2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ക്വാറന്റൈനിലിരിക്കെ പോസിറ്റീവായത് സിവില്‍ സര്‍വീസ് ഫലം; 23ാം വയസില്‍ ഐ.എസ്.എസ് നേട്ടം കരസ്ഥമാക്കി സഫ്‌ന

കാട്ടാക്കട(തിരുവനന്തപുരം): ക്വാറന്റൈനിലിരിക്കെ വന്ന ഫലം പോസിറ്റീവായതിന്റെ ആഹ്ലാദത്തിലാണ് സഫ്ന നാസറുദ്ദീനും കുടുംബവും. സിവില്‍ സര്‍വിസ് പരീക്ഷയില്‍ 45ാംറാങ്കും കേരളത്തില്‍ മൂന്നാമതുമെത്തിയാണ് ഈ മിടുക്കി ഐ.എ.എസ് സ്വന്തമാക്കിയത്. അതും 23ാം
വയസ്സില്‍. സിവില്‍ സര്‍വിസ് അഭിമുഖം കഴിഞ്ഞ് ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തി ക്വാറന്റൈന്‍ കാലാവധി തീരുന്നതിന് മുന്‍പാണ് ഫലപ്രഖ്യാപനമെത്തിയത്. അതോടെ സന്തോഷം പങ്കിടല്‍ ഫോണിലും വീഡിയോകോളിലുമൊക്കെയായി. നേരിട്ടെത്തിയവര്‍ക്ക് ജനലിലൂടെ പുറത്തേയ്ക്ക് കൈ കാണിച്ച് മറുപടി നല്‍കി. നിയന്ത്രണ രേഖക്ക് അപ്പുറവും ഇപ്പുറവും നിന്നു സന്തോഷവും സ്നേഹവും പങ്കിട്ടു ബന്ധുക്കളും നാട്ടുകാരും.

സ്‌കൂള്‍ പഠനകാലത്തുതന്നെ മികവില്‍ മുന്നേറിയിരുന്ന സഫ്ന പേരൂര്‍ക്കട എസ്.എ.പി കേന്ദ്രീയ വിദ്യാലയത്തില്‍ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. തുടര്‍ന്ന് പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു ഹ്യുമാനിറ്റിസില്‍ ദേശീയ തലത്തില്‍ ഒന്നാംറാങ്കും നേടി. 2017ല്‍ മാര്‍ ഇവാനിയോസ് കോളജില്‍നിന്ന് ബി.എ എക്കണോമിക്സില്‍ ഒന്നാംറാങ്കോടെ മിന്നും വിജയം. പിന്നീട് തിരുവനന്തപുരത്തെ സിവില്‍ സര്‍വിസ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍. ചിട്ടയായ പഠനം ഒടുവില്‍ വിജയവഴിയിലെത്തിച്ചു.

സമൂഹത്തിനായി എന്തു ചെയ്യാന്‍ കഴിയുമെന്ന ചോദ്യത്തില്‍ നിന്നാണ് സിവില്‍സര്‍വിസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്.പേയാട് പള്ളിമുക്ക് പ്ലാവിള ഫര്‍സാന മന്‍സിലില്‍ റിട്ട.എസ്.ഐ എം.ഖാജ നസറുദ്ധീന്റെയും കാട്ടാക്കട ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ് എ.എന്‍ റംലയുടെയും മകളാണ് സഫ്ന. ഫര്‍സാന, ഫസ്ന എന്നിവര്‍ സഹോദരങ്ങളാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.