2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ബോംബ് വര്‍ഷിക്കുന്ന ആകാശത്തിന് കീഴെ എങ്ങിനെ ഞാനെന്റെ കുഞ്ഞിന് ജന്മം നല്‍കും’ ലോകമേ കാണുന്നില്ലേ ഗസ്സയിലെ നിറവയറുകളുടെ ആവലാതി


ഇസ്‌റാഈല്‍ ബോംബ് വര്‍ഷത്തിന് കീഴില്‍ കഴിയുന്നത് അരലക്ഷം ഗര്‍ഭിണികള്‍

‘ബോംബ് വര്‍ഷിക്കുന്ന ആകാശത്തിന് കീഴെ എങ്ങിനെ ഞാനെന്റെ കുഞ്ഞിന് ജന്മം നല്‍കും’ ലോകമേ കാണുന്നില്ലേ ഗസ്സയിലെ നിറവയറുകളുടെ ആവലാതി

ഗസ്സ സിറ്റി: ഓരോ സ്‌ഫോടന ശബ്ദം കേള്‍ക്കുമ്പോഴും 33 കാരി നിവീന്‍ അല്‍ ബാര്‍ബരിയുടെ നിറവയറില്‍ വല്ലാത്തൊരനക്കമാണ്. ബോബിന്റെ മുഴക്കം കേട്ട് ആ കുരുന്ന ജീവന്‍ പിടയുന്നതാവാം. വല്ലാത്തൊരു ആശങ്കയിലാണ് നിവീന്‍. ശാരീരികമായും മാനസികമായും അവര്‍ ഏറെ തളര്‍ന്നിരിക്കുന്നു. ബോംബ് മുഴങ്ങു ശബ്ദം കേള്‍ക്കുമ്പോള്‍ നടുവും വയറുമെല്ലാം വേദന നിറയുന്നത് പോലെ തോന്നും.

ഒക്ടോബര്‍ ഏഴിന് ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങുന്നതിന് മുമ്പ് അല്‍ ബാര്‍ബരി ഹെല്‍ത്ത് ചെക്കപ്പിനായി പതിവായി ആശുപത്രിയിലെത്തിയിരുന്നു. ഗര്‍ഭകാല പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ട് അവര്‍ക്ക്. അതുകൊണ്ടു തന്നെ കൃത്യമായ ചെക്കപ്പ് ആവശ്യമാണ്. എന്നാല്‍ ബോംബിങ് ആരംഭിച്ചതോടെ അവര്‍ക്ക് കുടുംബ വീട്ടില്‍ അഭയം തേടേണ്ടി വന്നു. ചികിത്സിക്കുന്ന ഡോക്ടറുമായുള്ള ബന്ധവും മുറിഞ്ഞു.

‘എങ്ങനെ എവിടെ പ്രസവിക്കുമെന്ന് എല്ലാ ദിവസവും ഞാന്‍ ആലോചിക്കാറുണ്ട്. ബോംബു വര്‍ഷം നിലക്കുന്നില്ല. ഒരു മനുഷ്യ ജീവി പോലുമില്ല. മരങ്ങളോ മറ്റോ ശേഷിക്കുന്നില്ല. ആരുടെയൊക്കെ വീടുകളാണ് തകര്‍ക്കപ്പെടുകയെന്നോ ഇനിയും ആരൊക്കെയാണ് മരിക്കുകയെന്നോ ഞങ്ങള്‍ക്കറിയില്ല. ഞാനും എന്റെ കുഞ്ഞും സുരക്ഷിതരായിക്കണേ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്- അവര്‍ പറയുന്നു. ഈ മാസാവസാനമാണ് അല്‍ ബാര്‍ബറിയുടെ പ്രസവതീയതി. അവരുടെ ആദ്യ പ്രസവമാണിത്.

നിവീന്‍ മാത്രമല്ല ഇങ്ങനെ ആശങ്കയുടെ നൂല്‍പാലത്തില്‍ ജീവിക്കുന്ന നിരവധി അനവധി ഗര്‍ഭിണികളുണ്ട് ഗസ്സയില്‍. പലരും പൂര്‍ണ ഗര്‍ഭിണികള്‍. പ്രദേശത്ത് 50,000 ഗര്‍ഭിണികളുണ്ടെന്നാണ് യുനൈറ്റഡ് നാഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ കണക്ക്. അവശ്യമായ ഭക്ഷണമോ വെള്ളമോ മരുന്നോ സുരക്ഷിതമായി പ്രസവിക്കാനോ ഉള്ള സൗകര്യം പോലുമില്ലാത്ത ദാരുണാവസ്ഥയിലാണ് ഇവര്‍.

