2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മിസൈലുകള്‍ തകര്‍ക്കാന്‍ അയണ്‍ ഡോമുകളില്ല, ഓടിയൊളിക്കാന്‍ ഇടത്താവളമില്ല; കടുത്ത ഉപരോധത്തിനിടയിലും ഫലസ്തീന്‍ ജനത പൊരുതുന്നത് അവസാന തുണ്ട് ഭൂമി സംരക്ഷിക്കാന്‍

 

മസ്ജിദുല്‍ അഖ്‌സയില്‍ റമദാന്‍ പുണ്യമാസത്തില്‍ രാത്രി നിസ്‌കാരത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കേയാണ് ഇസ്‌റാഈല്‍ സൈന്യത്തിന്റെ റബ്ബര്‍ ബുള്ളറ്റുകള്‍ ചീറ്റിത്തുടങ്ങിയത്. അവരപ്പോഴും പിന്തിരിഞ്ഞോടിയില്ല, നാഥനില്‍ സുജൂദിലായി കഴിഞ്ഞു. കയ്യില്‍ കിട്ടുന്നവരെയൊക്കെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും, അവരൊട്ടും പതറിയില്ല. ചിരിച്ച മുഖത്തോടെ, തികഞ്ഞ അവജ്ഞതയോടെ അവര്‍ ഇസ്‌റാഈല്‍ സൈന്യത്തെ നേരിട്ടു.

പിന്നീടിങ്ങോട്ട് ഇസ്‌റാഈല്‍ ആക്രമണം കടുപ്പിച്ചു. തോക്കുകള്‍ക്ക് പകരം മിസൈലുകള്‍ ചീറിയെത്തി. ഗസ്സയിലെ ഒന്‍പതു നില കെട്ടിടം നിലംപരിശാക്കിക്കൊണ്ട് മിസൈലുകള്‍ പതിച്ചപ്പോഴാണ് ഫലസ്തീന്‍ പോരാളി സംഘടനയായ ഹമാസ് തിരിച്ചടി തുടങ്ങിയത്.

ഇസ്‌റാഈല്‍ നേരിട്ടത് വന്‍ തിരിച്ചടി

ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങള്‍, രഹസ്യാന്വേഷണ സംഘം എന്നിട്ടും, ഇസ്‌റാഈല്‍ സൈന്യത്തിന് വന്‍ പ്രഹരമാണ് ഇന്നലെ ഹമാസില്‍ നിന്ന് നേരിടേണ്ടിവന്നത്.

ഇസ്റാഈലിലെ പൈപ്പ് ലൈനില്‍ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം

മിസൈലുകള്‍ അതിര്‍ത്തി കടക്കും മുന്‍പേ തകര്‍ക്കാന്‍ ശേഷിയുള്ള ഇസ്‌റാഈലിന്റെ അയണ്‍ ഡോം എന്ന പ്രതിരോധ സംവിധാനം ഹമാസിന്റെ മിസൈലുകളെ നേരിടുന്ന വന്‍ പരാജയമായിരുന്നു. ഇസ്‌റാഈലിന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ പോലും മിസൈലാക്രമണം നടന്നു. അഞ്ചു പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അഷ്‌കലോണിലെ പൈപ്പ്‌ലൈനിലേക്ക് മിസൈല്‍ തൊടുത്തു. ഇവിടെ വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു.

അഞ്ചു മിനിറ്റിനുള്ളില്‍ 137 മിസൈലുകള്‍

നിമിഷനേരം കൊണ്ട് അനവധി മിസൈലുകളാണ് ഹമാസ് ഇസ്‌റാഈലിലേക്ക് തൊടുത്തത്. ഇതില്‍ പലതും അയണ്‍ ഡോം കൊണ്ട് നിഷ്പ്രഭമാക്കി. ഇതിന്റെ അവശിഷ്ടം വീണാണ് പലയിടത്തും നാശനഷ്ടങ്ങളുണ്ടായത്. അഞ്ചു മിനിറ്റില്‍ 137 മിസൈലുകളാണ് തൊടുത്തത്. ഇരുനൂറില്‍ ഏറെ മിസൈലുകള്‍ തൊടുത്തുവെന്ന് ഹമാസ് സ്ഥിരീകരിച്ചിരുന്നു.

ഗസ്സയില്‍ നിന്നുള്ള ദൃശ്യം

ഗസ്സയ്ക്കുള്ളത് മനക്കരുത്ത് മാത്രം

എന്നാല്‍ കൂടുതല്‍ ആളപായങ്ങളുണ്ടായത് ഫലസ്തീനാണ്. ഇതിനകം 14 കുട്ടികളടക്കം 48 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്‌റാഈലില്‍ നിന്ന് കുറഞ്ഞ വ്യോമാക്രമണമാണ് നടക്കുന്നതെങ്കിലും ഒരു തരത്തിലുള്ള പ്രതിരോധ സംവിധാനവും ഗസ്സയിലില്ല. ഗസ്സയില്‍ നിന്നുള്ള വാലി മഹ്മൂദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഫെയ്‌സ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു: ”ഒരു രാത്രി ക്യാംപില്‍ താമസിക്കേണ്ടി വന്ന ഇസ്‌റാഈലിനു വേണ്ടി ലോകം കണ്ണീരൊഴുക്കുമ്പോള്‍, ഗസ്സ ഒരു കാര്യം ഓര്‍മപ്പെടുത്തുന്നു, ഇവിടെ അയണ്‍ ഡോമുകളില്ല, മാറിപ്പാര്‍ക്കാന്‍ ക്യാംപുകളില്ല, രക്ഷപ്പെടാന്‍ ഇടവഴികളില്ല, മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളില്ല, സുരക്ഷിതമായ സ്ഥാനങ്ങളില്ല, എല്ലാത്തിനും പുറമെ, ഇസ്‌റാഈലിന്റെ ഉപരോധവും”.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.