ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്വന്തം തീന്‍മൂര്‍ത്തി ഭവനില്‍ നിന്ന് മോദി സര്‍ക്കാര്‍ നെഹ്‌റുവിനെ പടിയിറക്കി വിട്ടിരിക്കുന്നു! തീന്‍മൂര്‍ത്തി ഭവനിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേരില്‍ നിന്ന് നെഹ്‌റുവിന്റെ പേര് ഒഴിവാക്കി. പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാണ് പുതിയ പേര്. 1964 മെയ് 27ന് മരിക്കുന്നതുവരെ 16 വര്‍ഷത്തോളം തീന്‍മൂര്‍ത്തി ഭവനായിരുന്നു നെഹ്‌റുവിന്റെ വീട്. ഗൃഹാതുരമായ ആ ചരിത്ര സ്മൃതികളിൽ നിന്നു കൂടിയാണ് നെഹ്‌റു തിരസ്കൃതനാവുന്നത്. തീന്‍മൂര്‍ത്തി മാര്‍ഗിലെ വീടിന് സ്വന്തം പേരിട്ട് അതില്‍ താമസമാക്കുകയായിരുന്നില്ല നെഹ്‌റു. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നെഹ്‌റുവിന്റെ മരണശേഷം, 1964 നവംബര്‍ 14ന് രാജ്യം തീന്‍മൂര്‍ത്തി ഭവന് അദ്ദേഹത്തിന്റെ പേര് നല്‍കുകയും അതൊരു മ്യൂസിയമാക്കി മാറ്റുകയും ചെയ്യുകയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ശില്‍പിക്ക് രാജ്യം നല്‍കിയ മഹത്തായ ആദരവായിരുന്നു അത്.
ആരാണ് രാജ്യത്തിന് നെഹ്‌റുവെന്ന് വിശദീകരിക്കേണ്ടതില്ല. വിക്രംസാരാഭായ് സ്‌പേസ് സെന്റര്‍ അടക്കമുള്ള രാജ്യം അഭിമാനത്തോടെ കാണുന്ന അനവധി സംരംഭങ്ങള്‍ നെഹ്‌റുവിന്റെ സംഭാവനയാണ്. സുപ്രധാനമായ 33 പൊതുമേഖലാ സ്ഥാപനങ്ങളാണ് നെഹ്‌റുവിന്റെ കാലത്ത് രൂപം കൊണ്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് മൈന്‍സ്, അഗ്രികള്‍ച്ചര്‍ യൂനിവേഴ്‌സിറ്റികള്‍, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, സി.വി രാമന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഹോമി ജെ. ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, സതീഷ് ധവാന്‍ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തുടങ്ങി എണ്ണിയാലൊതുങ്ങാത്ത സംഭാവനകള്‍ നെഹ്‌റുവിന്റെതായുണ്ട്.
നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ രാജ്യത്ത് ഭൂരിഭാഗവും പട്ടിണിയിലായിരുന്നു. ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ലോക സാമ്പത്തിക വ്യവസ്ഥയുടെ മൂന്ന് ശതമാനം മാത്രമുണ്ടായിരുന്ന ഇന്ത്യയുടെ ഇന്നത്തെ നിലയിലേക്കുള്ള വളര്‍ച്ചയില്‍ ഈ സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. എന്നിട്ടും നെഹ്‌റു ഈ സ്ഥാപനങ്ങള്‍ക്കൊന്നും സ്വന്തം പേര് നല്‍കിയില്ല. സ്വന്തം പേര് തുന്നിച്ചേര്‍ത്ത കോട്ട് ധരിക്കുന്ന അല്‍പ്പത്തരവും അദ്ദേഹം കാട്ടിയില്ല. ഗുജറാത്ത് അഹമ്മദാബാദ് മൊട്ടേരയിലെ പട്ടേല്‍ സ്‌റ്റേഡിയത്തിന്റെ പേര് ഇപ്പോള്‍ നരേന്ദ്രമോദി സ്‌റ്റേഡിയമാണ്. ജീവിച്ചിരിക്കുന്നൊരാള്‍ സ്‌റ്റേഡിയത്തിന് സ്വന്തം പേരിടുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടാതിരിക്കുന്നതെങ്ങനെ.
