ഹൈദരാബാദ്: എയര്‍പോര്‍ട്ടിലെത്താന്‍ വൈകിയതിനെത്തുടര്‍ന്ന് നഷ്ടമായവിമാനത്തില്‍ കയറാന്‍ വ്യാജ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരന്‍. ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഹൈദരാബാദ് ചെന്നൈ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
വ്യാജ സന്ദേശമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മിലിട്ടറി എഞ്ചിനീയര്‍ സര്‍വീസിലെ ചീഫ് എഞ്ചിനീയറെ എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയിട്ടുണ്ട്. ചെന്നൈയിലേക്ക് പോവേണ്ടിയിരുന്ന യാത്രക്കാരനായ അജ്മീര ഭദ്രയ്യ ആണ് വ്യാജ ഭീഷണിയുണ്ടാക്കി അറസ്റ്റിലായത്. ചെക്ക് ഇന്‍ ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് വിമാനം പറന്നുയരുന്നത് തടയാനായിരുന്നു ഇയാളുടെ ശ്രമമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ വൈകിയെത്തിയ ഇയാളെ അകത്തേക്ക് കടത്തിവിടാതെ ജീവനക്കാര്‍ തടഞ്ഞു.
ഇതോടെ, വിമാനത്താവളത്തിനകത്തു തന്നെയുള്ള മറ്റൊരിടത്തേക്ക് മാറി നിന്ന് ഇയാള്‍ ഉദ്യോഗസ്ഥരെ ഫോണ്‍ വിളിച്ച് വിമാനത്തിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം രംഗത്തിറങ്ങുകയും വിമാനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല.
എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് സംഘം ഫോണ്‍കോള്‍ പരിശോധിച്ചപ്പോള്‍ വിമാനത്താവളത്താവളത്തിനുള്ളില്‍ നിന്നു തന്നെയാണ് ബോംബ് ഭീഷണിയെന്ന് മനസിലാക്കുകയും വിളിച്ചത് ഭദ്രയ്യ ആണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments are closed for this post.