2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

റിലീഫ് ക്യാംപുകള്‍ ഒഴിയണം, രോഗികളായ മാതാപിതാക്കളേയും കുഞ്ഞുങ്ങളേയുമായി എവിടെ പോകും? ഡല്‍ഹി വംശഹത്യ ഇരകള്‍ ചോദിക്കുന്നു

തന്‍സീര്‍ കാവുന്തറ

കൊവിഡ് 19 നെ കുറിച്ചുള്ള നിരന്തര ചര്‍ച്ചകള്‍ക്കിടയില്‍ ഡല്‍ഹി വംശഹത്യാ ഇരകളുടെ രോദനങ്ങള്‍ പുറംലോകം ശ്രദ്ധിക്കാതെ പോവുകയാണ്. 53 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു ആളുകള്‍ക്കു മാരകമായി പരിക്കേല്‍ക്കുകയും ഒരു ആയുസ്സിന്റെ സര്‍വ്വ സമ്പാദ്യവും ചാമ്പലാവുകയും ചെയ്തതായിരുന്നു ഡല്‍ഹി വംശഹത്യയുടെ ബാക്കിപത്രം.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ ആളിക്കത്തിയ സംഘ്പരിവാര്‍ താണ്ഡവങ്ങള്‍ക്ക് ശേഷവും ഇരകളുടെ ദൈനംദിന ജീവിതം നരകതുല്യമായി തുടരുകയാണ്. വംശഹത്യാനന്തരവും ശിവ് വിഹാര്‍, ചാന്ദ് ബാഗ്, ചമന്‍ പാര്‍ക്ക്, കര്‍ദംപുരി, ഗോകുല്‍പുരി എന്നിവിടങ്ങളിലെ മുസ്ലിം ജീവിതം ഭീതിയുടെ കരിനിഴലില്‍ തന്നെയാണ്.

പൊലിസ് മുസ്‌ലിം യുവാക്കളെ നിരന്തരം വേട്ടയാടുകയും അകാരണമായി അറസ്റ്റു ചെയ്യുകയുമാണ്. പൊലിസിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 2200 പേരെ തടങ്കലില്‍ വെച്ചിട്ടുണ്ട്. 50 പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്. ഇതിന്റെ കാരണം പൊലിസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പൊലിസ് പുറത്തു വിടാത്ത പട്ടികയിലാണ് അധികപേരു മുള്ളത്.

ബന്ധുക്കളെയോ അയല്‍വാസികളെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാനോ, പൊലിസ് നോക്കിനില്‍ക്കെ സംഘ് പരിവാര്‍ പ്രഭൃതികള്‍ തകര്‍ത്തു തരിപ്പണമാക്കിയ തങ്ങളുടെ വീടുകളും കടകളും ആരാധനാലയങ്ങളും കാണാനോ അനുവദിക്കാതെ പൊലിസ് നിര്‍ദയം പീഡിപ്പിക്കുകയാണെന്ന് ഇവര്‍ പറയുന്നു.

കലാപം അടങ്ങിയിട്ടും ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന പൊലിസുകാര്‍ മുസ്ലിം പുരുഷന്മാരെ പിടിച്ചു കൊണ്ടു പോവുന്നു. ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന തെരുവുകളില്‍ നിന്ന് ചിലരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വാഹനത്തില്‍ കയറ്റി കൊണ്ടു പോവുന്ന രംഗങ്ങളും ഇവിടുത്തെ കാഴ്ചകളാണ്. മറ്റു ചിലരെ പാതിരാത്രിയില്‍ വീട്ടില്‍ നിന്നും അടിച്ചിറക്കി കൊണ്ടു പോവുന്നു. വളരെ കുറച്ചു പേര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ ഹാജരാവാന്‍ നോട്ടീസയച്ചിട്ടുമുണ്ട്.

