2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

ദുബൈ ഷിന്ദഗപള്ളിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ആത്മീയ ചൈതന്യം വിതറി മലയാളിയായ ഇബ്രാഹിം മുസ്‌ലിയാര്‍

അഷറഫ് ചേരാപുരം

ദുബൈ: ഷിന്ദഗയില്‍ ചരിത്രപ്രാധാന്യമേറിയ ഒരു ആരാധനാലയമുണ്ട്. ക്രീക്കിന്റെയും കടലിന്റെയും കാറ്റേറ്റ് ഈ നാടിന്റെ ചരിത്രം പറയുന്ന പൗരാണികമായ മസ്ജിദ് അല്‍ ശുയൂഖ്. പേരു പോലെത്തന്നെ ദുബൈയിലെ ശൈഖുമാരുടെ പള്ളിയാണത്. ഷിന്ദഗയിലെ ഹെറിറ്റേജ് മ്യൂസിയത്തിനടുത്ത് ഒന്നേകാല്‍ നൂറ്റാണ്ടിലേറെക്കാലമായി ആത്മീയ വെളിച്ചം വിതറുകയാണ് ഈ ദൈവഭവനം.
അതിന്റെ കാവല്‍ക്കാരന്‍ ഒരു മലയാളിയാണ്. നാട്ടുകാരും പരദേശികളും ഏറെ ബഹുമാനാദരവോടെ കാണുന്ന കായക്കൊടി ഇബ്രാഹിം മുസ്‌ലിയാരാണ് ശുയൂഖ് മസ്ജിദിനെ മൂന്നു പതിറ്റാണ്ടിലേറെയായി നയിക്കുന്നത്.
1897ല്‍ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ്ബിന്‍ ഹാശിം അല്‍ മക്തൂം ആണ് ഈ പള്ളിയുണ്ടാക്കിയത്. ഇപ്പോഴത്തെ ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് റാഷിദിന്റെ പിതാവ്. അന്ന് അറേബ്യന്‍ ശൈലിയില്‍ നിര്‍മിച്ച പള്ളി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.


കാറ്റും ചൂടും തണുപ്പുമെല്ലാമുള്ള അറേബ്യന്‍ കാലാവസ്ഥയെ പ്രതിരോധിക്കാനും വിശ്വാസികള്‍ക്ക് ശാന്തമായി ആരാധന നിര്‍വഹിക്കാനും ഉതകുന്ന നിര്‍മാണമായിരുന്നു പള്ളിയുടേത്. ആധുനിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുവെങ്കിലും പള്ളിയുടെ ചരിത്ര പ്രാധാന്യത്തെ ഒട്ടും ബാധിക്കാതെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 2002ല്‍ പള്ളി പരമ്പരാഗതമായ രീതിയില്‍ തന്നെ പുനര്‍ നിര്‍മിച്ചു.

1993ലാണ് ഇബ്രാഹിം മുസ്ലിയാര്‍ ദുബൈയിലെത്തുന്നത്. പട്ടിക്കാട് ജാമിഅ നൂരിയയില്‍ പഠിച്ച അദ്ദേഹം നാട്ടിലെ പ്രമുഖ മതപ്രഭാഷകനായിരുന്നു. കേരളത്തിലെ പണ്ഡിത ശ്രേഷ്ഠന്‍മാരുടെ കീഴില്‍ പഠിക്കാന്‍കഴിഞ്ഞു. വടക്കേ മലബാറിലെ നിരവധി മതപ്രഭാഷണ വേദികളില്‍ ഏറെ കേള്‍വിക്കാരുണ്ടായി. മലപ്പുറം ഇരുമ്പുഴി, മുക്കം മുട്ടം, പഴയങ്ങാടി, മാട്ടൂല്‍, ഇരിക്കൂര്‍, കമ്പില്‍, പന്നിയങ്കണ്ടി, ചിയ്യൂര്‍, മാഹിയിലെ കുഞ്ഞിപ്പള്ളി, തലശേരി സൈദാര്‍ പള്ളി തുടങ്ങി അനവധി സ്ഥലങ്ങളില്‍ മുദരിസും ഖത്തീബുമായി ഇബ്രാഹിം മുസ്ലിയാര്‍ സേവനം ചെയ്തു.
തലശേരി സൈദാര്‍ പള്ളിയില്‍ അദ്ദേഹം നടത്തിയ ഉംറ ക്ലാസ് കേട്ട ശ്രോതാക്കളില്‍ ഒരാളാണ് അദ്ദേഹത്തെ ഉംറ നിര്‍വഹിക്കാനായി ക്ഷണിച്ചത്. ആ യാത്ര പിന്നീട് യു.എ.ഇയിലെത്തി. ദുബൈയില്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരണം നല്‍കി. അതിനിടെ മതകാര്യവിഭാഗം നടത്തിയ എഴുത്തു പരീക്ഷയിലും പങ്കെടുത്തു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പങ്കെടുത്ത പരീക്ഷയിലും അഭിമുഖത്തിലുമെല്ലാം മികച്ച പ്രകടനമാണ് ഇബ്രാഹിം മുസ്ലിയാര്‍ കാഴ്ചവച്ചത്.

നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് മന്ത്രാലയം വിസ അനുവദിച്ചു. ചരിത്രപ്രസിദ്ധമായ പള്ളിയിലെ ഇമാം സ്ഥാനം നല്‍കി. ഖുര്‍ആന്‍ മനപ്പാഠമുള്ളതും അറബിഭാഷയിലെ പ്രവീണ്യവും പ്രഭാഷണ മികവും ശുയൂഖ് പള്ളിയിലെ ഇമാമിനെ പ്രസിദ്ധനാക്കി. മലയാളികളും അറബികളും മറ്റ് ദേശക്കാരുമെല്ലാം പള്ളിയിലേക്ക് വരാന്‍ തുടങ്ങി. ജുമുഅയും പെരുന്നാള്‍ നിസ്‌കാരവും നടക്കുന്ന ഇടമാണ് ഈ പള്ളി. ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് വരുന്നത്.
മുപ്പതാണ്ടിലേറെയായി ഈ പള്ളിയും പരിസരവും ഇബ്രാഹിം മുസ്ലിയാരുടെ സാന്നിധ്യത്തില്‍ ആത്മീയനിര്‍ഭരമാണ്. തദ്ദേശീയരായ അറബികള്‍ക്ക് അദ്ദേഹത്തെ ഏറെ ബഹുമാനമാണ്. ഈ നാടിന്റെ ചിത്ര സാക്ഷ്യമായ ശുയൂഖ് മസ്ജിദിലേക്ക് പ്രമുഖര്‍ പലപ്പോഴും സന്ദര്‍ശകരായെത്താറുണ്ട്. മുന്‍ യു.എസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.

പ്രമുഖരായ പലര്‍ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ചപ്പോള്‍ പള്ളി ഇമാമുകള്‍ക്കും ആ പദവി നല്‍കിയത് ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖ ഇമാമുമാരില്‍ പ്രധാനിയായി അവര്‍ ഇബ്രാഹിം മുസ്ലിയാരെ തിരഞ്ഞെടുത്ത് സുവര്‍ണ വിസ നല്‍കിയപ്പോള്‍ പടച്ചവന്റെ അനുഗ്രഹത്താല്‍ വിനയാന്വിതനാവുകയായിരുന്നു അദ്ദേഹം. യു.എ.ഇ മതകാര്യവകുപ്പും നിരവധി സംഘടനകളും അദ്ദേഹത്തെ നേരത്തെയും പലതവണ ആദരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടി സ്വദേശിയാണ് ഇബ്രാഹിം മുസ്ലിയാര്‍. വയനാട്ടിലെ കെല്ലൂരില്‍ പുഴക്കല്‍ അബ്ദുല്ല ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും രണ്ടുമക്കളില്‍ ഇളയവനായി 1944ല്‍ ജനിച്ച ഇബ്രാഹിം മുസ്ലിയാര്‍ പരശതം ജീവിതാനുഭവങ്ങളുടെ സാക്ഷിയാണ്.
ശുയൂഖ് മസ്ജിദിനു ചാരത്ത് ഇമാം ഹൗസില്‍ ഇബ്രാഹിം മുസ്ലിയാര്‍ കാത്തിരിപ്പുണ്ട്. ഈന്തപ്പനകളുടെയും കേരവൃക്ഷങ്ങളുടെയും നാടുകളുടെ കൊണ്ടുകൊടുക്കലുകളെയും സ്നേഹസൗഹൃദങ്ങളുടെയും വിയര്‍പ്പിന്റെയും കണ്ണീരിന്റെയും കഥകള്‍ അയവിറക്കാന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.