തിരുവനന്തപുരം: നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കല്യാശ്ശേരിയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍ തല്ലിച്ചതച്ചു. വനിതാ പ്രവര്‍ത്തകരെ പോലും ഒരു സംഘം ഗുണ്ടകള്‍ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിന്റെ പേരില്‍ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാന്‍ സി.പി.എം ഗുണ്ടകള്‍ക്ക് ആരാണ് അനുമതി നല്‍കിയത്. സി.പി.എം ബോധപൂര്‍വം അക്രമം അഴിച്ചുവിടുമ്പോള്‍ ചലിക്കാതെ നിന്ന പോലീസ് ക്രിമിനല്‍ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കില്‍ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണും, ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും സതീശന്‍ പറഞ്ഞു.
തളിപ്പറമ്പില്‍ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്. സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കണ്ണൂര്‍ പഴയങ്ങാടിയില്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസും ഇവര്‍ക്കൊപ്പം പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തി.
Comments are closed for this post.