2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധര്‍ ആണോ’? ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ വായടപ്പന്‍ മറുപടി ഇങ്ങനെ; മതം, വിശ്വാസം എന്നിവയിലും രാഹുല്‍ നിലപാട് വ്യക്തമാക്കുന്നു

'കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധര്‍ ആണോ'? ചോദ്യത്തിന് രാഹുല്‍ ഗാന്ധിയുടെ വായടപ്പന്‍ മറുപടി ഇങ്ങനെ; മതം, വിശ്വാസം എന്നിവയിലും രാഹുല്‍ നിലപാട് വ്യക്തമാക്കുന്നു

 

കോഹിമ: ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാംദിനം നാഗാലാന്‍ഡിലെത്തിയപ്പോള്‍ വന്‍ മാധ്യമപ്പടയെയാണ് രാഹുല്‍ ഗാന്ധി അഭിമുഖീകരിച്ചത്. തലസ്ഥാനമായ കോഹിമയില്‍ കോണ്‍ഗ്രസ് ഓപ്പണ്‍ സ്‌പെയ്‌സില്‍ പ്രത്യേകസൗകര്യമൊരുക്കിയാണ് വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചത്. നീണ്ട പത്രസമ്മേളനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളും അതിനുള്ള രാഹുല്‍ഗാന്ധിയുടെ മറുപടിയും ചര്‍ച്ചയാവുകയുംചെയ്തു.

തന്റെ മതവിശ്വാസത്തെക്കുറിച്ചും വിശ്വാസത്തോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധര്‍ ആണെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ടല്ലോ എന്നായിരുന്നു രാഹുല്‍ നേരിട്ട ഒരു ചോദ്യം. അതിന് രാഹുലിന്റെ മറുപടി ഇങ്ങനെ:

‘ഒരാള്‍ മതത്തില്‍ വിശ്വസിക്കുകയാണെങ്കില്‍ അയാള്‍ക്ക് ആ മതവുമായി വ്യക്തിപരമായ ഒരു ബന്ധമുണ്ടാകും. ആ വ്യക്തി തന്റെ ജീവിതത്തില്‍ മതം പ്രാവര്‍ത്തികമാക്കും. എന്നാല്‍ ചിലര്‍ മതം പൊതുസ്ഥലത്തേക്ക് കടത്തിവിടും. അവരത് മേലെ എടുത്തണിയും. അവര്‍ ശ്രമിക്കുന്നത് മതവിശ്വാസം കൊണ്ട് മുതലെടുപ്പ് നടത്താനാണ്. എന്നാല്‍ എനിക്കതില്‍ താല്‍പ്പര്യമില്ല. ഞാന്‍ മതപരമായ തത്ത്വങ്ങള്‍ക്കനുസൃതമായാണ് ജീവിതം നയിക്കുന്നത്. ആളുകളോട് മാന്യമായി പെരുമാറുക, ആളുകളെ കേള്‍ക്കുക, അവരോട് പ്രതികരിക്കുമ്പോള്‍ അഹങ്കരിക്കാതിരിക്കുക എന്നതെല്ലാം ഞാന്‍ പാലിക്കുന്നുണ്ട്. ഞാന്‍ വിദ്വേഷം പരത്തുന്നില്ല. ഇത് എനിക്ക് ഹിന്ദു മതമാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്നതും ഇതാണ്. എനിക്കത് എന്റെ കുപ്പായത്തിന് മേലെ ഇട്ടു ആളുകളെ കാണിക്കേണ്ട കാര്യമില്ല. പക്ഷേ അങ്ങിനെ വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാത്തവര്‍ അതിനെ അവരുടെ ശരീരത്തിന് മേലെ എടുത്ത് ധരിക്കട്ടെ’- രാഹുല്‍ പറഞ്ഞു.

   

എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അയോധ്യയിലെ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാത്തതെന്ന ചോദ്യത്തിനും രാഹുല്‍ ഗാന്ധി മറുപടി നല്‍കി. ‘കോണ്‍ഗ്രസിന് എല്ലാ മതങ്ങളോടും എല്ലാ ആചാരങ്ങളോടും തുറന്ന സമീപനമാണുള്ളത്. ജനുവരി 22ന് നടക്കുന്നത് രാഷ്ട്രീയചടങ്ങാണെന്ന് ഹിന്ദുമതത്തിലെ ഉന്നതാചാര്യന്മാര്‍പോലും പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍.എസ്.എസിനെയും കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രചാരണപരിപാടിയായി അത് മാറി. ഹിന്ദു മതത്തിലെ ഏറ്റവും വലിയ അധികാരികള്‍ പോലും ചടങ്ങിനെക്കുറിച്ച് അവരുടെ കാഴ്ചപ്പാട് പരസ്യമാക്കിയതാണ്. അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഞങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്.

ചെറിയ സംസ്ഥാനത്തെ ജനങ്ങളാണെങ്കിലും രാജ്യത്തിന്റെ വിഭവം പങ്കുവയ്ക്കുന്നതില്‍ എല്ലാവരും തുല്യരാണെന്നും രാഹുല്‍ പറഞ്ഞു. നിങ്ങള്‍ ചെറിയ സംസ്ഥാനമാണ് എന്നത് പ്രശ്‌നമല്ല. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ പോലെയാണ് നിങ്ങളും. അതാണ് യാത്രയുടെ ആശയം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നാലാംദിനമായ ഇന്ന് യാത്ര അസമില്‍ പ്രവേശിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ യാത്ര കാരണം നാളെയും മറ്റന്നാളും അപ്പര്‍ ജില്ലകളിലുള്ള തന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതായി മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മ അറിയിച്ചു.

അതേസമയം, രാഹുല്‍ ഗാന്ധി യാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍പെട്ട് സ്വപ്‌നതുല്യമായ ലോകത്താണ് ജീവിക്കുന്നതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയമറിയാമെന്നുമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഇതിനോട് പ്രതികരിച്ചത്.

I don’t need to wear religion on my sleeve,’ says Rahul Gandhi amid Ram temple invite row


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.