2021 January 16 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രളയ വൃത്താന്തം മാപ്പിള കാവ്യങ്ങളില്‍

ശമീര്‍ കരിപ്പൂര്

 
നനുത്ത ഓര്‍മകള്‍ സമ്മാനിക്കുന്ന അനുഭൂതിയുടെ ഉത്സവമാണ് മഴയും മഴക്കാലവും. അതുകൊണ്ടാണ് സര്‍ഗ്ഗ സാഹിത്യ വിഭവങ്ങളില്‍ മഴയോര്‍മകള്‍ വായനക്കാരില്‍ ആത്മ ലഹരിയുടെ വസന്തം ചാര്‍ത്തുന്നത്.
മിഴിക്ക് നീലാഞ്ജന പുഞ്ജമായും
ചെവിക്ക് സംഗീത സാരമായും
മെയ്യിന് കര്‍പ്പൂര പൂരമായും
പുലര്‍ന്നുവല്ലോ പുതുവര്‍ഷ കാലം
 
എന്ന വൈലോപ്പിള്ളി കവിതാശകലം നമ്മുടെ മനസകങ്ങളില്‍ ആര്‍ദ്രമായ മഴയുടെ ചിത്രം വരച്ചിടുന്നു. മഴയോര്‍മകളെപ്പോലെ തന്നെ അതിലെ പ്രകൃതിക്ഷോഭത്തില്‍ ഉരുവപ്പെടുന്ന നഷ്ട കഷ്ടതകളും നമ്മുടെ സാഹിത്യ മണ്ഡലത്തില്‍ രചനാ വിസ്മയം തീര്‍ത്തിട്ടുണ്ട്. മനുഷ്യന്റെ വിചാര വികാരങ്ങളെ ഒപ്പിയെടുക്കുന്ന പ്രാദേശിക സാഹിത്യരചനകളില്‍ സവിശേഷതയര്‍ഹിക്കുന്ന മാപ്പിള കാവ്യങ്ങളിലും പ്രളയക്കെടുതിയുടെ ഭീതിതമായ ചിത്രം പ്രത്യേകസ്ഥാനം പിടിച്ചിട്ടുണ്ട്. പ്രളയകാലത്തെ മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍, വന്‍മരങ്ങള്‍ കടപുഴകി വീഴല്‍, പുഴകളും തോടുകളും കരകവിഞ്ഞൊഴുകി ജന സാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വെള്ളം കയറല്‍ തുടങ്ങിയ നാശനഷ്ടങ്ങള്‍ വിവരിക്കുന്ന അറബി മലയാള ലിപിയിലുള്ള മാപ്പിള കാവ്യങ്ങള്‍ ഏവരിലും വിസ്മയം ജനിപ്പിക്കും. ചരിത്രത്തിന്റെ നാള്‍വഴികളിള്‍ പ്രകൃതി സംഹാര താണ്ഡവമാടിയ ഇടങ്ങളെ ഇത്രമേല്‍ വസ്തുനിഷ്ഠമായി അടയാളപ്പെടുത്തുന്ന കൃതികള്‍ ഒരുപക്ഷേ മലയാളക്കരക്ക് അപ്രാപ്യമായിരിക്കും.
 
തങ്ങള്‍ ജീവിക്കുന്ന വര്‍ത്തമാനകാലത്തെ സംഭവരാശികളെ കോര്‍ത്തിണക്കി അനുവാചകര്‍ക്ക് വ്യക്തമായ ചിത്രം നല്‍കി കാവ്യങ്ങള്‍ ചമയ്ക്കുകയെന്നത് പ്രാചീനമാപ്പിള കവികളുടെ ശ്രദ്ധേയമായ ഉദ്യമങ്ങളാണ്. 1924ല്‍ മലയാളക്കരയെ അപ്പാടെ ഗ്രസിച്ച മഹാപ്രളയത്തെ ഇതിവൃത്തമാക്കി പ്രശസ്തമാപ്പിള കവി മുണ്ടമ്പ്ര ഉണ്ണിമമ്മദ് രചിച്ച കാവ്യമാണ് ‘വെള്ളപ്പൊക്കം’ എന്ന കൃതി. പ്രളയത്താല്‍ പരിഭ്രാന്തരായ ജനം വീടകങ്ങളില്‍ നിന്ന് പ്രാണരക്ഷാര്‍ഥം കയ്യില്‍ കിട്ടിയതെല്ലാമെടുത്ത് കവലകളിലേക്ക് രക്ഷതേടി നീങ്ങുന്ന രംഗം മുണ്ടമ്പ്ര ഉണ്ണി മമ്മദ് വരച്ചിടുന്നത് ഇങ്ങനെ:
 
