സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വരവോടെ അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിന്റെ ജനപ്രീതി പതിന്‍മടങ്ങ് വര്‍ധിച്ചതായാണ് ഫുട്‌ബോള്‍ ലോകത്തിന്റെ വിലയിരുത്തല്‍. പി.എസ്.ജിയിലെ കരാര്‍ അവസാനിച്ചതോടെ പല വമ്പന്‍ ക്ലബ്ബുകളും താരത്തെ റാഞ്ചാന്‍ കച്ചക്കെട്ടിയിരുന്നെങ്കിലും ഇന്റര്‍ മിയാമിയിലേക്ക് ചേക്കാറാനുള്ള മെസിയുടെ തീരുമാനം ആരാധകരെയും ഞെട്ടിച്ചിരുന്നു.
ലോക ഫുട്‌ബോള്‍ ലീഗുകളില്‍ വലിയ ജനപ്രീതിയില്ലെങ്കിലും അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ലീഗാണ് മേജര്‍ സോക്കര്‍ ലീഗ്. മെസിയുടെ കടന്ന് വരവോടെ വന്‍കരക്ക് പുറത്തേക്കും ലീഗിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മെസി നേടിയ ഫ്രീ കിക്ക് ഗോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് മേജര്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ ഇന്ത്യയില്‍ ലൈവായി കാണുന്നതെങ്ങനെയെന്ന ചോദ്യവുമായി നിരവധി മെസി ആരാധകരും രംഗത്തെത്തിയത്. ഇന്ത്യയിലെ പ്രധാന സ്‌പോര്‍ട്‌സ് സംപ്രേക്ഷകരായ സ്റ്റര്‍ സ്‌പോര്‍ട്‌സ്, സോണി, വിയാകോം 18 എന്നീ നെറ്റ് വര്‍ക്കുകളൊന്നും തന്നെ മേജര്‍ ലീഗ് സോക്കര്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈയൊരവസരത്തിലാണ് താരത്തിന്റെ മത്സരങ്ങള്‍ എങ്ങനെ കാണാമെന്ന സംശയവുമായി ആരാധകര്‍ രംഗത്തെത്തിയത്.
നിലവില്‍ ചാനലുകളില്‍ നിന്ന് കളി കാണാന്‍ കഴിയില്ലെന്നത് വസ്തുതയാണ്. പക്ഷെ പരിഹാരമുണ്ട്. ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ ഇനി മുതല്‍ ഇന്ത്യക്കാര്‍ക്കും മത്സരങ്ങള്‍ ലൈവായി കാണാനാണ് അവസരമൊരുങ്ങുന്നത്. ആപ്പിള്‍ ടി.വിയിലൂടെയാണ് മത്സരങ്ങള്‍ കാണാനാവുക. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ആപ്പിള്‍ ടി.വിയിലൂടെ മത്സരം ലൈവായി കാണാന്‍ സാധിക്കും. ഫെബ്രുവരി 25നാണ് മേജര്‍ ലീഗ് സോക്കര്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ഡിസംബര്‍ ഒമ്പതിനാണ് ലീഗിലെ ഫൈനല്‍ മത്സരം.
Comments are closed for this post.