പുളിയൂര്‍, മൂവാണ്ടന്‍, സിന്ദൂരം, മല്‍ഗോവ, ബങ്കനപ്പള്ളി, നീലം… വിപണി നിറയെ പഴുത്ത മാമ്പഴങ്ങള്‍.. മധുരമൂറുന്ന മാമ്പഴക്കാലം കഴിയാന്‍ ഇനി അധികനാളില്ല. വീട്ടുമുറ്റത്തില്ലെങ്കിലും മാര്‍ക്കറ്റില്‍ നിന്നും മാങ്ങ വാങ്ങി കഴിക്കുന്നത് മലയാളികളുടെ പതിവ് ശീലമാണ്. പക്ഷേ ഇത്തരത്തില്‍ മാമ്പഴം വാങ്ങിക്കുമ്പോള്‍ അതില്‍ കെമിക്കലുകലുകള്‍ അടിച്ചെത്തിയതാണോ എന്ന് നിങ്ങള്‍ പരിശോധിക്കാറുണ്ടോ?. കുഞ്ഞു കുട്ടികള്‍ക്കു വരെ പ്രിയപ്പെട്ട മാമ്പഴം വാങ്ങിക്കുമ്പോള്‍ നമ്മള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് പ്രധാനമല്ലേ..
വിപണിയില്‍ നിന്ന് വാങ്ങുന്ന നല്ല പഴുത്തതെന്ന് തോന്നിപ്പിക്കുന്ന, നല്ല മഞ്ഞ നിറത്തിലുള്ള മാമ്പഴത്തിന് മധുരമില്ലെന്നും പഴകിയതാണെന്നുമൊക്കയുള്ള പരാതികള്‍ വ്യാപകമായി ഉയരാറുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പാകമാകാത്ത മാങ്ങ കാര്‍ബൈഡ് വാരിവിതറിയാണ് വേഗത്തില്‍ പഴുപ്പിക്കുന്നത്. കാര്‍ബൈഡ് പ്രയോഗിക്കുമ്പോള്‍ നല്ല മഞ്ഞ നിറമാകുന്ന മാമ്പഴം ആരെയും കൊതിപ്പിക്കുന്നതായിരിക്കും. സ്വാഭാവികമായി പഴുക്കാത്തതായതിനാല്‍ പക്ഷേ മധുരമില്ലാത്തതായിരിക്കും.
മാങ്ങ അട്ടിയിട്ടശേഷം ഇതിന് താഴെയായി പൊടി നിക്ഷേപിച്ച് അടച്ചുവെച്ചാല്‍ ഒരുദിവസംകൊണ്ട് തൊലി മഞ്ഞനിറമുള്ളതായി മാറും. കാര്‍ബൈഡ് കലര്‍ത്തുമ്പോഴുണ്ടാകുന്ന അസറ്റലിന്‍ എന്ന വാതകത്തിന്റെ പ്രവര്‍ത്തനഫലമായാണ് മാങ്ങ വേഗത്തില്‍ നിറംവയ്ക്കുന്നത്. ഇങ്ങനെ പഴുപ്പിച്ച മാമ്പഴം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും ദഹനപ്രക്രിയ താറുമാറാക്കുകയും ചെയ്യും.
കെമിക്കലുകള്‍ ചേര്‍ത്ത് പഴുപ്പിച്ചെടുത്തതാണോ എന്ന് മാമ്പഴത്തിന്റെ നിറം നോക്കി നമുക്ക് മനസിലാക്കാന്‍ കഴിയും. കൃത്രിമമായി പഴുപ്പിച്ചെടുത്ത മാമ്പഴത്തില്‍ അവിടവിടെയായി പച്ച നിറത്തില്‍ പാടുകള്‍ കാണാന്‍ സാധിക്കും. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചെടുക്കുമ്പോഴാണ് ഇങ്ങനെ പച്ചപാടുകള്‍ കാണാന്‍ സാധിക്കുക.
സാധാരണ പഴുത്ത മാമ്പഴത്തിനുണ്ടാകുന്ന വലുപ്പത്തേക്കാള്‍ കുറഞ്ഞതാണെങ്കില്‍ അത് വാങ്ങാതിരിക്കുന്നതാണ് നല്ലത്. മാങ്ങയുടെ പുറത്ത് ജ്യൂസ് ഒലിച്ച് നില്‍ക്കുന്നതായി കാണുകയാണെങ്കില്‍ അതിനകത്ത് മരുന്ന് ഇഞ്ചക്ട് ചെയ്ത് നല്‍കിയിട്ടുണ്ടെന്ന് മനസിലാക്കാം
മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണെന്ന് സംശയമുണ്ടെങ്കില്‍ അതൊന്ന് ഒരു ബക്കറ്റിലിട്ടു നോക്കൂ.. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത് സ്വാഭാവികമായി പഴുത്ത മാമ്പഴമാണെന്ന് മനസിലാക്കാം. എന്നാല്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അത് മരുന്നടിച്ച് പഴുപ്പിച്ചതായിരിക്കും.
പഴുത്തതും മധുരമുള്ളതുമായ മാമ്പഴം തിരിച്ചറിയാന്‍ വളരെ എളുപ്പമാണ്. മാങ്ങ വാങ്ങുമ്പോള്‍ ചെറുതായി ഒന്ന് അമര്‍ത്തിനോക്കൂ. മാമ്പഴം മൃദുവായിരിക്കുകയാണെങ്കില്‍ നന്നായി പഴുത്തതാണെന്ന് മനസിലാക്കാം. പക്ഷേ മാങ്ങ അമര്‍ത്തുമ്പോള്‍ ചില സ്ഥലങ്ങളില്‍ മാങ്ങ ഉറപ്പുള്ളതായി തോന്നിയാല്‍, മാങ്ങ ശരിയായി പഴുക്കാത്തതും രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചെടുത്തതാണെന്നും മനസിലാക്കാം.
മാങ്ങയുടെ അറ്റത്തുള്ള ചെറിയ ഞെട്ട് മണത്ത് നോക്കുമ്പോള്‍ അതിന് പഴുത്തമാങ്ങയുടെ ഗന്ധമാണ് ഉള്ളതെങ്കില്‍ അത് സ്വാഭാവികമായി തന്നെ പഴുത്തതാണെന്ന് മനസ്സിലാക്കാം. അതല്ല ചെറിയ രീതിയില്‍ ഒരു പുളിക്കുന്ന മണം അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌മെല്ലാണ് വരുന്നത് എങ്കില്‍ അതില്‍ വിഷം അടിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാം.
സ്വാഭാവികമായി പാകമായ മാമ്പഴത്തിന് തവിട്ടുനിറത്തിലുള്ള പാടുകളാണുണ്ടാവുക. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുത്തവയ്ക്ക് വിളറിയതോ വെളുത്തതോ ആയ പാടുകളാവും ഉണ്ടാവുക.
How to know if mango is ripened with chemicals
Comments are closed for this post.