
#നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ ജോലിക്ക് ഹാജരാവാത്ത തൊഴിലാളികളെ ഒളിച്ചോട്ടക്കാരനാക്കി സ്പോണ്‍സര്‍ഷിപ്പ് ഒഴിയുന്ന ഹുറൂബ് സംവിധാനം തൊഴില്‍ മന്ത്രാലയം പരിഷ്കരിച്ചു. തൊഴിലുടമയുടെ ഏകപക്ഷീയമായ നടപടിയായ ഹുറൂബില്‍ ഇനി മുതല്‍ തൊഴിലാളിക്ക് വിയോജിപ്പ് രേഖപ്പെടുത്താം. ഇതോടെ നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ ഇനി തൊഴിലുടമക്ക് തൊഴിലാളിയെ ഹുറൂബാക്കാനാകൂ.
സഊദിയില്‍ തൊഴിലാളി ഒളിച്ചോടിയാലോ ജോലിക്ക് ഹാജരാകാതിരുന്നാലോ അവരുടെ സ്പോണ്‍സര്‍ഷിപ്പ് ഒഴിയുന്നതിന് മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഹുറൂബാക്കല്‍. ഇങ്ങനെ ചെയ്യുന്നതോടെ തൊഴിലാളിക്ക് പിന്നീട് സ്പോണ്സറുണ്ടാകില്ല. പൊലിസില്‍ കീഴടങ്ങുകയോ മറ്റൊരു സ്പോണ്സര്ക്ക് കീഴിലേക്ക് നിലവിലെ സ്പോണ്‍സറുടെ സഹായത്തോടെ മാറുകയോ ആണ് പിന്നീടുള്ള പോംവഴി. തൊഴില്‍ തര്‍ക്കങ്ങളും അനിഷ്ടങ്ങളും കാരണമായി ഹുറൂബാക്കുന്ന സംഭവങ്ങളുമുണ്ടാകാറുണ്ട്. എന്നാല്‍ ഇനി മുതല്‍ തൊഴിലുടമക്ക് തൊഴിലാളിയെ നിബന്ധനകള്‍ക്കും കാര്യകാരണ സഹിതവും മാത്രമേ ഹുറൂബാക്കാനാകൂ. ഇതിനായുള്ള സംവിധാനം തൊഴില്‍ മന്ത്രാലയം ആരംഭിച്ചു.
സ്പോണ്‍സറുടെ സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഹുറൂബ് രേഖപ്പെടുത്തേണ്ടത്. ഇത് പ്രകാരം ഹുറൂബാക്കാനുള്ള മൂന്ന് പ്രധാന നിബന്ധനകള്‍ ഇവയാണ്.
തൊഴിലാളി ജോലിയില്‍ തുടരുന്ന ആളായിരിക്കണം.
കമ്പനിക്കെതിരെ കേസ് ഉണ്ടായിരിക്കാന്‍ പാടില്ല.
തൊഴിലാളിയുടെ ഇഖാമ കാലാവധിയുള്ളതോ അടുത്ത ദിവസങ്ങളില്‍ മാത്രം കാലാവധി തീര്‍ന്നതോ ആയിരിക്കണം.
ഹുറൂബ് ഫയലില്‍ സ്വീകരിച്ച ശേഷം വിയോജിപ്പ് രേഖപ്പെടുത്തിയില്ലെങ്കില്‍ മാത്രമാണ് മന്ത്രാലയം അനന്തര നടപടികള്‍ സ്വീകരിക്കുക. ഹുറൂബ് രേഖപ്പെടുത്തിയാല്‍ തൊഴിലുടമക്കും തൊഴിലാളിക്കും മൊബൈല്‍ സന്ദേശം ലഭിക്കും. തൊഴിലാളി ജോലി ആരംഭിച്ച തിയതി, അവസാനിപ്പിച്ച തിയതി, അവസാനമായി ശമ്പളം കൈപ്പറ്റിയ തിയതി തുടങ്ങിയ വിവരങ്ങളും ഹുറൂബ് രേഖപ്പെടുത്തുന്നതിന് മുമ്പായി തൊഴിലുടമ നല്‍കണം.