2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വീട്ടിലുണ്ടാക്കാം ഫലൂദ

വൈശാഖന്‍ എം.കെ

ടേസ്റ്റി ഫുഡ് എല്ലാവരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. കൊതിയൂറും വിഭവങ്ങള്‍ നുണയുമ്പോള്‍ കാശ് നോക്കാറില്ല എന്നതാണ് വാസ്തവം. എവിടെയെല്ലാം ടേസ്റ്റി ഫുഡ് കിട്ടുമോ അവിടെയെല്ലാം തിരക്കുമാണ്. കേരളം രുചികരമായ ഭക്ഷണത്തിന്റെ കേന്ദ്രം കൂടിയാണ്. ഈ വിഭവസമൃദ്ധമായ സംസ്ഥാനത്ത് മലബാറിന്റെ തനതുരുചികളെ പിന്തുടരുന്നവരാണ് കോഴിക്കോട്ടുകാര്‍. കോഴിക്കോട്ടെ ഭക്ഷണത്തിന്റെ ഉറവിടങ്ങളിലൊന്നാണ് ചരിത്രമുറങ്ങുന്ന എസ്.കെ പൊറ്റെക്കാടിന്റെ സ്വന്തം മിഠായി തെരുവ്.

ഇവിടം ഇന്ന് ഐസ്‌ക്രീം ഡിസേര്‍ട്‌സുകളുടെ കേന്ദ്രങ്ങളാണ്. ഫലൂദയും, ഫ്രൂട്ട്‌സലാഡും, നട്ട്‌സ് ഷെയ്ക്കുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. യുവാക്കളെയും, കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നുമുണ്ട്. ഒരുപോലെ സ്വാദിഷ്ഠവും അതോടൊപ്പം പണം കുറവാണെന്നതുമാണ് ഈ മൂന്ന് ഡിസേര്‍ട്‌സുകളുടെയും സവിശേഷത. അതേസമയം ആരോഗ്യദായകമെന്നതാണ് യുവാക്കള്‍ക്ക് ഈ വിഭവങ്ങളോടുള്ള താല്‍പര്യം വര്‍ധിക്കാന്‍ കാരണമെന്ന് മിഠായിത്തെരുവിലെ കടയുടമകള്‍ പറയുന്നു.
ചില വീരന്‍മാര്‍ ഇതിന്റെയൊക്കെ റെസിപി ഫേസ്ബുക്കില്‍ ഇടുകയും ചെയ്തിട്ടുണ്ട്.

മിഠായിത്തെരുവ് സ്‌പെഷ്യല്‍ ഡിസേര്‍ട്‌സ് എന്നാണ് ഇതിന്റെ പേരുകള്‍. 30 രൂപയാണ് ഫ്രൂട്ട് സലാഡിന്റെ വില. ഫലൂദയ്ക്കും നട്‌സ് ഷെയ്ക്കിനും 40 മുതല്‍ 45 രൂപ വരെയാണ് കടകള്‍ വാങ്ങുന്നത്. സാധാരണ ഒരു ചായയും, സ്‌നാക്‌സും കഴിച്ചാല്‍ 20 രൂപയോളമെത്തുന്ന സമയത്ത് ഈ പണത്തിന് മികച്ച രുചിയോടെ കഴിക്കാന്‍ ഡിസേര്‍ട്‌സുകള്‍ ലഭിക്കുന്നതാണ് ഈ വിഭവങ്ങള്‍ ട്രെന്‍ഡ് ആകാന്‍ കാരണം.