കലാപാനന്തരം സര്‍വ്വതും വിനഷ്ടമായി തിരിച്ചെത്തിയ പലരും സ്റ്റേഷനില്‍ ഹാജറാവാന്‍ ആവശ്യപ്പെട്ട് വീടിനു മുമ്പില്‍ പതിച്ച’ പൊലിസ് നോട്ടീസ് ‘ ആണ് കാണുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലും പൊലിസിന്റെ നിര്‍ദാക്ഷിണ്യ വേട്ട ഡല്‍ഹിയില്‍ അവസാനിച്ചിട്ടില്ല. ‘ പൊലിസ് കാക്കി ‘ കാണുമ്പോള്‍ തന്നെ ഭയചകിതരായി ഓടിയൊളിക്കുകയാണ് വംശഹത്യയുടെ ഇരകള്‍.

എവിടെയും ഭയവും സംശയവും നിരാശയുമാണ് തളംകെട്ടി നില്‍ക്കുന്നത്. ആരെയും എവിടെ വെച്ചും എപ്പോഴും പിടിച്ചു കൊണ്ടു പോയി എത്ര കാലം വേണമെങ്കിലും അഴികള്‍ക്കുള്ളിലാക്കാമെന്നതാണ് ഡല്‍ഹി പൊലിസിന്റെ ഇപ്പോഴത്തെ രീതിശാസ്ത്രം. നിയമത്തിലും നിയമപാലകരിലുമുള്ള വിശ്വാസം പാടേ നഷ്ടമായെന്നാണ് പൊലിസിന്റെ കരാളഹസ്തങ്ങളില്‍ നിന്നും ഒരുവിധം ജീവനും കൊണ്ട് രക്ഷപ്പെട്ടവര്‍ പറയുന്നത്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിപ്പിച്ച പലരെയും ഒഴിഞ്ഞ വെള്ള പേപ്പറില്‍ നിര്‍ബന്ധിച്ച് ഒപ്പ് വെപ്പിച്ച ശേഷമാണ് പൊലിസ് വിട്ടയച്ചത്. ആവശ്യമുള്ള ഏത് കുറ്റവും പൊലിസിനു എഴുതിച്ചേര്‍ക്കാമല്ലോ ! പൊലിസിനെ പേടിച്ച് പലരും വീടുകളിലേക്ക് വരുന്നില്ല.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 53 പേരുടെ മരണത്തിന് വഴിവച്ച വര്‍ഗീയകലാപം നൂറുകണക്കിന് മുസ്‌ലിം കുടുംബങ്ങളെയാണ് പെരുവഴിയിലാക്കിയത്. ഒരിക്കലും തിരിച്ചുപോവാന്‍ സാധിക്കാത്തവിധം ഇവരുടെ കുടിലുകളും ഉപജീവന മാര്‍ഗമായ ചായ മക്കാനികളും പെട്ടിക്കടകളും കത്തിച്ചാമ്പലായിട്ടുണ്ട്.

എല്ലാം നഷ്ടപ്പെട്ട ഡല്‍ഹിയിലെ ഹതഭാഗ്യരായ ഇരകളോട് പോലും മോദി, കെജ്‌രിവാള്‍ സര്‍ക്കാരുകള്‍ ദയാദാക്ഷിണ്യം കാട്ടിയില്ല എന്നല്ല, താല്‍ക്കാലികമായി ഇവരെ പാര്‍പ്പിച്ച റിലീഫ് ക്യംപുകള്‍ പോലും അടച്ചുപൂട്ടി എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

ഇരകള്‍ക്കായി ഓള്‍ഡ് മുസ്തഫാബാദ് മേഖലയില്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ റിലീഫ് ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ചുരുങ്ങിയത് ആയിരത്തോളം പേര്‍ ഇവിടെ അഭയം തേടി. ഭക്ഷണവും വസ്ത്രവും അത്യാവശ്യത്തിന് മരുന്നും നല്‍കാന്‍ സംവിധാനമുണ്ടാക്കിയിരുന്നു. അതിനിടയിലാണ് കൊറോണ വൈറസിന്റെ ഭീഷണി ഉയര്‍ന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ ഒരു ഡോക്ടര്‍ക്കടക്കം കൊവിഡ് 19 പിടിപെട്ടതായി കണ്ടെത്തി. തിരിച്ചുപോവാന്‍ വേറെ ഇടമില്ലാത്തത് കൊണ്ട് പകര്‍ച്ചവ്യാധിക്കിടയില്‍ ജീവിക്കാന്‍ തന്നെ പലരും തീരുമാനിച്ചു. പക്ഷേ, രാജ്യവ്യാപകമായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ, റിലീഫ് ക്യാംപുകള്‍ കാലിയാക്കാക്കാന്‍ നിര്‍ദേശം വന്നു. എവിടെപോകും? രോഗികളായ മാതാപിതാക്കളും കൈക്കുഞ്ഞുങ്ങളുമായി എത്രയോ കുടുംബങ്ങള്‍ കണ്ണീര്‍ വാര്‍ക്കുകയാണ്.

