2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

96% പ്രകൃതി സൗഹൃദോല്‍പന്നങ്ങള്‍ക്ക് മുന്‍ഗണനയുമായി ഹോട്ട്പാക്ക് സുസ്ഥിരതാ റിപ്പോര്‍ട്ട്

ദുബൈ: 96% പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍ക്ക് മുന്‍ഗണനയുമായി ദുബൈ ആസ്ഥാനമായ ഭക്ഷണ പാക്കേജിംഗ് നിര്‍മാണ കമ്പനി ഹോട്ട്പാക്ക് ഗ്‌ളോബല്‍ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി. ഗ്‌ളോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവ് (ജിആര്‍ഐ) സാക്ഷ്യപ്പെടുത്തിയ കമ്പനിയുടെ ആദ്യ സുസ്ഥിരതാ റിപ്പോര്‍ട്ട് സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിര ബിസിനസ് സംവിധാനങ്ങള്‍ എന്നീ പോളിസികള്‍ ബിസിനസില്‍ നടപ്പാക്കുന്നതില്‍ ഹോട്ട്പാക്കിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
ഹോട്ട്പാക്കിന്റെ 96 ശതമാനം ഉല്‍പന്നങ്ങളും പരിസ്ഥിതി സൗഹൃദമാണെന്നും, ഹരിത സുസ്ഥിര ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അതിന്റെ സുപ്രധാന പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
റെസ്‌പോണ്‍സിബ്ള്‍ കോര്‍പറേറ്റ് സിറ്റിസണ്‍ഷിപ് (ആര്‍സിസി) വ്യവസ്ഥകള്‍ പിന്തുടരുന്ന സ്ഥാപനമായി ഹോട്ട്പാക്ക് വ്യവസായ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്നു.
ഉയര്‍ന്ന പരിസ്ഥിതി, സാമൂഹിക, കോര്‍പറേറ്റ് ഭരണ നിലവാരം കൈവരിക്കാനുള്ള തങ്ങളുടെ അര്‍പണ ബോധത്തിന്റെ തെളിവാണ് ജിആര്‍ഐ സര്‍ട്ടിഫിക്കേഷനെന്ന് ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എംഡി അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു.
ഈ പ്രക്രിയയിലുടനീളം ഓരോ ടീമംഗങ്ങള്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, സ്ഥാപനത്തിന്റെ നിലവാരം ഉയര്‍ത്താനും സുസ്ഥിര പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് സംഭാവനയാവാനും സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, ഉപഭോക്തൃ സുരക്ഷ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ അവയുടെ സ്വാധീനം മനസ്സിലാക്കാനും വ്യക്തമാക്കാനും ബിസിനസുകളെയും സര്‍ക്കാറുകളെയും സ്ഥാപനങ്ങളെയും സഹായിക്കുന്നതില്‍ അന്താരാഷ്ട്ര സ്വതന്ത്ര നിലവാര സ്ഥാപനമായ ജിആര്‍ഐ സുപ്രധാന പങ്ക് വഹിക്കുന്നു. ഹോട്ട്പാക്കിന്റെ ജിആര്‍ഐ സര്‍ട്ടിഫിക്കേഷന്‍ അതിന്റെ പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ചകള്‍ പങ്കാളികള്‍ക്ക് നല്‍കുന്നതാണ്.
പാരിസ്ഥിതിക ആഘാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹോട്ട്പാക്കിന്റെ സമര്‍പ്പണത്തെ റിപ്പോര്‍ട്ട് എടുത്തു കാണിക്കുന്നു. പരിസ്ഥിതി സൗഹൃദ സാമഗ്രികളും പാക്കേജിംഗ് സൊല്യൂഷനുകളും നിര്‍മിക്കുന്നതിലും ബയോ ഡീഗ്രേഡബിള്‍ പ്‌ളാസ്റ്റിക്കുകള്‍, റീസൈക്കിള്‍ ചെയ്ത ഉള്ളടക്കം, സസ്യാധിഷ്ഠിത പാക്കേജിംഗ് എന്നിവ ഉള്‍പ്പെടുത്തുന്നതിലും കമ്പനി മുന്‍നിരയിലാണ്. ശക്തമായ എച്ച്എസിസിപി ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും സുസ്ഥിര നിര്‍മാണം, മികവ്, നേതൃത്വം എന്നിവയില്‍ ഒമ്പത് അംഗീകാരങ്ങളുമുണ്ട്.
പരിസ്ഥിതി ബോധമുള്ള ഭക്ഷണ പാക്കേജിംഗ് സൊല്യൂഷനുകള്‍ക്കായുള്ള പ്രത്യേക ഇക്കോ റീടെയ്ല്‍ സ്റ്റോറും ഹോട്ട്പാക്ക് നടത്തി വരുന്നു. ഹോട്ട്പാക്കിന്റെ സാമൂഹിക സംരംഭങ്ങളിലെ താക്ക പദ്ധതിയില്‍ 1.2 ദശലക്ഷം ദിര്‍ഹം നിക്ഷേപം, ബിസിനസില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കല്‍, സാമൂഹിക ക്ഷേമ ത്തിനായി റമദാനില്‍ 2 ദശലക്ഷം ഭക്ഷണ പായ്ക്കുകളുടെ വിതരണം എന്നിവ ഉള്‍പ്പെടുന്നു. രണ്ടു വര്‍ഷമായി തുടര്‍ന്ന് വരുന്ന ‘ഹോട്ട്പാക്ക് ഹാപിനസ് പ്രോഗ്രാം’  കമ്പനിയുടെ ജീവനക്കാരുടെയും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അര്‍ഹരായവരുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.