fa

കൂട്ടത്തില്‍ കേമന്‍
സ്‌പെഷ്യല്‍ ഫലൂദ

ഡിസേര്‍ട്‌സുകളിലും കേമന്‍ ഫലൂദയാണ്. ഫ്രൂട്ട്‌സും, ഐസ്‌ക്രീമും, ജെല്ലിയും ചേര്‍ത്തുള്ള ഈ ഡിസേര്‍ട്‌സ് കഴിക്കുന്നവരിലധികം കുട്ടികളാണ്. തങ്ങളുടെ പ്രിയപ്പെട്ട വിഭവങ്ങളായ ജെല്ലിയും, ഐസ്‌ക്രീമും ഒരേസമയം ഒരുവിഭവത്തില്‍ ലഭിക്കുന്നു എന്നതാണ് കാരണം. ഈ വിഭാഗത്തിലുള്ള സാധാരണ ഫലൂദയില്‍ കസ്‌കസ് കുറവും ഐസ്‌ക്രീം കൂടുതലുമായിരിക്കും.

നട്‌സ് ഷെയ്ക്കും ഫ്രൂട്ട് സലാഡും മോശക്കാരല്ല. ഫലൂദയാണ് മികച്ചതെങ്കിലും മറ്റ് രണ്ടും മോശമല്ല. സ്ത്രീകള്‍ക്ക് ഫ്രൂട്ട്‌സലാഡ് ആണിഷ്ടം. പഴവര്‍ഗങ്ങള്‍ ഉള്ളതുതന്നെ കാരണം. എന്നാല്‍ നട്‌സ് ഷെയ്ക്കാണ് പുരുഷന്‍മാരുടെ ഇഷ്ടവിഭവം. ഊര്‍ജദായക ഡിസേര്‍ട് ആയതിനാലാണിത്. ഇവിടെ അത്തരം പ്രിയപ്പെട്ട ഒരു വിഭവത്തെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്.

 

Faluda

ഫലൂദ സ്‌പെഷ്യല്‍ ഉണ്ടാക്കുന്ന വിധം

1. സേമിയ            100 ഗ്രാം
2. സാബൂനരി        100 ഗ്രാം
3. പാല്‍             ഒന്നര കപ്പ്
4. പഞ്ചസാര        മൂന്ന് ടീസ് സ്പൂണ്‍
5. ജെല്ലി            ഒരു ചെറിയ പായ്ക്കറ്റ്
6. കസ്‌കസ്        കുറച്ച്
7. റോസ് സിറപ്പ്        കുറച്ച്
8. വാനില ഐസ്‌ക്രീം   ഒരു ബോക്‌സ്

കുറച്ച് വെള്ളം അടുപ്പത്ത് വെച്ച് തിളയ്ക്കുമ്പോള്‍ സേമിയ ഇടണം. സേമിയ വേവുന്നതിന് മുമ്പ് പഞ്ചസാരയിടുക. സേമിയ അല്‍പം വെള്ളത്തോടെ വെന്ത് മാറ്റി വയ്ക്കുക. സാബൂനരി പാലില്‍ വേവിക്കുക. ജെല്ലി വെള്ളത്തില്‍ കലക്കി ഫ്രീസറില്‍ കട്ടിയാവാന്‍ വെയ്ക്കുക. കട്ടിയായ ശേഷം ഫ്രിഡ്ജിന്റെ താഴെ തട്ടിലേക്ക് മാറ്റി കുറച്ചുനേരം വയ്ക്കുക.
കസ്‌കസ് കുതിര്‍ത്ത് വയ്ക്കുക. ആദ്യം ഒരു സ്പൂണ്‍ സേമിയ അല്പം ലായനിയോടെ ഗ്ലാസില്‍ ഒഴിക്കുക. മേലെ സാബൂനരിയും പാലും കൂടി  ഒരു സ്പൂണ്‍ ഒഴിക്കുക.

പിന്നെ ജല്ലിയും കസ്‌കസും കുറച്ച് വിതറുക. മുകളില്‍ റോസ് സിറപ്പ് തളിക്കുക. അവസാനം കുറച്ചധികം വാനില ഐസ്‌ക്രീം (മൂന്ന് നാലു സ്പൂണ്‍) കോരി ഇടുക.

എന്താ, ഒന്നു ട്രൈ ചെയ്യുന്നോ?


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.