ലണ്ടൻ: ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം ക്രിക്കറ്റ് ഒളിംപിക്‌സ് വേദിയിലെത്തുന്നു. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ടി20 ക്രിക്കറ്റ് മത്സരം ഉൾപ്പെടുത്താനാണ് ഐ.സി.സി ശ്രമം നടത്തുന്നത്. ആറ് ടീമുകൾ പങ്കെടുക്കുന്ന വിധം മത്സര ഇനമാക്കി ടി20 ക്രിക്കറ്റിനെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ഉൾപ്പെടുത്താനുള്ള പദ്ധതിയാണ് ഐ.സി.സി മുന്നോട്ടുവെച്ചത്. എന്നാൽ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വർഷം മാർച്ചിൽ ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ ഇടം നേടാൻ സാധ്യതയുള്ള മത്സര ഇനങ്ങൾ സംബന്ധിച്ച് തീരുമാനമാവും. ഒക്ടോബറിൽ ചേരുന്ന രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റി യോഗത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. ഐസിസിയുടെ നിർദേശം അംഗീകരിച്ചാൽ ട്വന്റി20 റാങ്കിങ്ങിൽ ആദ്യ ആറിൽ വരുന്ന വനിതാ- പുരുഷ ടീമുകൾ ഒളിംപിക്‌സ് കളിക്കാൻ എത്തും. എന്നാൽ ടൂർണമെന്റ് ഘടന സംബന്ധിച്ച് ഐസിസി വ്യക്തത വരുത്തിയിട്ടില്ല. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് ആറ് ടീമുകളെ മാത്രം പങ്കെടുപ്പിക്കുന്നത് ഐസിസി പരിഗണിച്ചത്. പങ്കെടുക്കുന്ന കായിക താരങ്ങളുടെ എണ്ണം കുറയ്ക്കുന്നതും ഒളിംപിക്‌സ് അജൻഡ 2020 5ന്റെ ഭാഗമാണ്. ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ വനിതാ, പുരുഷ മത്സരങ്ങൾ ഒരു വേദിയിൽ സംഘടിപ്പിക്കുക എന്ന നിർദേശമാണ് രാജ്യാന്തര ഒളിംപിക്‌സ് കമ്മറ്റി മുൻപോട്ട് വെക്കുന്നത്.
ബിർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വനിതാ ട്വന്റി20 ക്രിക്കറ്റ് മത്സര ഇനമായപ്പോൾ ഒരു എഡ്ജ്ബാസ്റ്റണിൽ മാത്രമായാണ് മത്സരങ്ങൾ നടന്നത്. ബേസ്‌ബോൾ, ഫ്‌ലാഗ് ഫുട്‌ബോൾ, ലക്രോസെ, ബ്രേക്ക് ഡാൻസ്, കരാട്ടെ, കിക്ക്‌ബോക്‌സിങ്, സ്‌ക്വാഷ്, മോട്ടോർസ്‌പോർട്ട് എന്നിവയാണ് ലോസ് ആഞ്ചലസ് ഒളിംപിക്‌സിൽ മത്സര ഇനമാവാൻ ക്രിക്കറ്റിനൊപ്പം മത്സരിക്കുന്നത്.
Comments are closed for this post.