ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം പിന്‍വലിച്ചേക്കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ സര്‍ക്കാര്‍. പ്രായാധിക്യമേറിയ പശുക്കളെ സംരക്ഷിക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവയെ കൊല്ലുന്നതില്‍ എന്താണ് തെറ്റെന്നും കര്‍ണാടക മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. വെങ്കടേഷ് ചോദിച്ചു. കാളകളേയും പോത്തുകളേയും കൊല്ലാമെങ്കില്‍ പശുക്കളെ എന്തുകൊണ്ട് കൊന്നൂടായെന്നും അദ്ദേഹം ചോദിച്ചു.
പ്രായമായ പശുക്കളെ സംരക്ഷിക്കുന്നതും ചത്തു പോയവയെ ഉപേക്ഷിക്കുന്നതും കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ്. കാളയേയും പോത്തിനേയും കൊല്ലാമെങ്കില്‍ പശുവിനെ എന്തു കൊണ്ട് കൊന്നു കൂടാ. ഗോവധ നിരോധന നിയമം പരിഷ്‌കരിക്കുന്നതുകൊണ്ട് ഏറ്റവും ഉപകാരമുണ്ടാകുക കര്‍ഷകര്‍ക്കായിരിക്കും. സംസ്ഥാനത്തെ കര്‍ഷകരുടെ വലിയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ബില്ലില്‍ ഭേദഗതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്, കര്‍ണാടക ഗോഹത്യ തടയല്‍, കന്നുകാലികളെ സംരക്ഷിക്കല്‍ (ഭേദഗതി) ബില്‍, തുടങ്ങിയവ പിന്‍വലിക്കാന്‍ ആലോചിക്കുന്ന സമയത്താണ് മന്ത്രി തന്നെ ഇത്തരമൊരു ചോദ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തന്റെ ഫാംഹൗസില്‍ പശുചത്തപ്പോള്‍ വലിയ പ്രശ്‌നം താനും അഭിമുഖീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
2021ല്‍ ബി.ജെ.പി. സര്‍ക്കാരാണ് കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം കൊണ്ടുവന്നത്. പശുക്കളെ കശാപ്പ് ചെയ്യുന്നത് പൂര്‍ണമായി നിരോധിക്കണമെന്നും പശുക്കളെ അനധികൃതമായി കടത്തല്‍, നിയവിരുദ്ധമായ രീതിയില്‍ പശുക്കളുമായുള്ള ഗതാഗതം, പശുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, കശാപ്പ് എന്നിവയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഈ നിയമപ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്താല്‍ 37 വര്‍ഷം വരെ തടവും 50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ പിഴയും ലഭിക്കും. തുടര്‍ന്നുള്ള കുറ്റങ്ങള്‍ക്ക് ഏഴു വര്‍ഷം തടവും ഒരു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ പിഴയും ലഭിക്കും.
Comments are closed for this post.