2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

19 ലക്ഷം മനുഷ്യര്‍ പുറത്ത്: ദൊമുനിയില്‍ ഇവര്‍ക്കായി ഒരുങ്ങുന്നത് കൂറ്റന്‍ തടങ്കല്‍പ്പാളയം-വീഡിയോ

അസമിലെ ഗോല്‍പാറയില്‍ നിന്ന്
കെ.എ സലിം

അസമിലെ പൗരത്വപ്പട്ടിക ഇന്ന് പുറത്തിറക്കിയപ്പോള്‍ പുറത്താകുന്ന ലക്ഷക്കണക്കിന് പേരെ അടച്ചിടാന്‍ ഗോല്‍പാറയിലെ ദൊമുനിയില്‍ ഒരുങ്ങുന്നത് പടുകൂറ്റന്‍ തടങ്കല്‍പ്പാളയം. കൂറ്റന്‍ മതില്‍ക്കെട്ടുകളുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാംപിന്റെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.

ജില്ലാ ആസ്ഥാനമായ ഗോല്‍പാറയില്‍ നിന്ന് 20 കി.മി അകലെ പ്രധാന റോഡില്‍ നിന്ന് രണ്ടു കി.മി ഉള്ളിലേക്കു മാറി ആളൊഴിഞ്ഞ പ്രദേശത്തെ റബര്‍ തോട്ടങ്ങള്‍ക്ക് നടുവിലാണ് 12 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ പണി ഈ ഡിസംബറോടെ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ പദ്ധതി. 3000 പേരെയാണ് ഇവിടെ താമസിപ്പിക്കുക.


ക്യാംപിലേക്ക് ചെല്ലുമ്പോള്‍ അവിടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ മാത്രമേയുള്ളൂ. സാധാരണ ജയിലുകളുടെ മാതൃകയിലല്ല ഈ തടവുകേന്ദ്രം. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനി പോളണ്ടില്‍ നിര്‍മിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളോട് സാദൃശ്യമുള്ള ക്യാംപാണ് തയാറാവുന്നത്. നാലുവശത്തും വാച്ച് ടവറുകളുണ്ട്. ചുറ്റും ഉയര്‍ന്ന മതില്‍ക്കെട്ടുകളും അതില്‍ ഇരുമ്പു കമ്പിച്ചുരുളുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനവും തയാറായിട്ടുണ്ട്. ചുറ്റുമതിലുകളുടെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. അകത്തെ കെട്ടിടങ്ങളുടെയും സെല്ലുകളുടെയും നിര്‍മാണ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. മുന്‍വശത്തെ കൂറ്റന്‍ ഗേറ്റിന്റെ നിര്‍മാണം തുടങ്ങിയിട്ടില്ല. സ്ത്രീകള്‍ക്കായി ക്യാംപിനുള്ളില്‍ത്തന്നെ പ്രത്യേകം ഉയര്‍ന്ന മതില്‍ കെട്ടിയ ജയിലിടമുണ്ട്. കുട്ടികളെ അടച്ചിടാനും സംവിധാനമുണ്ട്. സ്ത്രീകളുടെ ക്യാംപിന് മേല്‍ക്കൂര നിര്‍മിച്ചിട്ടില്ല. പരിസരത്തൊന്നും വീടുകളില്ല.


തടവുകാര്‍ ദമ്പതികളാണെങ്കിലും ക്യാംപില്‍ ഒരുമിച്ച് കഴിയാന്‍ അനുവദിക്കില്ല. മക്കളെയും വേര്‍തിരിച്ച് നിര്‍ത്തും. അകത്ത് തന്നെ ആശുപത്രിയും കുട്ടികള്‍ക്കായുള്ള സ്‌കൂളുകളുമുണ്ട്. പൗരന്‍മാരല്ലെന്ന് പ്രഖ്യാപിക്കപ്പെടുന്നവരെ വര്‍ഷങ്ങളോളം ഇവിടെ അടച്ചിടാനാണ് പദ്ധതി. ക്യാംപിലെ ഓരോ ചലനങ്ങളും കാണാനാകുംവിധം ഉയര്‍ത്തിയാണ് അകത്തെ ഓഫിസ് കെട്ടിടങ്ങളുടെ നിര്‍മാണം.

ഇതിലൊന്ന് സ്ത്രീകളുടെ ക്യാംപ് നേരിട്ട് കാണാവുന്ന വിധത്തിലാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 46 കോടി രൂപ ചെലവിട്ടാണ് ക്യാംപ് നിര്‍മിക്കുന്നത്. സമാനമായ 9 ക്യാംപുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ശിവ്‌സാഗര്‍, നൗഗാവ്, കരിംഗഞ്ച്, നല്‍വാരി, ലോക്കിംപുരി, ഹാഫ്‌ലോഗ്, ഗുവാഹത്തി, ബാര്‍പേട്ട, തേസ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശേഷിക്കുന്ന തടവുകേന്ദ്രങ്ങള്‍ വരും. അസമില്‍ നിലവില്‍ ആറു തടവുകേന്ദ്രങ്ങളുണ്ടെങ്കിലും ജയിലുകളോട് ചേര്‍ന്നും മറ്റും നിര്‍മിച്ച ചെറു കേന്ദ്രങ്ങളാണ് അവയെല്ലാം. 1145 പേരാണ് അവിടെയുള്ളത്. പൗരത്വപ്പട്ടിക പുറത്തുവന്ന ശേഷം ആയിരങ്ങള്‍ ഈ ക്യാംപുകളില്‍ അടക്കയ്‌പ്പെടുമെന്ന് ഉറപ്പാണെന്ന് പൗരത്വപ്പട്ടിക ഉദ്യോഗസ്ഥനും പ്രദേശവാസിയുമായ സ്വപന്‍ ഖലിദ സുപ്രഭാതത്തോട് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News