2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാവലാളായിരുന്നു തങ്ങൾ അന്ന് ഗോൾവല കാത്തു, പിന്നെ സമുദായത്തെയും ; ഹൈദരലി തങ്ങളെ ഓർക്കുന്നു എം.എം.എച്ചിലെ സഹപാഠികൾ

ടി. മുംതാസ്
കോഴിക്കോട്
നേതാവായും ആത്മീയാചാര്യനായും മാനവിക മൂല്യത്തിന്റെ നേർസാക്ഷ്യമായും സമുദായത്തിന്റെ അരുമയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എം.എം.എച്ചിന്റെയും അരുമ. കോഴിക്കോട്ടെ മദ്‌റസത്തുൽ മുഹമ്മദിയ്യ സ്‌കൂളിന് (എം.എം.എച്ച്) എന്നും പ്രിയപ്പെട്ട വിദ്യാർഥിയായിരുന്നു തങ്ങൾ. കേരളത്തിലെ ആത്മീയ, രാഷ്ട്രീയ നേതൃത്വത്തിലേക്കുയർന്ന വിദ്യാർഥിയുടെ നേതൃപാടവത്തിന്റെ പക്വതയും സൗമ്യതയും അന്നുതന്നെ അനുഭവിച്ചറിഞ്ഞവരായിരുന്നു സഹപാഠികളും അധ്യാപകരും. എല്ലാവരോടും വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചു. ആരെയും മുഷിപ്പിക്കാതെ ശ്രദ്ധിക്കും. തികഞ്ഞ സത്യസന്ധത കാത്തുസൂക്ഷിക്കുന്നതിനാൽ സഹപാഠികൾക്കും അധ്യാപകർക്കും ഏറെ വിശ്വസ്തനും പ്രയിങ്കരനുമായിരുന്നുവെന്നും സഹപാഠിയും സുപ്രഭാതം സൂപ്പർവൈസറുമായ പി.വി അബ്ദുല്ലക്കോയ ഓർക്കുന്നു. 1965ലെ ബാച്ചിലാണ് തങ്ങൾ മദ്‌റസത്തുൽ മുഹമ്മദിയ്യയിൽനിന്ന് മികച്ച മാർക്കോടെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്‌റസത്തുൽ മുഹമ്മദിയ്യ സ്‌കൂളിനെയും സഹപാഠികളെയും കുറിച്ച് പറയാൻ തങ്ങൾക്കും വലിയ ആവേശമായിരുന്നു.

പഠനത്തിൽ മികവുപുലർത്തിയ തങ്ങൾ സ്‌പോർട്‌സിലും വളരെ താൽപര്യം പുലർത്തി. എം.എം സ്‌കൂളിലെ മികച്ച ഫുട്‌ബോൾ താരം കൂടിയായിരുന്നു ഹൈദരലി തങ്ങൾ. ഗോൾവല കാക്കുന്ന ഗോളിയാവാറായിരുന്നു പതിവ്. അന്ന് ഗോൾവല കാക്കുന്നതിൽ അദ്ദേഹം കാണിച്ച മികവ് പിന്നീട് സമുദായത്തെ കാക്കുന്നതിലും പുലർത്തിയതായി സഹപാഠികൾ ഓർക്കുന്നു.

വലിയ ബഹളങ്ങളൊന്നുമില്ലാതെ നിശബ്ദമായ പ്രകൃതമായിരുന്നു അന്നും അദ്ദേഹത്തിന്. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ അതേ രൂപസാദൃശ്യമുണ്ടായിരുന്ന ഹൈദരലി തങ്ങൾ പാണക്കാട് കുടുംബത്തിന്റെ നേതൃത്വത്തിന്റെ സ്വഭാവമഹിമയും നേതൃഗുണവും പ്രകടിപ്പിച്ചിരുന്നു. മുഖദാറിലെ എം.കെ റോഡിൽ പിതൃസഹോദരീ ഭർത്താവിന്റെ വീടായ ‘കോയ വീട്ടിലാ’യിരുന്നു തങ്ങൾ താമസിച്ചിരുന്നത്. പാണക്കാട്ടെ ദേവധാർ സ്‌കൂളിൽനിന്ന് പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസം നേടിയതിനു ശേഷം അഞ്ചാം ക്ലാസിലേക്കാണ് തങ്ങൾ എം.എം സ്‌കൂളിൽ എത്തിയത്. പാലാട് അഹ്മദ് കോയ, കുഞ്ഞാലിക്കുട്ടി തിരുന്നാവായ എന്നിവർ അധ്യാപകരായിരുന്നു.

   

സുഹൃത്തുക്കളെ
നെഞ്ചോട് ചേർത്ത്

അന്ന് ഹൈദരലി തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അബ്ദുല്ലക്കോയ. ആ സൗഹൃദം പിന്നീടും തങ്ങൾ കാത്തുസൂക്ഷിച്ചു. എപ്പോൾ കണ്ടാലും സഹപാഠികളുടെ ക്ഷേമം തിരക്കും. സഹപാഠികളിൽ ആർക്കെങ്കിലും സുഖമില്ലെന്ന് അറിഞ്ഞാൽ അവരെ വീട്ടിൽപോയി സന്ദർശിക്കും. പല സഹപാഠികളുടെയും പേരെടുത്ത് ചോദിച്ച് പ്രത്യേകം അന്വേഷിക്കും. എം.എം.എം സ്‌കൂളിലെ ശതാബ്ദി ആഘോഷത്തിനാണ് തങ്ങൾ അവസാനമായി തന്റെ പ്രിയപ്പെട്ട വിദ്യാലയത്തിലെത്തിയത്. കുട്ടിക്കാലത്തേക്ക് തിരിച്ചുപോയ ആവേശത്തോടെയായിരുന്നു അന്ന് തങ്ങൾ സഹപാഠികളെ എതിരേറ്റത്. അത്രയും സന്തോഷവാനായി മറ്റു പരിപാടികളിലൊന്നും അദ്ദേഹത്തെ കണ്ടിരുന്നില്ലെന്ന് സ്‌കൂൾ അധികൃതരും അനുസ്മരിച്ചു.

പിന്നീട് കൊവിഡ് പടർന്നുപിടിക്കുന്നതിന് തൊട്ടുമുമ്പ് സഹപാഠികളെയെല്ലാം പണക്കാട്ടെ വീട്ടിലേക്ക് ക്ഷണിച്ചു. 40 പേരാണ് അന്ന് പാണക്കാട്ടെത്തിയത്. സഹപാഠികളെ സ്വീകരിക്കാൻ തങ്ങളുടെ കുടുംബാംഗങ്ങളും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും അവിടെ ഉണ്ടായിരുന്നു. കോഴിക്കോട്ട് സിയെസ്‌കോയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഓട്ടോമൊബൈൽ കോഴ്‌സ് തുടങ്ങാൻ കഴിഞ്ഞതിലും തങ്ങളുടെ പ്രത്യേക താൽപര്യമായിരുന്നു. തങ്ങളുടെ ജീവചരിത്ര പുസ്തകത്തിലും അബ്ദുല്ലക്കോയ, ഡോ. മുസ്തഫ, ബി.എം ഹംസക്കോയ അടക്കമുള്ള സഹപാഠികളെ ഓർക്കുന്നുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.