ശംസുദ്ദീന്‍ ഫൈസി
മലപ്പുറം
സംസ്ഥാനത്തെ ആയിരത്തിലധികം മഹല്ലുകളുടെ ഖാസി കൂടിയായിരുന്നു ഇന്നലെ വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. 1994ല്‍ മലപ്പുറം ജില്ലയിലെ നെടിയിരുപ്പ് പഞ്ചായത്തിലെ പോത്തുവെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഹൈദരലി ശിഹാബ് തങ്ങള്‍ ഖാസി സ്ഥാനം വഹിക്കുന്നത്. തുടര്‍ന്ന് നിരവധി മഹല്ലുകൾ ഹൈദരലി ശിഹാബ് തങ്ങളെ ഖാസിയായി ബൈഅത്തു ചെയ്യാൻ മുന്നോട്ടുവന്നു.
മഹല്ലുകളില്‍ ശരീഅത്ത് നിയമപ്രകാരമുള്ള വിവിധ ചുമതലകൾ നിര്‍വഹിക്കേണ്ടവരാണ് ഖാസിമാര്‍. അതെല്ലാം ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാൻ ഹൈദരലി തങ്ങൾക്ക് കഴിഞ്ഞു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും വിയോഗാനന്തരം അവര്‍ വഹിച്ചിരുന്ന മഹല്ലുകളുടെ ഖാസി സ്ഥാനവും ഹൈദരലി തങ്ങൾക്ക് ഏറ്റെടുക്കേണ്ടി വന്നിരുന്നു.
മലപ്പുറം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലെ ജില്ലാ ഖാസിയായും നീലഗിരി, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ ആയിരത്തോളം മഹല്ലുകളുടെയും ഖാസിയായിരുന്നു ഹൈദരലി തങ്ങള്‍. കേരളത്തിൽ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ വഹിച്ച ഖാസിയെന്ന പദവിയും ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തന്നെയാണ്.
നോമ്പും പെരുന്നാളും ഉള്‍പ്പെടെ മാസമുറപ്പിക്കാന്‍ കേരള മുസ് ലിംകള്‍ കാത്തിരിക്കാറുള്ളത് അനേകം മഹല്ലുകളുടെ ഖാസിയായ ഹൈദരലി ശിഹാബ് തങ്ങളിലേക്കാണ്.
പൂക്കോയ തങ്ങളുടെ കാലം മുതല്‍ തുടങ്ങിയ ഈ മാസമുറപ്പിക്കല്‍ ശിഹാബ് തങ്ങളിലൂടെ ഹൈദരലി ശിഹാബ് തങ്ങളിലെത്തിയപ്പോള്‍ സമുദായത്തിനുണ്ടായ ആശ്വാസവും പ്രതീക്ഷയും ചെറുതായിരുന്നില്ല. പൂര്‍വീകരുടെ പാതയില്‍ ഉറച്ചുനിന്നു നിര്‍വഹിച്ച തീര്‍ത്ത വലിയ ഉത്തരവാദിത്വം സമുദായ ഐക്യവും മഹല്ലുകളുടെ സൗഹാര്‍ദവും കൂടുതല്‍ ബലപ്പെടുത്തി.
മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും ഉമറലി തങ്ങള്‍ക്കു ശേഷം ആയിരത്തിലധികം മഹല്ലുകളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും തീര്‍ക്കാന്‍ കൊടപ്പനക്കിലിലെ ദാറുന്നഈമില്‍ നിന്നുള്ള അവസാന തീരുമാനത്തിനാണ് സമുദായം കാത്തിരുന്നത്.
കേരളക്കരയുടെ പാരമ്പര്യ മതവൈജ്ഞാനിക മേഖലയില്‍നിന്ന് പഠിച്ചുയര്‍ന്ന് പട്ടിക്കാട് ജാമിഅ നൂരിയയുടെ സന്തതിയായി പുറത്തിറങ്ങിയ ഹൈദരലി തങ്ങള്‍ക്ക് ഖാസി ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ നിഷ്പ്രയാസം സാധിച്ചിരുന്നു.
Comments are closed for this post.