
ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി എയ്ഡ് പോസ്റ്റില്‍ സിവില്‍ പോലിസ് ഓഫീസറായ റെനീസിനെയാണ് (32) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി. ഇന്നലെയാണ് കുന്നുംപുറം എ.ആര് ക്യാമ്പിന്റെ ക്വാര്‍ട്ടേഴ്സില്‍ റെനീസിന്റെ ഭാര്യ നജ്ല, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിക്കെതിരെ ഡിജിറ്റല്‍ തെളിവുകളടക്കം ലഭിച്ചതായി പൊലിസ് അറിയിച്ചു. മരിച്ച നജ്ലയുടെ കുടുംബം റെനീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പോലിസ് വ്യക്തമാക്കുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് അയല്‍ക്കാരും മൊഴി നല്‍കിയിട്ടുണ്ട്.