ഇശല്‍: കൊമ്പ്
 
കാട്ടിയം മഗ്‌രിബ് മുതല്‍ നേരം പുലര്‍വോളം
കയ്യുന്നെ ജനം ബീട്ടിന്നടവെ കോളും, എടുത്ത്
കവലിയെ സ്ഥലങ്ങളില്‍ അടങ്ങി ആളും
 
ബാട്ടത്താല്‍ പലേ ദിക്‌റും സ്വലാത്തും ഓതിരിന്നിട്ടെ
ബാടാ വെള്ളം ഇറങ്ങാന്‍ ഏകനില്‍ തേടിട്ടെ, ശംസ്
വരെ അപ്പോള്‍ ബസാറേതാനുമേ മുങ്ങിട്ടേ..
 
പ്രളയനഷ്ടം ഇങ്ങനെ
 
തെങ്ങ്, കവുങ്ങ് തുടങ്ങി വന്‍മരങ്ങള്‍ കടപുഴകി വീഴുന്നതും, കൃഷിയിടങ്ങളില്‍ മുളപൊട്ടി വരുന്ന വിളകളെ വെള്ളം വിഴുങ്ങുന്ന രംഗങ്ങള്‍ മുതല്‍ മഴയേ സംഭ്രമജനകമാക്കിത്തീകര്‍ക്കുന്ന കാറ്റും ഇടിയുമെല്ലാം കവി ശോകജനകമായ ഇശലില്‍ പകര്‍ത്തുന്നത് കാണുക:
 
ഇശല്‍: മണത്ത് മാരന്‍
 
നിറഞ്ഞ് വരും തരംകനിന്ത് സിറികള്‍ മത്തും ക്ഷണമേ
നടുങ്ങി കയ്യില്‍ അടങ്ങും മുതല്‍ എടുത്തുയര്‍ന്ന തനമേ
തിരിഞ്ഞോടലും കറഞ്ഞ് ദു:ഖം 
പറഞ്ഞ് കൂക്കും ബിളിയാ
തിടുങ്ങും കാറ്റും ഇടി മഴയും കിടു കിടുക്ക തിളയാര്‍
മുറിഞ്ഞ് തെങ്ങും പറിഞ്ഞ് കൗങ്ങും 
പിരിഞ്ഞ് മറ്റ് മരങ്ങള്‍
മുളച്ചെ ഏറ്റം വിളകളും പോയ് അളിഞ്ഞ പുയന്റരികള്‍..
 
71 ഇശലുകളിലായി എഴുതപ്പെട്ട ഈ കാവ്യം ഒരു തലമുറ തീക്ഷ്ണമാര്‍ന്ന പ്രകൃതിക്ഷോഭത്തെ അതിജീവിച്ചതിന്റെ ചരിത്ര സാക്ഷ്യമാണ്. പ്രളയം വിഴുങ്ങിയ വിവിധ ദേശങ്ങള്‍ മുണ്ടമ്പ്ര തന്റെ കാവ്യവരികളില്‍ സമര്‍ഥമായി അടക്കിവയ്ക്കുന്നുണ്ട്. നൂറില്‍പരം നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വെള്ളം കയറാത്ത വീടുകള്‍ ദുര്‍ലഭം. പ്രളയത്തിന്റെ വ്യാപ്തി സര്‍വ്വവ്യാപിയായ തമ്പുരാന് മാത്രമേ അറിയൂ എന്ന കാവ്യവരിയിലൂടെ പ്രളയത്തിന്റെ തീവ്രത മുണ്ടമ്പ്ര വരച്ചിടുന്നു:
 
