2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഒത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഭര്‍തൃവീട്ടില്‍ പന്തുതട്ടാന്‍ പെണ്‍മക്കളെ ഇട്ടുകൊടുക്കണോയെന്ന് ഡോ. ഷിംന അസീസ്

  • മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍
    തന്നെയാണെന്ന് എന്ന് നമുക്ക് മനസിലാകും?

കോഴിക്കോട്: പെണ്‍മക്കള്‍ക്ക് ഭര്‍തൃവീട്ടില്‍ ഒത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനവിടെ അവരെ മരിക്കാനായി വിട്ടുകൊടുക്കുന്നതെന്നും ഇറങ്ങി പോരാന്‍ പെണ്‍മക്കളോട് പറഞ്ഞുകൂടേയെന്നും ഡോ. ഷിംന അസീസ്. ഫേസ് ബുക്ക് കുറിപ്പിലാണ് അവരീ ചോദ്യം ചോദിക്കുന്നത്.
മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര് തിരിച്ച് വരുമോ? മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്. അവര്‍ കുറിച്ചു.

ഭര്‍തൃവീട്ടില്‍ പന്തുതട്ടാന്‍ പെണ്‍മക്കളെ ഇട്ടുകൊടുക്കണോ എന്നും അവര്‍ ചോദിച്ചു. പെണ്‍മക്കള്‍ ആത്മഹത്യ ചെയ്താല്‍ അമ്മമാര്‍ സ്ഥിരമായി പറയുന്നതാണ് എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല, അവന്‍ കൊന്നതാണേ തുടങ്ങിയ വിലാപങ്ങള്‍.
നടിയും മോഡലുമായ ഷഹനയുടെ മരണത്തെ സൂചിപ്പിച്ചുകൊണ്ടാണ് ഡോ. ഷിംന അസീസിന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നും കണ്ടു ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന്’എന്റെ മോള്‍ ആത്മഹത്യ ചെയ്യില്ല… അവന്‍ കൊന്നതാണേ….’വിലാപം. പതിവ് പോലെ മരിച്ച കുട്ടിയെ ഭര്‍ത്താവ് ഉപദ്രവിക്കാറുണ്ട്, മകള്‍ പരാതി പറഞ്ഞിട്ടുണ്ട് തുടങ്ങിയ അമ്മയുടെ ആരോപണങ്ങളും…
അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്യാണ്, പെണ്‍മക്കള്‍ക്ക് ഒത്ത് പോവാന്‍ കഴിയാത്ത ബന്ധമാണെന്ന് പറഞ്ഞാല്‍ പിന്നെ ‘ഇന്ന് ശര്യാവും, മറ്റന്നാള്‍ നേരെയാവും’ എന്ന് പറഞ്ഞ് ആ കുട്ടിയെ അവന് അവന്റെ വീട്ടില്‍ പന്തുതട്ടാന്‍ ഇട്ടു കൊടുക്കുന്നതെന്തിനാണ്..! ഇറങ്ങിപ്പോരാന്‍ പറഞ്ഞേക്കണം.

ഇനി അഥവാ മകളായിട്ട് ആ ജീവിതത്തില്‍ നിന്നും ഇറങ്ങി വന്നാല്‍ അവളെ തള്ളിപ്പറയുകയല്ല, മുറുക്കെത്തന്നെ ചേര്‍ത്ത് പിടിക്കണം. അപ്പോഴല്ലാതെ പിന്നെയെപ്പോഴാണ് നിങ്ങളവളുടെ കൂടെ നില്‍ക്കേണ്ടത്..! അഭിമാനവും ആകാശവും ഒന്നിച്ച് ഇടിഞ്ഞ് വീഴാനൊന്നും പോണില്ല. കൂടിപ്പോയാല്‍ അവനും അവന്റെയോ ഇനി നിങ്ങളുടേത് തന്നെയോ നാലും മൂന്നും ഏഴ് ബന്ധുക്കളും നാട്ടുകാരും മകളെക്കുറിച്ച് വല്ലതും പറഞ്ഞുണ്ടാക്കും. അത് നുണയാണെന്ന് നാല് ദിവസം കഴിയുമ്പോള്‍ എല്ലാര്‍ക്കും തിരിഞ്ഞോളും. അത്ര തന്നെ.

മരണപ്പെട്ട മകളേക്കാള്‍ നല്ലത് വിവാഹമോചിതയായ മകള്‍ തന്നെയാണ് എന്ന് എന്നാണിനി ഈ സമൂഹത്തിന്റെ തലയില്‍ കയറുന്നത്. എല്ലാം കൈയ്യീന്ന് പോയിട്ട് കുത്തിയിരുന്ന് നെലോളിച്ചാല്‍ പോയവര് തിരിച്ച് വരില്ല. മകളാണ്, അവസാനം ഒരു തുള്ളി വെള്ളം തരാനുള്ളവളാണ്, കയറിലും വിഷത്തിലും പുഴയിലും പാളത്തിലുമൊടുങ്ങുന്നത്… അല്ല, നിങ്ങളും നിങ്ങള്‍ ഭയക്കുന്ന ഈ ഒലക്കമ്മലെ സമൂഹവും ചേര്‍ത്തൊടുക്കുന്നത്. കഥാപാത്രങ്ങളേ മാറുന്നുള്ളൂ… കഥയെന്നുമത് തന്നെ !


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News