തകര്‍ന്ന കെട്ടിടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയില്‍ രക്തത്തില്‍ കുളിച്ച കുഞ്ഞുങ്ങളുടെ ഇളംമേനികളും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങളെയും കാണുമ്പോഴും ഹൃദയം നുറുങ്ങുകയാണ്. ഈ യുദ്ധമൊന്നും അവസാനിച്ചു കിട്ടണേ എന്നാണ് ഓരോ നിമിഷവുംപ്രാര്‍ഥിക്കുന്നത്. എങ്കില്‍ മാത്രമേ ഇസ്‌റാഈലിന്റെ കരുണയില്ലാത്ത മിസൈല്‍ വര്‍ഷത്തില്‍ നിന്ന് എന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. ബാര്‍ബറി പറയുന്നു.

‘സ്വന്തം വീട്ടില്‍ നിന്ന് മാറിത്താമസിക്കേണ്ടി വന്ന നിരവധി സ്ത്രീകളുണ്ട്. നേരത്തെ അവര്‍ കാണിച്ചിരുന്ന ഡോക്ടര്‍മാരേയും മറ്റുമാവില്ല അവര്‍ പിന്നീട് സന്ദര്‍ശിക്കുന്നത്. ഇതവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും’ – ഡോ. വാലിദ് അബൂ ഹതാബ് പറയുന്നു.

മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് സൗദ അഷ്‌റഫ്. ഇപ്പോള്‍ ഖാന്‍ യൂനിസ് സിറ്റിയിലെ യു.എന്‍ സ്‌കൂളില്‍ അഭയാര്‍ഥിയായി കഴിയുന്ന ഇവര്‍ ആറു മാസം ഗര്‍ഭിണിയാണ്.

‘ഭയവും ഉറക്കമില്ലായ്മയും എന്നെ തളര്‍ത്തിയിരിക്കുന്നു. എനിക്ക് എന്റെ മറ്റു രണ്ട് മക്കളെ കൂടി നോക്കേണ്ടതുണ്ട്. ഈ അഭയാര്‍ഥി കേന്ദ്രത്തില്‍ ശുദ്ധജലം പോലുമില്ല ഞങ്ങള്‍ക്ക്. ഉപ്പുവെള്ളം കുടിക്കാന്‍ നിര്‍ബന്ധിതയാവുകയാണ്. ഇതിങ്ങനെ തന്നെയാവാന്‍ പറ്റില്ല. ഉപ്പുവെള്ളം കുടിക്കുന്നത് എന്റെ ഗര്‍ഭ കാലത്തെ രക്തസമ്മര്‍ദ്ദത്തേയും ബാധിക്കും’-സൗദ പറയുന്നു. തന്റെ കുഞ്ഞും താനും ഓകെയാണോ എന്നാണ് അവര്‍ക്കറിയേണ്ടത്. പ്രത്യേകിച്ച് താന്‍ അനുഭവിച്ച ഈ ദുരിതങ്ങള്‍ക്കു ശേഷം. ഷാതി ക്യാംപിലെ യു.എന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാല്‍ സാധിച്ചില്ല.

മതിയായ പോഷകാഹാരം ലഭിക്കാത്തതിനാല്‍ സൗദക്ക് എപ്പോഴും ക്ഷീണമാണ്. അഭയം തേടിയിരിക്കുന്ന സ്‌കൂള്‍ ജനനിബിഡമാണ്. ഇവിടെ വലിയ ബഹളമായതിനാല്‍ 30 മിനിറ്റ് പോലും ഒന്നു ശാന്തമായി കണ്ണടച്ച് ഉറങ്ങാന്‍ അവര്‍ക്ക് കഴിയുന്നില്ല. മൂന്നു ഗര്‍ഭിണികള്‍ കൂടിയുണ്ട് ഇവിടെ. അവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടുദിവസം മുമ്പ് അവരിലൊരാളുടെ ബോധം നഷ്ടമായി.