ഇശല്‍: ചേര്‍ന്നിട്ടരികര്‍കള്‍
 
ഏറ്റം എനും ഉണ്ട് നഗരത്തില് തകര്‍ന്നിടൈ
എമ്പാന്‍ സുമാറെണ്ടം മിഅത്തില്‍ ഫൗക്കാം              
വെള്ളം, വന്നിടാതൊഴിവുടെ പുര നന്നെ കുറയും
സ്വത്തുകള്‍ പെരുത്തൊലിത്തതില്‍ കിട്ടാതറയും 
എത്തിര നശിത്തിടൈ പലേ തോട്ടം കരയും 
ഏകന്‍ ഒശി നഷ്ടം ഏവരറിയും
 
ഉരുള്‍പൊട്ടലിന്റെ വിവരണം
 
1924 ലെ പ്രളയകാലത്തെകുറിച്ച് അനുവാചാകന് ഒരു പൂര്‍ണ ചിത്രം ലഭിക്കാന്‍ മുണ്ടമ്പ്രയുടെ ഈ കാവ്യം ഏറെ സഹായകരമാണെന്നതില്‍ ഒട്ടും സന്ദേഹത്തിനിടമില്ല. അത്രമേല്‍ പ്രൗഢമാര്‍ന്ന രചനയാണിത്. പ്രളയാഘാതത്തില്‍ മനുഷ്യര്‍ക്ക് സംഭവിച്ച ഭവിഷ്യത്തുകളെ എണ്ണിപ്പറയുന്നതിനിടയ്ക്ക് കവിയുടെ ജീവിത പരിസരത്തെ നെഞ്ചുപിളര്‍ക്കുന്ന അതിദാരുണമായ ചില കാഴ്ചകളെ കുറിച്ചിടുന്നുണ്ട് കവി മുണ്ടമ്പ്ര ഉണ്ണി മമ്മദ്. അതിലൊന്ന്, ഉരുള്‍പൊട്ടലില്‍ കാണാതായ സമീപവാസികളെ തിരഞ്ഞ് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ട ആ കാഴ്ചയാണ്.!
 
ഒരു മാതാവും നാലു മക്കളും മരിച്ചു കിടക്കുന്ന ദൃശ്യമാണത്. അതില്‍ ഇളയകുഞ്ഞിനെ മാതാവ് മാറോടണച്ച് അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന ക്ഷണനേരമാണ് മണ്ണിടിഞ്ഞ് വന്ന് അവരുടെ പ്രാണനെടുത്തത്. ആ കാഴ്ച കണ്ടവരൊക്കെ സ്തബ്ധരായിട്ടുണ്ടാവാം…! ഈ സംഭവം മുണ്ടമ്പ്ര വിവരിക്കുന്നതിങ്ങനെ:
 
ഇശല്‍: മലര്‍ കയ്യാല്‍
 
വിവരം കേട്ടാളടുക്കൈ 
     വേഗം മണ്ണങ്ങെടുക്കയ്
വെളിവായ് മയ്യിത്തുകള്‍ കണ്ട്
       കരഞ്ഞൊക്കെ
മുലകുടി വിടുകാതെരു കുട്ടി
       ഉമ്മടെ കൈക്കതാ കിടക്കയ്
കിടക്കൈ ഒരു പൈതലൊട്ടി 
       കിറുഫാലുമ്മാനെ പറ്റീ
കിട്ടീ മയ്യിത്തിങ്ങനെ പോയ്
        മൂത്തൊരു കുട്ടി
എവിടെയൊ  കിളഞ്ഞൊക്കെയും
        നോക്കി കാണാതങ്ങനെ തട്ടീ…
 
