2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘മുസ്‌ലിംകളോട് വെറുപ്പില്ലാത്ത വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകരെ മാത്രമേ മൂന്നു പതിറ്റാണ്ടിനിടെ പരിചയപ്പെട്ടിട്ടുള്ളൂ’: ഇസ്‌ലാമോഫോമിക് ഉദ്യോഗസ്ഥവൃന്ദത്തെ തുറന്നുകാട്ടി ഒരു കുറിപ്പ്

Sudesh M Raghu ഫെയ്സ്ബുക്കില്‍ കുറിച്ചത്:

 

ഒരിക്കല്‍, രാഷ്ട്രീയസാമൂഹിക വിഷയങ്ങളിലൊന്നും അഭിപ്രായം പറയാത്ത, വളരെ സൌമ്യനായ സഹപ്രവര്‍ത്തകന്‍ (ഈഴവ സമുദായം) , ഞാന്‍ മുസ്ലിങ്ങളോട് അനുഭാവം കാണിക്കുന്നു എന്നു പറഞ്ഞു പൊട്ടിത്തെറിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ അവിടെയുണ്ടായിരുന്ന, ശാസ്ത്രസാഹിത്യപരിഷത്തുകാരനായ ഉദ്യോഗസ്ഥന്‍(ദലിത്) നിശ്ശബ്ദതയിലൂടെ അയാളെ പിന്തുണച്ചപ്പോള്‍ വിഷമവും തോന്നി.
എന്റെ ഫെയ്‌സ്ബുക്ക് ഇടപെടലുകളെക്കുറിച്ചൊന്നും അറിയാത്ത മറ്റൊരു സഹപ്രവര്‍ത്തകന്‍(ലത്തീന്‍) ഒരു സന്ദര്‍ഭത്തില്‍ ചോദിക്കയുണ്ടായി:’ നിങ്ങള്‍ സുഡാപ്പിയാണെന്നാണല്ലോ മറ്റേ സാര്‍ (ഈഴവ) പറഞ്ഞത്’. ‘എന്താ അങ്ങനെ പറയാന്‍?’ എന്നു ചോദിച്ചപ്പോള്‍, ‘നിങ്ങള്‍ ഫെയ്‌സ്ബുക്കിലൊക്കെ മുസ്ലിങ്ങളെ ന്യായീകരിച്ചെഴുതുന്നു എന്നാണല്ലോ കേള്‍ക്കുന്നത്.’

മട്ടാഞ്ചേരിയിലെ ഒരു മുസ്ലിം മാനേജ്‌മെന്റ് സ്‌കൂളില്‍ ആരോഗ്യ പരിപാടി നടക്കുമ്പോള്‍, അവിടത്തെ താടിവച്ച മുസ്ലിമിനെ കണ്ട്
സഹപ്രവര്‍ത്തക(ഓബീസീ) , ‘ആളെ കാണാനൊക്കെ കൊള്ളാം. പക്ഷേ ഉള്ളില്‍ വര്‍ഗീയതയായിരിക്കും അല്ലേ?’ എന്ന ആശങ്ക പങ്കുവച്ചു
തന്റെ ബന്ധുവായ യുവതി, ഒരു മുസ്ലിമിനെ പ്രേമിച്ച് ഒളിച്ചോടിയെന്നറിഞ്ഞ ദലിത് സഹപ്രവര്‍ത്തകന്‍ എന്നോടക്കാര്യം ഫോണില്‍ സംസാരിച്ചപ്പോള്‍ സങ്കടപ്പെട്ടത്, ‘വേറെ ഏതു വിഭാഗക്കാരന്റെ കൂടെപ്പോയാലും പ്രശ്‌നമില്ലായിരുന്നു’ എന്നാണ്.

ചുരുക്കിപ്പറഞ്ഞാല്‍, മുസ്ലിങ്ങളോട് വെറുപ്പില്ലാത്ത വിരലിലെണ്ണാവുന്ന സഹപ്രവര്‍ത്തകരെ മാത്രമേ മൂന്നു പതിറ്റാണ്ടിനിടെ പരിചയപ്പെട്ടിട്ടുള്ളൂ. ഹിന്ദു ആഘോഷങ്ങളെയും ചടങ്ങുകളെയും ആചാരങ്ങളെയും സര്‍ക്കാര്‍ തന്നെ നോര്‍മലൈസ് ചെയ്തിട്ടുള്ളതിനാല്‍ (ഓണാഘോഷം, നിലവിളക്കു കൊളുത്തല്‍, ഭൂമിപൂജ,കേരളസാരി തുടങ്ങിയവ) ഉദ്യോഗസ്ഥര്‍ പൊതുവില്‍ മൃദുഹിന്ദുത്വ നിലപാടുള്ളവരാകുന്നതില്‍ അദ്ഭുതമില്ല.

