2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഞാന്‍ ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു’ മരണ വാര്‍ത്ത തിരുത്തി ഹീത്ത് സ്ട്രീക്ക് തന്നെ രംഗത്ത്; മരിച്ചെന്ന പ്രചാരണം വേദനിപ്പിച്ചെന്ന് ഇതിഹാസ താരം

‘ഞാന്‍ ജീവനോടെയുണ്ട്, സുഖമായിരിക്കുന്നു’ മരണ വാര്‍ത്ത തിരുത്തി ഹീത്ത് സ്ട്രീക്ക് തന്നെ രംഗത്ത്; മരിച്ചെന്ന പ്രചാരണം വേദനിപ്പിച്ചെന്ന് ഇതിഹാസ താരം

തന്നെ കുറിച്ച മരണ വാര്‍ത്തകള്‍ തിരുത്തി ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് തന്നെ രംഗത്ത്. താന്‍ മരിച്ചെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചെന്നും അദ്ദേഹം ഒരു വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

”അത് തികച്ചും കിംവദന്തിയും കള്ളവുമാണ്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. സുഖമായിരിക്കുന്നു. സോഷ്യല്‍ മീഡിയാക്കാലത്ത് സ്ഥിരീകരിക്കപ്പെടാത്ത ഒരു വാര്‍ത്ത പോസ്റ്റ് ചെയ്തു. അത് ശരവേഗത്തില്‍ പ്രചരിക്കുകയും ചെയ്തു. ഇക്കാരംയ എന്നെ അസ്വസ്ഥപ്പെടുത്തുന്നു’ അദ്ദേഹം ട്വീറ്റ് ചെയ്തു. ആ വാര്‍ത്ത പോസ്റ്റ് ചെയ്ത ആള്‍ തീര്‍ച്ചയായും മാപ്പു പറയണം. ആ വാര്‍ത്ത എന്നെ വല്ലാതെ വേദനിപ്പിച്ചു.- അദ്ദേഹം വാട്‌സ് ആപ്പില്‍ അയച്ചെന്ന് പറയുന്ന സന്ദേശത്തില്‍ സൂചിപ്പിക്കുന്നു.

സ്ട്രീക്ക് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തിരുത്തി മുന്‍ സിംബാബ്‌വെ താരം ഹെന്റി ഒലോങ്ക നേരത്തെ രംഗത്തെത്തിയിരുന്നു. ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തി കലര്‍ന്നതാണെന്നെന്നും ഒലോങ്ക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഒലോങ്ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക ഡിലീറ്റ് ചെയ്തിട്ടുണ്ട്.

‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അതിശയോക്തി കലര്‍ന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാന്‍ അല്‍പം മുമ്പ് സംസാരിച്ചു. തേഡ് അമ്പയര്‍ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്’ ഒലോങ്ക ട്വീറ്റ് ചെയ്തു.

അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ സിംബാബ്‌വെയിലെ പ്രശസ്ത കായിക താരങ്ങളിലൊരാളായ സ്ട്രീക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവര്‍ണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു സ്ട്രീക്ക്. സിംബാബ്‌വെ ദേശീയ ടീമിന്റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 4933 റണ്‍സും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെക്കായി കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്.

സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് സ്ട്രീക്ക്. 65 ടെസ്റ്റുകളില്‍ നിന്നായി 216 വിക്കറ്റുകളാണ് സ്ട്രീക്ക് വീഴ്ത്തിയത്. 100 ടെസ്റ്റ് വിക്കറ്റ് നേടിയ ഏക സിംബാബ്‌വെ ഫാസ്റ്റ് ബൗളറും സ്ട്രീക്കാണ്. ടെസ്റ്റില്‍ 1000 റണ്‍സും 100 വിക്കറ്റും നേടിയ ഏക സിംബാബ്‌വെ താരവുമാണ്. ഏകദിനത്തില്‍ 239 വിക്കറ്റുകള്‍ നേടി. ഏകദിനത്തില്‍ 2000 റണ്‍സും സ്ട്രീക്ക് സ്വന്തമാക്കി.

1993ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ സ്ട്രീക്ക്, 2005ലാണ് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനായിരുന്നു. ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളെയും പരിശീലിപ്പിച്ചു.

2021ല്‍ ഐ.സി.സിയുടെ അഴിമതി വിരുദ്ധ കോഡുകള്‍ ലംഘിച്ചതിന് സ്ട്രീക്കിന് എട്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി. ഈ വര്‍ഷം ആദ്യമാണ് അര്‍ബുദ ബാധിതനായി ഹീത്ത് സ്ട്രീക്ക് ചികിത്സയിലാണെന്ന കാര്യം താരത്തിന്റെ കുടുംബം വെളിപ്പെടുത്തിയത്. ഹീത്ത് അര്‍ബുദ ബാധിതനാണെന്നും ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ഓങ്കോളജിസ്റ്റിനു കീഴില്‍ ചികിത്സയിലാണെന്നും അന്ന് കുടുംബം അറിയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.