ പ്രതിയെ മെഡിക്കൽ ഒാഫിസറുടെ മുമ്പാകെ ഹാജരാക്കണമെന്ന വ്യവസ്ഥ ഉണ്ടായത്. പൊലിസ് പരിഷ്‌കരണം ലക്ഷ്യംവച്ച് സുപ്രസിദ്ധ പ്രകാശ്‌ സിങ് കേസിലെ സുപ്രിംകോടതി വിധിയിലെ മാർഗനിർദേശങ്ങൾ അനുസരിച്ച് രാജ്യത്തെ പല സംസ്ഥാനങ്ങളും നിയമനിർമാണം നടത്തിയതിനെത്തുടർന്നാണ് വിധി നടപ്പാക്കിയെന്ന് വരുത്തിത്തീർക്കാൻ സുപ്രിംകോടതിയുടെ മാർഗനിർദേശങ്ങളിൽ വെള്ളം കലർത്തി, തങ്ങളുടെ അവസാന നാളുകളിൽ ഇടതുസർക്കാർ 2011ലെ കേരള പൊലിസ് ആക്ട് പാസാക്കി നടപ്പാക്കിയത്. ഇൗ നിയമത്തിലെ പല വകുപ്പുകളും ഭരണഘടനാവിരുദ്ധവും ക്രിമിനൽ നടപടി സംഹിതയിലെ പല വ്യവസ്ഥകളുടെയും ലംഘനവുമാണ്.


ഇൗ നിയമത്തിനെതിരേ ആരംഭത്തിൽ തന്നെ ആക്ഷേപമുണ്ടായിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്താൽ മെഡിക്കൽ ഒാഫിസറുടെ മുമ്പാകെ ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 50-ാം വകുപ്പ്. ഭരണഘടനയുടെ അനുഛേദം 22(2) അനുസരിച്ച് അറസ്റ്റ് ചെയ്യപ്പെടുന്ന ഏതൊരാളേയും അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്ന് മജിസ്‌ട്രേറ്റിന്റെ മുമ്പാകെ എത്തേണ്ട യാത്രക്കുള്ള സമയം ഒഴിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കണമെന്നാണ് നിർബന്ധ വ്യവസ്ഥ. ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശമായി എഴുതിച്ചേർത്ത മേൽ വ്യവസ്ഥകൾ പാടെ വ്യതിചലിച്ചുകൊണ്ടാണ് 2011ലെ കേരള പൊലിസ് ആക്ട് 50-ാം വകുപ്പിൽ പൊലിസ് കസ്റ്റഡിയിലെടുത്ത ഒരാൾക്ക് വല്ല പരുക്കുകൾ കാണപ്പെട്ടിട്ടുണ്ടെങ്കിലോ കസ്റ്റഡിയിൽവച്ച് പ്രതിക്ക് വല്ല മർദനമേറ്റതിൽ പരുക്കു പറ്റിയിട്ടുണ്ടെങ്കിലോ ആ പ്രതിയെ തൊട്ടടുത്ത മെഡിക്കൽ ഒാഫിസറുടെ മുമ്പാകെ ഹാജരാക്കണമെന്ന വ്യവസ്ഥ എഴുതിച്ചേർത്തത്.


‘മെഡിക്കൽ ഒാഫിസർ’ എന്നത് നിർവചിച്ചിട്ടില്ലാത്തതുകൊണ്ട് തന്നെ പൊലിസിന് സ്വകാര്യ, സർക്കാർ, ആയുർവേദ, യൂനാനി എന്നിങ്ങനെ ഏതെങ്കിലും മെഡിക്കൽ ഒാഫിസർ മുമ്പാകെ ഹാജരാക്കാൻ അധികാരം നൽകുന്നു. പൊലിസ് കസ്റ്റഡിയിൽ വച്ചുണ്ടാവുന്ന പരുക്കുകളുടെ യഥാർഥ കാരണം മജിസ്‌ട്രേറ്റിന്റെ മുമ്പാകെ വെളിപ്പെടുത്തുന്നത് മർദനത്തിന് ഉത്തരവാദികളായ പൊലിസുകാർക്ക് പരിരക്ഷ നൽകുന്ന വകുപ്പാണിതെന്ന് ആരംഭം മുതലേ പരക്കെ പരാതി ഉണ്ടായിരുന്നു.
ഭരണഘടന അനുഛേദം 13(2) അനുസരിച്ച് മൗലികാവകാശങ്ങൾ ഉൾപ്പെട്ട മൂന്നാം ഭാഗത്തിലെ അവകാശങ്ങൾ എടുത്തുകളയുകയോ കുറയ്ക്കുകയോ ചെയ്യുന്ന ഒരു നിയമവും രാഷ്ട്രം നിർമിക്കാൻ പാടില്ലെന്നിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന പ്രതിയെ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കണമെന്ന ഭരണഘടനാവകാശം ഉറപ്പ് നൽകുന്ന അനുഛേദം 22(2)ന് എതിരായ വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച് ഇടതു സർക്കാർ പാസാക്കി നടപ്പാക്കിയ കേരള പൊലിസ് നിയമത്തിലെ ആക്ഷേപകരമായ വകുപ്പിന്റെ അനന്തരഫലമാണ് കൊട്ടാരക്കര സംഭവം വരച്ചുകാട്ടുന്നത്.
സംസ്ഥാനത്ത് കൊവിഡുകാലം തൊട്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് എതിരേയുണ്ടാവുന്ന നിരന്തര ആക്രമണങ്ങളുടെ ഒടുവിലത്തെ രക്തസാക്ഷിയാണ് ഡോ. വന്ദന ദാസ്. യുദ്ധകാലത്ത് ആക്രമണങ്ങളിൽനിന്ന് ശത്രുരാജ്യങ്ങൾപോലും ഒഴിച്ചുനിർത്തുന്ന ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ഏതൊരു ഭരണകൂടത്തിന്റെയും പരമപ്രധാനമായ കർത്തവ്യമാണ്. പൊലിസിനെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതോടുകൂടി നഷ്ടപ്പെടുന്ന വീര്യവും ശക്തിയും നിഷ്പക്ഷതയും നിയമവാഴ്ചയുടെ തകർച്ചയായി മാറുന്നത് ക്രിമിനലുകൾക്ക് സ്വൈരവിഹാരകേന്ദ്രമായി സംസ്ഥാനം മാറുന്നുവോ എന്നതാണ് മലയാളിയെ അലട്ടുന്ന പ്രധാന പ്രശ്‌നം.

(മുൻ കേരള ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)

‘If you can’t protect doctors, close the hospital’

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.