ജോലി ചെയ്തിരുന്ന ഒരു സ്ഥാപനത്തില്‍ ദുര്‍ഗാഷ്ടമിക്ക് ഓപ്പറേഷന്‍ തീയറ്ററില്‍ ഉപകരണങ്ങള്‍ പൂജവച്ചിട്ട് അതിന്റെ ഫോട്ടോ എടുത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തപ്പോള്‍, ഇത്തരം മതപരമായ ചടങ്ങുകള്‍ പൊതുസ്ഥാപനത്തില്‍ നടത്താന്‍ പാടില്ലെന്നു പറഞ്ഞ് ഞാനതു ചോദ്യം ചെയ്യുകയുണ്ടായി. എന്നെ എല്ലാരും കൂടി കൊന്നില്ലെന്നേയുള്ളൂ. സംഘികളായ രണ്ടു ഡോക്റ്റര്‍മാര്‍ എന്നെ വ്യക്തിപരമായി വളരെയധികം ആക്ഷേപിച്ചിട്ടുപോലും ആ സ്ഥാപനത്തിലെ ഒരാള്‍പോലും എന്നെ പിന്തുണച്ചില്ല.

ജീവനക്കാര്‍ റിട്ടയര്‍ ചെയ്തുപോകുമ്പോള്‍ മിക്ക സ്ഥാപനങ്ങളിലും നിലവിളക്ക്, നടരാജ വിഗ്രഹം മുതലായ ഹൈന്ദവ ബിംബങ്ങളാണ് ഇപ്പോഴും നല്‍കുന്നത്. അങ്ങനെ ഹിന്ദുത്വത്തെ കേരളീയമാക്കി കൊണ്ടാടുന്ന കേരള പുരോഗമന സമൂഹത്തില്‍ മുസ്ലിങ്ങള്‍ അപരരാകുന്നതില്‍ അദ്ഭുതമില്ല. മുസ്ലിം ലീഗ് നേതാക്കള്‍ നിലവിളക്കു കൊളുത്താത്തതില്‍ യേശുദാസ് മുതല്‍ മമ്മൂട്ടിവരെയുള്ള സെലിബ്രിറ്റികള്‍ വരെ രോഷം കൊള്ളുന്നതിലും അദ്ഭുതപ്പെടേണ്ടതില്ല.

ക്രൈസ്തവര്‍ക്ക് ഈ ഹിന്ദുത്വവത്കരണത്തില്‍ ഒരു പരാതിയുമില്ലെന്നു മാത്രമല്ല, മിക്കപ്പോഴും അവരായിരിക്കും ഇത്തരം പരിപാടികളുടെ നടത്തിപ്പുകാര്‍. സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം ഉദ്യോഗസ്ഥന്മാര്‍ ഒന്നുകില്‍ അള്‍ട്രാ സെക്കുലറായി നിന്ന് ഇതെല്ലാം നടത്തുന്നവരോ അല്ലെങ്കില്‍ നിശ്ശബ്ദരായി ഇതെല്ലാം സഹിക്കുന്നവരോ ആണ്. ഇത്തരം പരിപാടികളില്‍ വിമര്‍ശനം നടത്താന്‍ ധൈര്യമുള്ള മുസ്ലിം ഉദ്യോഗസ്ഥരെ ഞാന്‍ കണ്ടിട്ടില്ല. വിയോജിപ്പു പ്രകടിപ്പിച്ചാല്‍ വര്‍ഗീയവാദിയെന്നും മതമൌലികവാദിയെന്നുമുള്ള അധിക്ഷേപം കേള്‍ക്കുമെന്ന് അവര്‍ക്കറിയാം.

ഇന്നലെ ടിവിയില്‍ ഒരു സിനിമയിലെ അവസാന ദൃശ്യം കാണുകയുണ്ടായി. ഏതാണു സിനിമെയന്നു മനസ്സിലായില്ല. മംത മോഹന്‍ദാസ് അവതരിപ്പിക്കുന്ന മുസ്ലിം കഥാപാത്രം പര്‍ദയൊക്കെയിട്ട് ഹിന്ദുവായ ഒരാളുടെ മരണാനന്തരക്രിയ നടത്തുന്നതാണു കണ്ടത്. ഇത്തരം മാതൃകകളാണ് യഥാര്‍ഥ മുസ്ലിം കൈക്കൊള്ളേണ്ടതെന്ന പാഠമാണ് മലയാള സിനിമയും മലയാളി പൊതുബോധവും നിരന്തരം മുസ്ലിങ്ങളോടു പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മതവിശ്വാസം മുറുകെപ്പിടിക്കുന്ന മുസ്ലിം അവരെ സംബന്ധിച്ച് കടുംപിടിത്തക്കാരനായ,മതാന്ധത ബാധിച്ച യാഥാസ്ഥിതികനും പിന്തിരിപ്പനും ആണ്.

