2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മോദി കൊറോണ വൈറസിന്റെ ‘സൂപ്പര്‍ സ്‌പ്രെഡര്‍’ ആണെന്ന് ഐ.എം.എ വൈസ് പ്രസിഡന്റ്

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊറോണ വൈറസിന്റെ ‘സൂപ്പര്‍ സ്‌പ്രെഡര്‍’ (വ്യാപകമായി പരത്തുന്നയാള്‍) എന്നു വിളിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ. നവജോത് ദാഹിയ. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിനായി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, വമ്പന്‍ തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുകയും കുംഭ മേളയ്ക്ക് അനുമതി നല്‍കുകയും ചെയ്തുവെന്നും നവ്‌ജോത് കുറ്റപ്പെടുത്തി.

‘കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിന്റെ നിര്‍ബന്ധിതാവസ്ഥ ആരോഗ്യപ്രവര്‍ത്തകര്‍ ജനങ്ങളെ മനസിലാക്കിക്കൊടുക്കുമ്പോള്‍, എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി മോദി റാലി നടത്തുകയായിരുന്നു’- നവ്‌ജോത് പ്രസ്താവനയില്‍ പറഞ്ഞു.

   

2020 ജനുവരിയില്‍ രാജ്യത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ, ഇതു തടയുന്നതിന് നടപടി എടുക്കേണ്ടതിനു പകരം, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ മോദി ഗുജറാത്തില്‍ ലക്ഷങ്ങളെ സമ്മേളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ രണ്ടാം വരവില്‍ എല്ലാ ആരോഗ്യസംവിധാനങ്ങളും പരാജയപ്പെട്ടു. ഇക്കൊല്ലമത്രയും ഇതിനായി മോദി ഒന്നും ചെയ്തില്ലെന്നും നവ്‌ജോത് പറഞ്ഞു.

രാജ്യത്ത് കൊവിഡ് അതിഭീകരമായി വ്യാപിക്കുകയും ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിച്ചുവീഴുന്നതും അന്താരാഷ്ട്ര തലത്തില്‍ മോദിക്കെതിരെ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മോദിയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ്, ഡോക്ടര്‍മാരുടെ സംഘടനയായ ഐ.എം.എ തന്നെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.