ഐ.വി.എഫ് വഴി ഗര്‍ഭിണികളായവരാണ് ചിലര്‍. അവരിലൊരാളാണ് മൂന്നുമാസം ഗര്‍ഭിണിയായ ലൈല ബറാക എന്ന 30 കാരി. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് അവര്‍ക്ക് രണ്ടാമതൊരു കുഞ്ഞ് പിറക്കാന്‍ പോകുന്നത്. ”ബോംബുകളുടെ ഇരമ്പം കേള്‍ക്കുമ്പോള്‍ ഹൃദയം തകരും. രാത്രികളില്‍ അതിന്റെ തീവ്രത കൂടുതലാണ്. ഭീതിദമായ അന്തരീക്ഷമാണത്. അഞ്ചുവയസുള്ള മകനെയും കെട്ടിപ്പിടിച്ച് ഞാന്‍ ആശ്വസിക്കാന്‍ വെറുതെ ശ്രമം നടത്തും. എന്നാല്‍ ഒരിക്കലും കഴിയില്ല.”ലൈല വിവരിക്കുന്നു.

ഖാന്‍ യൂനിസിലെ നഗരമായ ബനി സുഹൈലയില്‍ നിന്നാണ് ബറാക്ക വരുന്നത്. ഇവര്‍ക്ക് ഡോക്ടര്‍മാരുടെ സേവനവും അപ്രാപ്യമാണ്.

അരികില്‍ ഏതുനേരവും ഉമ്മയുണ്ടെന്ന ഏക ആശ്വാസമാണ് ബറാക്കക്ക്. എന്നാല്‍ ചലനമറ്റു കിടക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണുന്നത് വരേയേ ആ ആശ്വാസത്തിന് ആയുസുള്ളൂ.- അവര്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ ആക്രമിക്കപ്പെടാം എന്ന അവസ്ഥയിലാണ് ഗസ്സ വാസികള്‍. ഒക്ടോബര്‍ ഏഴിനു തുടങ്ങിയ ഇസ്രായേലിന്റെ നരനായാട്ടില്‍ 6500 ഫലസ്തീനികളുടെ ജീവനാണ് നഷ്ടമായത്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുഞ്ഞുങ്ങളുമാണ്.

അഞ്ചുവര്‍ഷത്തെ ഐ.വി.എഫ് ചികിത്സക്കു ശേഷം ജനിച്ച പേരക്കുട്ടി ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ മരിച്ചുകിടക്കുന്നത് കണ്ണീരടങ്ങാതെ നോക്കിനില്‍ക്കുന്ന ഡോക്ടറുടെ ദൃശ്യം കണ്ടപ്പോഴാണ് താനേറ്റവും നൊമ്പരപ്പെട്ടതെന്ന് പറയുന്നു ബറാക്ക.

ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന വിധിയെ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറുണ്ടോ ഞങ്ങള്‍ അമ്മമാര്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷം നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുമോ? അവര്‍ ചോദിക്കുന്നു.

ഗസ്സയില്‍ തകര്‍ന്ന് ദുര്‍ഘടമായ റോഡിലൂടെയുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഗര്‍ഭിണികളുടെ ആരോഗ്യാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പ്രസവശേഷമുണ്ടായ രക്തസ്രാവം നിലക്കാത്തത് മൂലം കഷ്ടപ്പെട്ട യുവതിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിച്ചത്- ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഗസ്സയിലെ ആശുപത്രികളെയും ഇസ്രായേല്‍ അനുദിനം തകര്‍ക്കുകയാണ്. ഫലസ്ത്രീന്‍ ഫാമിലി പ്ലാനിങ് ആന്‍ഡ് പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം വൈദ്യുതിയും ചികിത്സ സംവിധാനവുമില്ലാതെ 37000 സ്ത്രീകള്‍ പ്രസവം കാത്തുകഴിയുന്നുണ്ട്. നിരവധി ഗര്‍ഭിണികള്‍ തന്നെ വിളിക്കാറുണ്ടെന്ന് ഡോ,അബു ഹതാബ് പറയുന്നു. എന്നാല്‍ എന്തു ചെയ്യാനാണ്. ഉപോരധങ്ങള്‍ക്കു നടുവില്‍ ഇസ്‌റാഈല്‍ വര്‍ഷിക്കുന്ന തീമഴക്കു കീവില്‍ കയ്യിലുള്ളതെല്ലാം നഷ്ടമായ നിലയില്‍ ഞങ്ങള്‍ ഇനിയെന്തു ചെയ്യാനാണ്- നിസ്സഹായനായി ഡോക്ടര്‍ ചോദിക്കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.