ഇത്തരത്തില്‍ കടുത്ത മുസ്ലിംവിരുദ്ധ മനോഭാവം എല്ലാവരിലും കാണുമ്പോള്‍, സംഘികളൊഴികെയുള്ള കേരളീയര്‍ ഒന്നടങ്കം ലക്ഷദ്വീപിനുവേണ്ടി നിലകൊണ്ടത്(?) സത്യമായിട്ടും എന്നില്‍ അദ്ഭുതമുണ്ടാക്കിയിരുന്നു. സന്തോഷവും തോന്നി. എന്നാല്‍ ആ സമയത്തും ‘ലക്ഷദ്വീപ് ഇസ്ലാമിക തീവ്രവാദത്തിനു വിത്തിടുന്നോ?’, ‘ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമക്കെന്താ വിലക്ക്?’ തുടങ്ങിയ സംഘി വീഡിയോകളാണ് ഒരു റോമന്‍ കത്തോലിക്ക സഹപ്രവര്‍ത്തക അയച്ചു തന്നുകൊണ്ടിരുന്നത്.
കുറേനാളുകളായി ഇവര്‍ എനിക്ക് ഇത്തരം മെസേജുകള്‍ അയക്കാറുണ്ട്. കൂടുതലും വീഡിയോകളായതിനാല്‍ ഞാന്‍ നോക്കാറില്ല. അവരോട് തര്‍ക്കിച്ചിട്ടു കാര്യമില്ലാത്തതിനാല്‍ ഇത്തരം വീഡിയോകളോ മെസേജുകളോ അയക്കരുതെന്നു പലവട്ടം മുന്നറിയിപ്പു നല്‍കിയിട്ടും രക്ഷയില്ലാത വന്നപ്പോള്‍, വേറെ വഴിയില്ലാതെ, അവരെ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ബ്ലോക് ചെയ്യേണ്ടി വന്നു.

അവരുടെ ഈ മുസ്ലിം വിരുദ്ധതയെപ്പറ്റി മറ്റു രണ്ടു (മുന്നാക്ക) ക്രൈസ്തവ സഹപ്രവര്‍ത്തകരോടു സൂചിപ്പിച്ചപ്പോളാണ് വീണ്ടും ഞാന്‍ ഞെട്ടിയത്. രണ്ടുപേരും എന്നെ പിന്തുണച്ചില്ലെന്നു മാത്രമല്ല,ഇടതുപക്ഷക്കാരനായ സുഹൃത്ത് ആ സഹപ്രവര്‍ത്തകയുടെ ചെയ്തിയെ ശക്തമായി ന്യായീകരിക്കയും അയാളുട കുറേ മുസ്ലിംവിരുദ്ധത എന്നോടു പങ്കുവയ്ക്കയും ചെയ്തു. കോണ്‍ഗ്രസുകാരനായ മറ്റേ സഹപ്രവര്‍ത്തകന്‍ അത്രയും പറഞ്ഞില്ലെങ്കിലും, ‘വല്ലാതെ മുസ്ലിങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന’ എന്റെ നിലപാട് അത്ര ശരിയല്ലെന്നു സൂചിപ്പിച്ചു.

ഇത്രയും ഓര്‍ത്തത്, ക്ലബ്‌ഹൌസില്‍ ക്രിസ്ത്യന്‍ യുവാക്കളും പാതിരിമാരും നടത്തുന്ന മുസ്ലിംവിരുദ്ധ ഹേറ്റ് കാംപെയിനില്‍ അദ്ഭുതപ്പെടുന്ന മുസ്ലിം സഹോദരീസഹോദരന്മാരുടെ പോസ്റ്റുകള്‍ കണ്ടതിനാലാണ്. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍, മുസ്ലിം വിരുദ്ധരല്ലാത്ത ക്രൈസ്തവരെയും ഹിന്ദുക്കളെയും കണ്ടുകിട്ടുക എന്നാല്‍ അതൊരദ്ഭുതമാണ്. ചിലര്‍ പരസ്യമായി മുസ്ലിംവിരുദ്ധത പറയുന്നില്ലെന്നേയുള്ളൂ. അവരും മുസ്ലിങ്ങളെ സപ്പോര്‍ട്ട് ചെയ്ത രംഗത്തുവരികയോ മുസ്ലിങ്ങള്‍ക്കെതിരെ അവരുടെ സമുദായാംഗങ്ങള്‍ നടത്തുന്ന ഹെയ്റ്റ് ക്യാമ്പെയിനെതിരെ ശബ്ദിക്കയോ ചെയ്യില്ല.

നിശ്ശബ്ദതയിലൂടെ മുസ്ലിംവിരുദ്ധതക്ക് കൂട്ടുനില്‍ക്കുന്നവരാണ് ഇവിടത്തെ സെക്കുലര്‍ ഹിന്ദുക്കളും ക്രൈസ്തവരും വരെ. എന്തൊക്കെ പറഞ്ഞാലും മുസ്ലിങ്ങള്‍ തീവ്രവാദികളോ ഭീകരവാദികളോ വര്‍ഗീയവാദികളോ ആാണെന്ന് ഉള്ളിന്നുള്ളില്‍ കരുതുന്നവരാണ് അവര്‍ ബഹുഭൂരിപക്ഷവും. ഇത്തരമൊരു മനോഭാവം മതേതരരിലും ഇതര മതവിശ്വാസികളിലും ഉണ്ടാക്കുന്നതില്‍, ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷത്തിനും യുക്തിവാദികള്‍ക്കും വലിയ പങ്കാണുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.