 
പുലിക്കോട്ടില്‍ ഹൈദറിന്റെ വെള്ളപ്പൊക്ക മാല
 
പഴയ ഏറനാടന്‍ നാട്ടുഭാഷ വശ്യമനോജ്ഞമായി തന്റെ കാവ്യപ്രപഞ്ചത്തിലേക്ക് ആവാഹിച്ചെടുത്ത് മാപ്പിള ഗാനശാഖയെ വ്യതിരിക്തമാക്കിയ പുലിക്കോട്ടില്‍ ഹൈദറിന്റെ ‘വെള്ളപ്പൊക്ക മാല’ ഹ്രസ്വമെങ്കിലും ശ്രദ്ധേയമായ കാവ്യമാണ്. ഭാവ തീവ്രവും വൈകാരികവുമായ പുലിക്കോട്ടില്‍ ശൈലി മികവുറ്റതുമാണ്. 1962ലുണ്ടായ പ്രളയമാണ് ‘വെള്ളപ്പൊക്ക മാല’യുടെ ഇതിവൃത്തം. രണ്ട് ഇശലുകളിലായി എഴുതപ്പെട്ട ഈ കാവ്യം ഹ്രസ്വമെങ്കിലും ഭാവസാന്ദ്രമാണ്. പാട്ടില്‍ ‘എന്റെ കേരളത്തില്‍ വന്ന നാശം…’ എന്ന കവിയുടെ പ്രയോഗത്തില്‍, പിറന്ന നാടിന് വന്നുഭവിച്ച ദുര്യോഗത്തില്‍ കവിക്കുള്ള ഹൃദയവേദനയെ പ്രകാശിപ്പിക്കുന്നുണ്ട്. മനോഹരമായ മാപ്പിള കാവ്യശൈലി പുലിക്കോട്ടിലിന്റെ ‘വെള്ളപ്പൊക്ക മാല’ യെ ശ്രദ്ധേയമാക്കുന്നു. ചില വരികള്‍ ചുവടെ:
 
ഇശല്‍: കെസ്സ്
 
മുറ്റും തമര്‍ന്നതില്‍ വിട്ടു സാമാനം
ഒട്ടാകെ ഇട്ടേച്ചുപോയിട്ടേ മുതല്‍
ഒട്ടുക്കും വെള്ളത്തിലാണ്ടിട്ടേ
മുട്ടിമരം മുളയും തെരപ്പങ്ങള്‍
കെട്ടിപ്പുഴക്കല്‍ കൊണ്ടോയിട്ടേ സര്‍വ്വം
കെട്ടറ്റുവെള്ളത്തിലാണ്ടിട്ടേ…
 
ആട്, മാട്, കോഴി തുടങ്ങിയ വളര്‍ത്തു ജീവികളും പട്ടി, പൂച്ച, നായ തുടങ്ങിയവയുമെല്ലാം കുത്തിയൊഴുകി വരുന്ന പ്രളയജലത്തില്‍ ചത്തുകിടന്ന് അവയുടെ ജീര്‍ണിച്ച ശരീരങ്ങള്‍ വയലുകളില്‍ കവിഞ്ഞുനില്‍ക്കുന്ന അളിഞ്ഞ വെളളത്തോടൊപ്പം ചേര്‍ന്ന് അസഹ്യമായ ദുര്‍ഗന്ധം വമിക്കുന്ന രംഗം തുടര്‍ന്ന് തന്റെ കാവ്യത്തില്‍ പുലിക്കോട്ടില്‍ അവതരിപ്പിക്കുന്നതിങ്ങനെ:
 
കുത്തിയൊലിച്ചും ചത്ത് മലച്ചും
പോയി പട്ടിയും നായി പൂച്ചയും കോഴി
കൂടെപെരുത്താടും മാടും നശിച്ചാമോടും നശിച്ച് വയല്‍കളില്‍ ജലം
മുടി നെല്ലും വാഴത്തോട്ടമേ ചീഞ്ഞ്
കേട് പൂളക്കും വന്നേറ്റമേ..
 
