വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുന്നത് സ്വാഭാവികമായ കാര്യമാണ് കേരളത്തില്‍. സ്വര്‍ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അതൊരു നിക്ഷേപമായാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാല്‍ എത്രത്തോളം സ്വര്‍ണം ഒരോരുത്തരുടേയും കൈയ്യില്‍ സൂക്ഷിക്കാനാവും എന്നത് സംഭവിച്ച് നമുക്ക് ധാരണ കുറവായിരിക്കും. സ്വര്‍ണ്ണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പുറമേ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ നിയമങ്ങള്‍ എന്താണ് പറയുന്നതെന്നതും ഒരാള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
നിങ്ങള്‍ക്ക് എത്ര സ്വര്‍ണം വേണമെങ്കിലും വീട്ടില്‍ സൂക്ഷിക്കാം. പക്ഷേ അവയുടെ കൃത്യമായ ഉറവിടം വെളിപ്പെടുത്താന്‍ ഉടമസ്ഥന് കഴിയണം. എന്നാല്‍ ഉറവിടം വ്യക്തമാക്കാതെ എത്രത്തോളം സ്വര്‍ണം സൂക്ഷിക്കാമെന്ന് നമുക്ക് നോക്കാം.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ അളവില്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കഴിയില്ലെന്ന കാര്യം അറിയാമോ നിങ്ങള്‍ക്ക്? അതില്‍തന്നെ വിവാഹിതയായ സ്ത്രീയ്ക്കും അവിവാഹിതയായ സ്ത്രീയ്ക്കും സൂക്ഷിക്കാന്‍ കഴിയുന്ന സ്വര്‍ണത്തിന്റെ അളവിലും വ്യത്യാസമുണ്ട്.
വിവാഹിതയായ ഒരു സ്ത്രീക്ക് സാമ്പത്തിക ഉറവിടം വ്യക്തമാക്കാതെ 500 ഗ്രാം(62.25 പവന്‍) വരെ സ്വര്‍ണം കൈവശം വയ്ക്കാം. എന്നാല്‍ അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം(31.25 പവന്‍) വരെ സ്വര്‍ണം ഇത്തരത്തില്‍ കൈവശം വയ്ക്കാനാവും. എന്നാല്‍ കുടുംബത്തിലെ പുരുഷനായ അംഗത്തിന് 100 ഗ്രാം (12.5 പവന്‍) സ്വര്‍ണം മാത്രമാണ് ഇത്തരത്തില്‍ കൈവശം വയ്ക്കാനാവുക.
വരുമാനവുമായി ബന്ധപ്പെട്ട രേഖകളിലെ കണക്കുമായി യോജിക്കുന്നില്ലെങ്കിലും ഈ പരിധികളില്‍ കുറഞ്ഞ സ്വര്‍ണം ഒരാള്‍ കൈവശം വച്ചതായി കണ്ടെത്തിയാല്‍ അത് പിടിച്ചെടുക്കാന്‍ ആദായ നികുതി വകുപ്പിന് സാധിക്കില്ല.
കൃഷി, ഗാര്‍ഹിക സമ്പാദ്യം അല്ലെങ്കില്‍ നിയമപരമായി പാരമ്പര്യമായി ലഭിച്ച വരുമാന സ്രോതസ്സ് എന്നിവ ഉപയോഗിച്ച് സ്വര്‍ണ്ണമോ ആഭരണങ്ങളോ വാങ്ങുകയാണെങ്കില്‍, ആ സ്വര്‍ണ്ണത്തിന് ഒരു നികുതിയും ബാധകമല്ലെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT)നിയമങ്ങള്‍ പറയുന്നത്. കൃത്യമായ വരുമാന സ്രോതസ്സുകള്‍ ഉപയോഗിച്ച് വാങ്ങുന്നിടത്തോളം കാലം സ്വര്‍ണ്ണമോ ആഭരണങ്ങളോ സൂക്ഷിക്കുന്നതിന് പരിധിയില്ലെന്നും നിയമങ്ങള്‍ പറയുന്നു.
പരിധിക്കപ്പുറം സ്വര്‍ണം വീട്ടിലുണ്ടെങ്കില്‍:
ഒരാള്‍ തന്റെ വീട്ടില്‍ പരിധികള്‍ക്കപ്പുറത്ത് സ്വര്‍ണം സൂക്ഷിക്കുകയാണെങ്കില്‍, അവര്‍ക്ക് സ്വര്‍ണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണം. സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമര്‍പ്പിക്കുന്ന, ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫിന്റെ സഹായത്താല്‍ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ സൂക്ഷിക്കുന്ന ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഇവിടെ ഉപയോഗിക്കാം. എന്നാല്‍ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനാവും. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കുടുംബത്തിലെ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.
Comments are closed for this post.