2022 October 06 Thursday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇടുക്കിയിലെ റോഡുകള്‍ ഉന്നത നിലവാരത്തില്‍

തൊടുപുഴ: കേരളത്തിന്റെ അടിസ്ഥാന വികസനത്തിനുതകുംവിധം ദീര്‍ഘവീക്ഷണത്തോടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കിഫ്ബി എന്ന് ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍. വലിയ മുതല്‍മുടക്ക് വേണ്ടിവരുന്ന റോഡുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം സുഗമമാക്കാന്‍ പദ്ധതിക്കാകുന്നുണ്ട്. കിഫ്ബി പാദത്തില്‍ ആദ്യഘട്ടം തന്നെ ഇടുക്കി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിച്ചിരുന്നു.

നത്തുകല്ല്-അടിമാലി റോഡ്, രാമക്കല്‍മേട്-കമ്പംമെട്ട്-വണ്ണപ്പുറം റോഡ്, കുരുതിക്കളം-വണ്ണപ്പുറം-കഞ്ഞിക്കുഴി-ചേലച്ചുവട് റോഡ്, മൂലമറ്റം-ആശ്രമം, കപ്പക്കാനം-അമ്പലമേട് -വണ്ടിപ്പെരിയാര്‍ റോഡ്, പൈനാവ്-വാഴത്തോപ്പ്-തടിയമ്പാട്-മരിയാപുരം-ഇടുക്കി ബൈപാസ് റോഡ്, തൂക്കുപാലം-കട്ടപ്പന റോഡ്, കട്ടപ്പന-പുളിയന്‍മല റോഡ് എന്നിവ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ്. രാമക്കല്‍മേട്-വണ്ണപ്പുറം, മൂലമറ്റം-ആശ്രമം റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണം ആരംഭിച്ചു. പൈനാവ്-ഇടുക്കി ബൈപാസ് റോഡ് ബജറ്റില്‍ ഉള്‍പ്പെടുത്തി 19 കോടി അനുവദിച്ചിട്ടുള്ളതും ഇപ്പോള്‍ കിഫ്ബി പദ്ധതിയിലാണ്. കിഫ്ബി റോഡുകള്‍ക്ക് ഡി.പി.ആര്‍ തയ്യാറാക്കി നല്‍കി തുടര്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. കിഫ്ബി റോഡുകള്‍ക്ക് 10 മീറ്റര്‍ വീതി ആവശ്യമാണ്. ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന റോഡുകള്‍ക്ക് സ്ഥലം വിട്ടുനല്‍കുന്നതുമായി തര്‍ക്കങ്ങള്‍ വരുന്നതും തുടര്‍നടപടികള്‍ വൈകുന്നതിന് കാരണമാകാറുണ്ട്. പ്രളയാനന്തര റോഡ് പുനര്‍നിര്‍മ്മാണത്തിന് ഇടുക്കിയില്‍ കൂടുതല്‍ തുക അനുവദിക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ നിര്‍മ്മാണം കിഫ്ബിയുടെ ഭാഗമായി നടത്താനാകു. അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും കൂടുതല്‍ വര്‍ഷം നിലനില്‍ക്കുന്നതുമായ റോഡുകള്‍ പദ്ധതിയിലൂടെ ഇടുക്കിയില്‍ സാധ്യമാകുന്നുണ്ട്.

കിഫ്ബി പദ്ധതികളില്‍പ്പെടുത്തി സംസ്ഥാനത്തുടെനീളം ചെയ്യുന്ന പ്രവര്‍ത്തികളുടെ ബില്ലുകള്‍ കാലതാമസം കൂടാതെ കരാറുകാര്‍ക്ക് ലഭിക്കുന്നതിനാല്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുവാന്‍ ഒട്ടേറെ കരാറുകാര്‍ തയ്യാറാകുന്നു. കരാറുകാരുടെ എണ്ണത്തിലുള്ള വര്‍ധനയനുസരിച്ച് കരാര്‍ ബിഡ് ചെയ്യുന്ന നിരക്കില്‍ ഏറെ കുറവ് വരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാരിന് ഇങ്ങനെ കുറഞ്ഞ നിരക്കില്‍ കരാര്‍ നല്‍കാന്‍ കഴിയുന്നതിലൂടെ കോടികളുടെ ലാഭം സ്വരൂപിക്കുന്നുണ്ട്. ഇത് കൂടുതല്‍ പ്രവര്‍ത്തികള്‍ക്ക് സഹായകരമാണ്. മുന്‍കാലങ്ങളില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന ഘട്ടംഘട്ടമായാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാല്‍ കിഫ്ബി പദ്ധതിയുടെ ഭാഗമായി ഒരു റോഡ് പൂര്‍ണ്ണമായി ഏറ്റെടുക്കുകയും നിര്‍മ്മാണത്തിനാവശ്യമായ തുക വകയിരുത്തുകയും ചെയ്യുന്നതിലൂടെ സമയബന്ധിതമായി റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുന്നു എന്ന മെച്ചവും ഈ പദ്ധതിക്കുണ്ടെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ചിത്രം– റോഷി അഗസ്റ്റിന്‍ എം.എല്‍.എ (പടം വയ്ക്കണം)


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.