കേരളം മുഴുവന്‍ പ്രളയത്തിന്റെ വ്യാപ്തിയറിഞ്ഞതായി കവി വിവരിക്കുന്നു. വടക്കേ മലബാറ് മുതല്‍ ആലപ്പുഴ, കൊച്ചി, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങള്‍ പ്രളയക്കെടുതിയുടെ നീരാളിപ്പിടിത്തത്തിലമര്‍ന്നതായി പുലിക്കോട്ടില്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രളയക്കെടുതിയില്‍ നിന്ന് അല്ലാഹുവിനോട് രക്ഷതേടുന്ന;
‘കേറി വെള്ളം കൊണ്ട് നാട്ടില്‍ വന്നണഞ്ഞിട്ടുള്ള
കേട് വേഗം തീര്‍ത്ത് രക്ഷിക്കേണമേയാ അല്ലാഹ്…’ എന്ന വരി മനുഷ്യന്റെ നിസഹായതയില്‍ നിന്ന് പ്രപഞ്ചനാഥനോട് ഇരവുതേടുകയാണ്.
 
ചരിത്ര രേഖപ്പെടുത്തല്‍ പിന്നെയും
 
മുണ്ടമ്പ്ര ഉണ്ണി മമ്മദ്, പുലിക്കോട്ടില്‍ ഹൈദര്‍ എന്നിവര്‍ക്കു പുറമേ പ്രകാശിതവും അപ്രകാശിതവുമായ നിരവധി രചനകള്‍ മാപ്പിള കാവ്യശാഖയില്‍ ഉണ്ടായിട്ടുണ്ട്. പന്നൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരുടെ ഏറെ പ്രശസ്തമായ ‘ഇമ്മലയാളത്തിക്കുറി വന്നതു പോലത്തൊരുമല വെള്ളം…’ എന്ന ഗാനം 1924 ലെ പ്രളയത്തെ പ്രതിപാദിക്കുന്ന കെസ്സ് ഇശലിലുള്ള ഏകകാവ്യമാണ്. കൊണ്ടോട്ടി സ്വദേശിയായിരുന്ന തോട്ടോളി മുഹമ്മദ്, ഹാജി അബ്ദുറസാഖ് എന്നിവരുടെയും ചെറുകാവ്യങ്ങള്‍ നിലവിലുണ്ട്. ശ്രദ്ധേയമായ മറ്റൊരു ഉദ്യമം ഡല്‍ഹി സര്‍വ്വകലാശാല അധ്യാപകനും ചരിത്രതല്‍പരനുമായ ഡോ. പി.കെ യാസര്‍ അറഫാത്ത് ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്നു കണ്ടെടുത്ത പ്രാചീനങ്ങളായ മൂന്നു പ്രളയ കാവ്യങ്ങളാണ്. അവ ‘തൂഫാന്‍ മാല’ (1909 ലെ പ്രളയം പ്രതിപാദിക്കുന്നു) യാണ് ഒന്ന്. മറ്റു രണ്ടു കൃതികള്‍ ‘മലബാര്‍ (ബാ)വാദം ജലഘോര ഗീതം’, ‘കേരള ജലഘോര ഗീതം’ എന്നിവയാണ്. പാരമ്പര്യ മാപ്പിള കാവ്യസ്‌നേഹിയായ അശ്‌റഫ് പുന്നത്ത് കണ്ടെടുത്ത ‘ലൗകീക മഹാത്ഭുതമാല’ യും 1924 ലെ പ്രളയത്തെ ഇതിവൃത്തമാക്കുന്നു. തിരൂരങ്ങാടി സ്വദേശി കളത്തില്‍ മുഹമ്മദ് കുട്ടിയുടേതാണ് ഈ രചന.
 
ഒരു സമൂഹം എത്ര ഗൗരവതരമായാണ് വര്‍ത്തമാന സംഭവ വികാസങ്ങളെ ഒപ്പിയെടുത്ത് അവയത്രയും വരും തലമുറയുടെ ചരിത്രാധ്യായങ്ങളിലേക്ക് കരുതിവച്ചതെന്ന് ഈ കാവ്യങ്ങളത്രയും സാക്ഷ്യപ്പെടുത്തുന്നു. പ്രാചീന മാപ്പിള കവികളുടെ സാമൂഹിക ഇടപെടലുകള്‍ ചരിത്രത്തില്‍ എന്നും കൗതുകമുണര്‍ത്തുന്ന അധ്യായങ്ങളാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.