നെഹ്‌റു കുടുംബത്തിലെ മുന്‍ പ്രധാനമന്ത്രിമാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന പല കേന്ദ്ര പദ്ധതികളുടെയും സംവിധാനങ്ങളുടെയും പേരുകള്‍ മോദി സര്‍ക്കാര്‍ മാറ്റി. രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ ഖേല്‍രത്‌നയില്‍നിന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി. മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരമെന്നാണ് ഇപ്പോള്‍ ഖേല്‍രത്‌ന അറിയപ്പെടുന്നത്. ഹിന്ദി ഭാഷാ പ്രോത്സാഹനത്തിനു നല്‍കുന്ന ഇന്ദിരാ ഗാന്ധി രാജ്ഭാഷാ പുരസ്‌കാര്‍’, ‘രാജീവ് ഗാന്ധി രാഷ്ട്രീയ ഗ്യാന്‍വിഗ്യാന്‍ മൗലിക് പുസ്തക് ലേഖന്‍ പുരസ്‌കാര്‍’ എന്നീ അവാര്‍ഡുകളില്‍നിന്ന് ഇന്ദിരയുടെയും രാജീവിന്റെയും പേര് നീക്കി. രാജ്ഭാഷാ കീര്‍ത്തി പുരസ്‌കാര്‍’, ‘രാജ്ഭാഷാ ഗൗരവ് പുരസ്‌കാര്‍’ എന്നീ പേരുകളിലാണ് ഈ അവാര്‍ഡുകള്‍ ഇപ്പോഴുള്ളത്. ഇന്ദിരാ ആവാസ് യോജനയുടെ പേര് പ്രധാന്‍മന്ത്രി ആവാസ് യോജന ഗ്രാമീണ്‍ എന്ന പേരിലാക്കി. അസമില്‍ രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന നാഷനല്‍ പാര്‍ക്കിന്റെ പേര് ഒറാങ് നാഷനല്‍ പാര്‍ക്ക് എന്നാക്കി.
അതേസമയം, ഡല്‍ഹി ഫിറോസ് ഷാ കോട്‌ല ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പേര് ഇപ്പോള്‍ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയമാണ്. ആരായിരുന്നു രാജ്യത്തിന് നെഹ്‌റുവെന്ന ചോദ്യത്തിന് പറഞ്ഞാല്‍ തീരാത്തത്ര ഉത്തരങ്ങളുണ്ട്. 1938ല്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നേതാജി സുഭാഷ് ചന്ദ്രബോസും പണ്ഡിറ്റ് നെഹ്‌റുവും ചേര്‍ന്നാണ് സാമ്പത്തിക ആസൂത്രണം ഒരു നയമെന്ന നിലയില്‍ ഇന്ത്യയില്‍ ആദ്യമായി ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം നെഹ്‌റുവിന്റെ ആദ്യ പഞ്ചവത്സര പദ്ധതി കാര്‍ഷിക മേഖലയ്ക്കും പ്രാഥമിക മേഖലയ്ക്കും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു. പട്ടിണിയായിരുന്നു അന്ന് രാജ്യം നേരിട്ടിരുന്ന വലിയ പ്രശ്‌നം. മൂന്ന് പ്രധാന പൊതുമേഖലാ ജലവൈദ്യുത അണക്കെട്ടുകളായ ഭക്രാ നംഗല്‍, ഹിരാകുഡ്, നാഗാര്‍ജുന സാഗര്‍ എന്നിവയ്ക്ക് പദ്ധതി നല്‍കി.
ഭക്രാനംഗല്‍ അണക്കെട്ട് 10 ദശലക്ഷം ഏക്കര്‍ കൃഷിഭൂമിയില്‍ ജലസേചനം നടത്തുകയും 1500 മെഗാവാട്ട് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജലവൈദ്യുത ഉല്‍പാദനത്തിന്റെ 92.5 ശതമാനവും പൊതുമേഖലയിലെത്തിച്ചത് നെഹ്‌റുവിന്റെ ഈ വിശാല കാഴ്ചപ്പാടാണ്.
ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ശരിയായ വിന്യാസമാണ് പാശ്ചാത്യ സമ്പദ് വ്യവസ്ഥകളുടെ അഭിവൃദ്ധിയുടെ കാരണമെന്ന് നെഹ്‌റു വിലയിരുത്തി. സ്വകാര്യമേഖല കൈവയ്ക്കാന്‍ ധൈര്യം കാട്ടാത്ത അനവധി മേഖലകള്‍ അക്കാലത്തുണ്ടായിരുന്നു. ശാസ്ത്രം സ്വകാര്യമേഖലയില്‍ നിന്ന് ഉത്ഭവിക്കുകയോ നിലനില്‍ക്കുകയോ ചെയ്യില്ല. ഇതിന് വലിയ സര്‍ക്കാര്‍ ചെലവുകളും രക്ഷാകര്‍തൃത്വവും ആവശ്യമായിരുന്നു. നെഹ്‌റു അതിന് ഒരു മടിയും കാട്ടിയില്ല. അദ്ദേഹത്തിന്റെ ശാസ്ത്രീയ ദൗത്യത്തെ അട്ടിമറിക്കാന്‍ കപട ദേശീയത ഉപയോഗിച്ച നെഹ്‌റു വിരോധികള്‍ അന്നുമുണ്ടായിരുന്നു. 1956ല്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും 1958ല്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജും 1961ല്‍ ഗോവിന്ദ് ബല്ലഭ് പന്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും സ്ഥാപിതമായി. ഇന്നും പൊതുജനാരോഗ്യ സംരക്ഷണം നല്‍കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ മികച്ച പങ്ക് വഹിക്കുന്നു. 1952ല്‍ നെഹ്‌റു സ്ഥാപിച്ച പtണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് കൊവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തിന് തുണയായത്. നെഹ്‌റു ഉള്‍ക്കൊള്ളാത്ത സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ഒരു മണ്ഡലം പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയെ ആധുനിക യുഗത്തിലേക്ക് തള്ളിവിടാനും ഭീമാകാരമായ പൊതുമേഖലാ സംവിധാനം നിര്‍മിച്ച കാലമായിരുന്നു നെഹ്‌റു ഭരിച്ച 17 വര്‍ഷം. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്നായിരുന്നു നെഹ്‌റു ഇതിനെ വിളിച്ചത്.
നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് വെട്ടിമാറ്റി അവിടെ സ്വയം പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലും മനസിലും ഏറെ ഉയരെയാണ് നെഹ്‌റുവിന്റെ സ്ഥാനം. മോദി എത്ര ശ്രമിച്ചാലും നെഹ്‌റുവാകാന്‍ പറ്റില്ല. വംശഹത്യയുടെ അപമാനകരമായ ചരിത്രം പേറുന്നയാളാണ് മോദി. അദ്ദേഹത്തിന്റെ സമകാലികര്‍ക്കാര്‍ക്കും ഇങ്ങനെയൊരു ചരിത്രമില്ല. മോദിയുടെ പ്രധാന സാമ്പത്തിക പരിഷ്‌ക്കരണമായ നോട്ടുനിരോധനം രാജ്യത്തെ എവിടെക്കൊണ്ടുപോയി എത്തിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യത്ത് എട്ട് മുതന്‍ ഒൻപതു ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയെന്നതായിരുന്നു ഇതുവരെയുള്ള വായ്ത്താരി. അതിപ്പോള്‍ ആരും മിണ്ടുന്നില്ല. ആറു ശതമാനമാണ് ഇപ്പോള്‍ വളര്‍ച്ച. പണപ്പെരുപ്പം അഞ്ചു ശതമാനവും തൊഴിലില്ലായ്മ എട്ടു ശതമാനവുമാണ്. രാജ്യത്ത് വലിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും വളരുന്നുവെന്നാണ് ഈ കണക്കുകളുടെ അര്‍ഥം. മോദിയെ എവിടെ സ്ഥാപിക്കണമെന്ന് ഈ കണക്കുകളും അദ്ദേഹത്തിന്റെ ചരിത്രവും പറയുന്നുണ്ട്.
Comments are closed for this post.