2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

സാധ്യതകളുടെ വിശാല ലോകമായി ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല

തയാറാക്കിയത്: ഫാസില്‍ അലി

 

മികച്ച അക്കാദമിക നിലവാരം വെച്ചുപുലര്‍ത്തുന്ന ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭൗതിക കലാലയങ്ങളിലൊന്നാണ്. ഒട്ടുമിക്ക വിഷയങ്ങളിലും ബിരുദ, ബിരുദാനന്തര പഠനങ്ങള്‍ക്കും ഗവേഷണത്തിനും ഉള്ള അവസരമാണ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. ഉന്നതമായ അക്കാദമിക നിലവാരത്തോടൊപ്പം മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും മനോഹരമായ ക്യാമ്പസുമാണ് ഹൈദരാബാദ് സര്‍വകലാശാലയെ മറ്റു സര്‍വകലാശാലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വളരെയധികം സൗകര്യങ്ങളുള്ള വിവിധ ലാബുകള്‍, വിപുലമായ പുസ്തകശേഖരങ്ങളടങ്ങിയ ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറി എന്നിവയും മറ്റ് ആകര്‍ഷണങ്ങളാണ്. അക്കാദമിക പഠനത്തോടൊപ്പം തന്നെ സിവില്‍ സര്‍വീസ് കോച്ചിങ്, വിവിധ ഭാഷാ പഠന കോഴ്‌സുകള്‍ തുടങ്ങിയ സാധ്യതകളും സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

അക്കാദമിക നിലവാരവും അവസരങ്ങളും

അക്കാദമിക നിലവാരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സര്‍വകലാശാല, 2019-20 വര്‍ഷത്തെ NIRF റാങ്കിംഗ് പട്ടികയില്‍ നാലാമതാണ്. ക്യാമ്പസിനകത്ത് നിലവിലുള്ള പഠന- ഗവേഷണ സൗകര്യങ്ങള്‍ കൂടാതെ നിരവധി ദേശീയ, അന്തര്‍ദേശീയ കോണ്ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സര്‍വകലാശാല നല്‍കുന്നുണ്ട്. സ്‌കോളര്‍ഷിപ്പോടുകൂടി പല പ്രമുഖമായ വിദേശ സര്‍വകലാശാലകളിലേക്കും ഹ്രസ്വകാല പഠനത്തിനും സെമിനാറുകള്‍ക്കും പോകാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. സാമ്പത്തികമായും സാമൂഹികമായും താഴെത്തട്ടില്‍ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സര്‍വ്വകലാശാലയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ഭാഗത്ത് നിന്ന് ലഭിക്കുന്നതാണ്.

ഭൗതിക സാഹചര്യങ്ങള്‍

കുറഞ്ഞ നിരക്കില്‍ വളരെ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍, വിപുലമായ ലൈബ്രറി, റീഡിംഗ് റൂമുകള്‍, എന്നിവ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നവയാണ്. പ്രവേശനം നേടുന്നവര്‍ക്കെല്ലാം ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ് . സര്‍വകലാശാലക്കകത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച നിലവാരത്തിലുള്ള കളിസ്ഥലങ്ങള്‍, ജിംനേഷ്യം, എന്നിവ ശാരീരിക-ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ഹൈദരാബാദ് നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലയുടെ ഭൂപ്രകൃതിയും അതിമനോഹരമാണ്.

സാംസ്‌കാരിക അന്തരീക്ഷം

പഠനപ്രവര്‍ത്ഥനങ്ങള്‍ക്കു പുറമെ കലാ സാംസ്‌കാരിക രംഗത്തും സര്‍വകലാശാല മികവ് പുലര്‍ത്തുന്നു. വിവിധ കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന വേറിട്ട സദസ്സുകള്‍ ക്യാമ്പസില്‍ സജീവമാണ്. സര്‍വകലാശാലയിലെ മലയാളി കൂട്ടായ്മയായ കൈരളിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന കേരളീയം അത്തരത്തിലൊരു മികച്ച വേദിയാണ്. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അക്കാദമിക-സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സദസ്സുകളും വേറിട്ടുനില്‍ക്കുന്നു. ഒരു അധ്യയന വര്‍ഷത്തെ ഏറ്റവും വലിയ കലാ-സാംസ്‌കാരിക വേദിയായ സുകൂന്‍ വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

അദ്ധ്യാത്മിക അന്തരീക്ഷം

വര്‍ഷം തോറും നബിദിനാഘോഷവും മറ്റു പരിപാടികളും വിപുലമായ രീതിയില്‍ തന്നെ നടന്നുവരുന്നു. സൗത്ത്, നോര്‍ത്ത് ക്യാമ്പസുകളില്‍ പ്രതിവാരം സ്വലാത്ത് മജ്‌ലിസുകള്‍ നടക്കുന്നു. SKSSKന്റെ ഭിമുഖ്യത്തിലുള്ള ഇമാം ഗസ്സാലി സ്റ്റഡി സര്‍ക്കിളിന്റെകീഴില്‍ വാരാന്ത്യ അക്കാദമിക-മതപഠന സദസ്സുകളും സംഘടിപ്പിക്കപ്പെടുന്നു. ക്യാമ്പസിനകത്ത് തന്നെ വിപുലമായ ജുമുഅ സൗകര്യവും റമളാനില്‍ പ്രത്യേക മെസ്സും പ്രവര്‍ത്തിക്കുന്നു.

പ്രവേശനം: എങ്ങനെ തയാറെടുക്കാം

അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ സര്‍വകലാശാലയോ മറ്റു നിര്‍ദ്ദിഷ്ട സംവിധാനങ്ങളോ നടത്തുന്ന യോഗ്യതാ പരീക്ഷയാണ് പ്രവേശന മാര്‍ഗം. സമ്പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ടത്. വിഷയത്തില്‍ ഉള്ള അറിവ് തന്നെയാണ് യോഗ്യതാ പരീക്ഷയ്ക്ക് പ്രധാനം. വിഷയ സംബന്ധിയായ പുസ്തകങ്ങള്‍, മുന്‍വര്‍ഷങ്ങളിലെ ചോദ്യ പേപ്പറുകള്‍, മറ്റു മാതൃകാ ചോദ്യ പേപ്പറുകള്‍ എന്നിവ ഉപയോഗിച്ച് സുഗമമായ രീതിയില്‍ പ്രവേശന പരീക്ഷക്ക് തയാറെടുക്കാം. മുന്‍വര്‍ഷങ്ങളിലെ പ്രവേശന പരീക്ഷ ചോദ്യ പേപ്പറുകള്‍ സര്‍വകലാശാലയുടെ തന്നെ വെബ്‌സൈറ്റ് ആയ www.igmlnet.uohyd.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. കോഴ്‌സുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷസമര്‍പ്പിക്കുന്നതിനും വെബ്‌സൈറ്റ് (www.aacad.uohyd.ac.in )സന്ദര്‍ശിക്കുക. അപേക്ഷ സ്വീകയ്ക്കുന്ന അവസാന തീയതി മെയ് 22.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെളൈ ക്യാമ്പസ് വിങ് ഹെല്‍പ്‌ഡെസ്‌ക് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് -956 236 6074, 906 115 9855, 999 548 9542

തയാറാക്കിയത് : ഫാസില്‍ അലി , ഇന്റഗ്രേറ്റഡ് എം എ, പൊളിറ്റിക്കല്‍ സയന്‍സ്
(സെക്രട്ടറി , എസ് കെ എസ് എസ് എഫ്, ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല)

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.