2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സ്വര്‍ണം വില്‍ക്കുമ്പോള്‍ ആദായ നികുതിയുണ്ടോ? വാങ്ങുമ്പോള്‍ മാത്രമാണോ ജിഎസ്ടി?

സ്വര്‍ണം വില്‍ക്കുമ്പോള്‍ ആദായ നികുതിയുണ്ടോ?

സ്വര്‍ണത്തിന്റെ വില ദിനംപ്രതി വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ പലരും കയ്യിലുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ മടിക്കുന്നവരാണ്. പ്രത്യേകിച്ച് മലയാളികള്‍. വിവാഹത്തിന് സമ്മാനമായോ, പാരമ്പര്യമായി സമ്മാനം ലഭിച്ചതോ ആയ സ്വര്‍ണവും മറ്റ് രീതികളില്‍ നിക്ഷേപവും പലരുടെയും കയ്യിലുണ്ടാകും. വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. ഇനി സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നവര്‍ ചിലകാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.

ചില സാഹചര്യങ്ങളില്‍ സ്വര്‍ണാഭരണം സമ്മാനമായി ലഭിച്ചാല്‍ നികുതി നല്‍കേണ്ടതായി വരും. സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ നികുതി ഈടാക്കും. സമ്മാനം സ്വീകരിച്ച വ്യക്തിയുടെ നികുതി സ്ലാബിന് അനുസരിച്ചാണ് നികുതി ബാധകമാവുക. ഈ വരുമാനം ഇന്‍കം ഫ്രം അദര്‍ സോഴ്‌സ് എന്ന ഭാഗത്ത് ഉള്‍പ്പെടുത്തും.

അതേസമയം സമ്മാനത്തിന്റെ ആകെ മൂല്യം 50,000 രൂപയില്‍ കവിയുന്നില്ലെങ്കില്‍ നികുതി നല്‍കേണ്ടതില്ല. കൂടാതെ കുടുംബാംഗങ്ങളില്‍ നിന്നാണ് സമ്മാനം സ്വീകരിച്ചതെങ്കില്‍ നികുതി നല്‍കേണ്ടതില്ല. പങ്കാളി, സാഹോദരി/ സഹോദരന്‍, പങ്കാളിയുടെ സാഹോദരി/ സഹോദരന്‍, രക്ഷിതാവ് തുടങ്ങിയവരില്‍ നിന്ന് സ്വീകരിക്കുന്ന സ്വര്‍ണത്തിന് നികുതി നല്‍കേണ്ടതില്ല. കല്യാണ സമയത്ത് ലഭിക്കുന്ന സ്വര്‍ണത്തിനും നികുതി ഒഴിവാക്കിയിട്ടുണ്ട്. അനന്തരാവകാശമായി ലഭിക്കുന്ന സ്വര്‍ണവും നികുതി രഹിതമാണ്.

വാങ്ങുമ്പോള്‍ മാത്രമാണോ ജിഎസ്ടി?

സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ 3 ശതമാനമാണ് ജിഎസ്ടി. പണിക്കൂലിക്ക് മുകളില്‍ 5 ശതമാനം ജിഎസ്ടിയും ചുമത്തും. പുതിയ ആഭരണങ്ങള്‍ വാങ്ങാന്‍ പഴയ സ്വര്‍ണം മാറ്റിയെടുക്കുമ്പോള്‍ കൈമാറ്റം ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ തൂക്കം വരെ വീണ്ടും ജിഎസ്ടി ചുമത്തില്ല. അധിക ഭാരത്തിന് മാത്രമാണ് ജിഎസ്ടിക്ക് ബാധകമാവുക. വില്പന നടത്തുമ്പോള്‍ ജിഎസ്ടി ഈടാക്കില്ല.

സ്വര്‍ണം വില്‍ക്കുമ്പോള്‍ ജിഎസ്ടി ഈടാക്കുമോ

സ്വര്‍ണാഭരണങ്ങള്‍, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് എന്നിവയുടെ നികുതി മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. വാങ്ങി മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സ്വര്‍ണം വില്പന നടത്തിയാല്‍ ലാഭം ഹ്രസ്വകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. ഇത് വരുമാനത്തോടൊപ്പം ചേര്‍ത്ത് നികുതി സ്ലാബിന് അനുസരിച്ച് നികുതി ചുമത്തും. മൂന്ന് വര്‍ഷത്തിന് ശേഷമാണെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടമായാണ് കണക്കാക്കുന്നത്. 20 ശതമാനം നികുതി ചുമത്തും. ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കും.

അതേസമയം രാജ്യത്തെ ആദായനികുതി നിയമം അനുസരിച്ച് വിവാഹം കഴിഞ്ഞ സ്ത്രീക്ക് 500 ഗ്രാം വരെ സ്വര്‍ണം രേഖകളില്ലാതെ കയ്യില്‍ സൂക്ഷിക്കാം. അവിവാഹതിയ്ക്ക് 250 ഗ്രാമും സൂക്ഷിക്കാം. പുരുഷനാണെങ്കില്‍ രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാം ആണ്.

വരുമാന സ്രോതസ് തെളിയ്ക്കാന്‍ സാധിക്കുമെങ്കില്‍ കയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണാഭരണത്തിന് യാതൊരു നിയന്ത്രണവുമില്ല. ഇക്കാര്യം 1994 ലെ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലറിലുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.