സംഘ്പരിവാര്‍ വര്‍ഗീയതയുടെ ബീഭത്സരൂപം തുറന്നുകാട്ടപ്പെട്ട ശിവ്വിഹാര്‍ ഭാഗത്തേക്ക് പോയാല്‍ ജീവന്‍ ബാക്കിയാവില്ല എന്ന് അവര്‍ക്കറിയാമായിരുന്നു. ജീവനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുകയാണ് ഈ ഹതഭാഗ്യര്‍ ഇന്ന്. കെജ്‌രിവാള്‍ സര്‍ക്കാര്‍ വംശഹത്യാ ഇരകള്‍ക്ക് വാഗ്ദാനം ചെയ്ത സഹായധനം ഇതുവരെ ആര്‍ക്കും ലഭിച്ചിട്ടില്ല. കര്‍ഫ്യൂവിന്റെ മറവില്‍ പൊലിസ് ഗുണ്ടാരാജാണ് നിലനില്‍ക്കുന്നത്.

 

ചമന്‍പാര്‍ക്ക് നിവാസിയായ നിസാമുദ്ധീന്റെ അനുഭവം ഇങ്ങനെ : ” ക്രൈം ബ്രാഞ്ചില്‍ നിന്നുള്ള ഒരു കൂട്ടം പൊലിസുകാര്‍ എന്റെ വീട് വളഞ്ഞു. വീടിനു ചുറ്റും ഒരു കൊടുംഭീകരവാദിയെ പിടികൂടുന്ന പ്രതീതി സൃഷ്ടിച്ചു. ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. ആളെയയച്ചപ്പോള്‍ ഞാന്‍ ഓടിയെത്തി. എന്താണ് അറിയേണ്ടതെന്ന് ഞാന്‍ ചോദിച്ചു. കലാപത്തില്‍ എനിക്ക് പങ്കുണ്ടെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമം. ആരൊക്കെയോ കല്ലെറിയുന്ന ഒരു വീഡിയോ അവര്‍ എന്നെ കാണിച്ചു. ഈ സമയത്ത് ഞാന്‍ എവിടെയായിരുന്നുവെന്ന് ചോദിച്ചു.

ബാങ്കിലായിരുന്നുവെന്നും തിരിച്ചുവന്നപ്പോള്‍ കലാപകാരികള്‍ അഴിഞ്ഞാടുന്നതാണ് കണ്ടതെന്നും ഞാന്‍ എന്റെ കുട്ടികളെയും കൂട്ടി ഓടി രക്ഷപ്പെട്ടെന്നും മറുപടി പറഞ്ഞു. എവിടേക്കാണ് പോയതെന്നും എവിടെയാണ് ഇതുവരെ താമസിച്ചതെന്നുമായിരുന്നു അടുത്ത ചോദ്യം. ശിവ് വിഹാറിലെ ഈദ് ഗാഹ് റിലീഫ് ക്യാംപിലാണ് അഭയം തേടിയതെന്ന് പറഞ്ഞു. ഒരു ബ്ലാങ്ക് പേപ്പര്‍ എന്നെ കൊണ്ട് ഒപ്പ് വെപ്പിച്ചു. ‘ പൊലിസ് ഗുണ്ടാ രാജിന്റെ ഉരുകുന്ന വേദനയും വേപഥുവും പേറി നടക്കുന്ന പരായിരങ്ങളുടെ പ്രേതഭൂമികയാണിന്ന് ഡല്‍ഹി.

അവലംബം: News laundry.com


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.