2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഖുനൂത്തിന്റെ ചരിത്രം

സലീം ഹുദവി ചിയ്യാനൂര്‍, ഖത്തര്‍

 
തിരിച്ചുപോന്ന അദ്ദേഹം രാത്രി വരെ, ആരും കാണാതെ ആ പരിസരത്ത് തന്നെ പാത്തും പതുങ്ങിയും കഴിച്ചുകൂട്ടി. ഇപ്പോള്‍ സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു. കാലനക്കത്തിന്റെ ചെറുശബ്ദം പോലും ഉണ്ടാവാത്ത വിധം, വലീദ് പതുക്കെ തടവറ ലക്ഷ്യമാക്കി നടന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ അദ്ദേഹം തടവറയുടെ മേല്‍ക്കൂര ചാടിക്കടന്ന് അകത്തെത്തി. കെട്ടുകളഴിച്ച് അയ്യാശിനെയും ഹിശാമിനെയും മോചിപ്പിക്കുകയും രായ്ക്കുരാമാനം അവരെയും കൂട്ടി മദീനയിലേക്ക് പുറപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മൂന്ന് പേരും മദീനയിലെത്തി. പീഡനപര്‍വങ്ങള്‍ താണ്ടിയെത്തിയ ആ മൂവര്‍സംഘത്തെ കണ്ട നബി തിരുമേനി(സ)യുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.  കണ്ടുനിന്ന വിശ്വാസികളും കണ്ണുകള്‍ തുടച്ചുകൊണ്ട് അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചു.  
 ആ ഓര്‍മകളുടെ ബാക്കിപത്രമെന്നോണം ഇന്നും ഖുനൂത് നിസ്‌കാരത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുകയും ചെയ്യുന്നു. അചഞ്ചല വിശ്വാസത്തിന്റെ ആ സന്ദേശമുള്‍ക്കൊണ്ട്, ഇനി വരുന്ന വിശുദ്ധ രാത്രികളില്‍ നമുക്കും നാഥനിലേക്ക് മനസ്സറിഞ്ഞ് വീണ്ടും വീണ്ടും കൈകളുയര്‍ത്താം… അല്ലാഹുമ്മഹ്ദിനാ ഫീമന്‍ ഹദൈത്…വആഫിനാ ഫീ മന്‍ ആഫൈത്…
അവലംബം:1. അസ്സീറതുല്‍ ഹലബിയ്യ: പേജ്: 2185. 2. അസ്സീറതുന്നബവിയ്യ ശൈഖ്  അഹ്മദ് ബിന്‍ സൈനീ ദഹ്‌ലാന്‍: പേജ്: 1300. 3. അല്‍ ഫത്ഹുല്‍ മുബീന്‍: പേജ്: 372.
ഖുനൂത്തിന്റെ ചരിത്രം history of qunooth
റമദാന്‍ അവസാന പകുതിയിലേക്ക് പ്രവേശിക്കുന്നതോടെ രാത്രി നിസ്‌കാരങ്ങളവസാനിക്കുന്നത്, കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനാവചസ്സുകളോടെയാണ്. വിത്‌റിലെ ഖുനൂതില്‍, വിശിഷ്യാ അവസാനപത്തുകളില്‍ വിശ്വാസികള്‍ ഗദ്ഗദകണ്ഠരായി നാഥനിലേക്ക് കൈകളുയര്‍ത്തുമ്പോള്‍, പള്ളിയുടെ നാല്‍ചുവരുകള്‍ പോലും കൂടെ കരയുന്നതായി തോന്നാറുണ്ട്. റമദാന്‍ അവസാന പകുതിയിലെ  പ്രത്യേക കര്‍മങ്ങളില്‍ ഏറെ വിശേഷപ്പെട്ടതാണ് വിത്‌റ് നിസ്‌കാരത്തിലെ ഖുനൂത്. ശാഫിഈ മദ്ഹബ് പ്രകാരം, സുബ്ഹി നിസ്‌കാരത്തിന് പുറമെ, ഖുനൂത് സുന്നതുള്ളത് റമദാന്‍ രണ്ടാം പകുതിയിലെ വിത്‌റിലാണ്. പിന്നെയുള്ളത്, പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രത്യേകമായി സുന്നതാകുന്ന നാസിലതിന്റെ ഖുനൂതും.
  ഖുനൂത് തുടക്കം കുറിച്ചതിന് പിന്നിലെ നയനാര്‍ദ്രമായ ചരിത്രചിന്തുകളെ നമുക്കൊന്ന് പരിചയപ്പെടാം. മക്കയിലെ പീഡനം സഹിക്കവയ്യാതെ മുസ്‌ലിംകള്‍ മദീനയിലേക്ക് ഹിജ്‌റ പോയിക്കൊണ്ടിരിക്കുന്ന കാലം. പലായനം തടയാന്‍ അവിശ്വാസികളും ആകുന്നതൊക്കെ ചെയ്യുന്നുണ്ട്. അത്തരം പീഡനത്തിന് ഇരയായവരില്‍ പ്രധാനികളായ മൂന്ന് പേരായിരുന്നു, അയ്യാശുബ്‌നു അബീ റബീഅ(റ), ഹിശാമുബ്‌നുല്‍ ആസ്വ് (റ), വലീദുബ്‌നുല്‍ വലീദ്(റ) എന്നിവര്‍. പ്രവാചകരുടെ ഹിജ്‌റക്ക് മുന്‍പ് തന്നെ മുസ്‌ലിമാവുകയും ഉമര്‍(റ)വിനോടൊപ്പം മദീനയിലേക്ക് ഹിജ്‌റ പോവുകയും ചെയ്ത സ്വഹാബി വര്യനായിരുന്നു അയ്യാശ്(റ). അബൂജഹ്‌ലിന്റെ ഉമ്മവഴിക്കുള്ള സഹോദരനും പിതൃസഹോദരപുത്രനും കൂടിയായിരുന്നു അദ്ദേഹം, മദീനയിലേക്ക് പോയതറിഞ്ഞ അബൂജഹ്‌ലും സഹോദരന്‍ ഹാരിസുബ്‌നുഹിശാമും (ഇദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു) മദീനയിലെത്തി. അയ്യാശിനെ തിരിച്ചുകൊണ്ടുവരികയായിരുന്നു അവരുടെ ലക്ഷ്യം. അവര്‍ അദ്ദേഹത്തെ കണ്ട് മാതാവ് താന്‍ പോന്നതിന് ശേഷം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിഷമിച്ചിരിക്കുകയാണ് എന്ന് അറിയിച്ചു. ഉമ്മയെ ഏറെ സ്‌നേഹിച്ചിരുന്ന അയ്യാശ്(റ)ന് ആ വിവരം സഹിക്കാവുന്നതിലപ്പുറമായിരുന്നു. പ്രാര്‍ഥനയും കര്‍മങ്ങളുമെല്ലാം അവിടെ വച്ച് നിര്‍വഹിച്ച് വിശ്വാസിയായി തന്നെ ജീവിക്കാമല്ലോ എന്ന അബൂജഹ്‌ലിന്റെ വാക്കുകളില്‍ അദ്ദേഹം വീണുപോയി. അബൂജഹ്‌ലിന്റെ കുതന്ത്രങ്ങള്‍ അറിയുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉമ്മയോടുള്ള ആദരവും സ്‌നേഹവും നിമിത്തം അദ്ദേഹം യാത്ര പോകാന്‍ തന്നെ ഉറച്ചു. 
മദീന കഴിഞ്ഞ് ബൈദാഅ് എന്ന സ്ഥലത്ത് എത്തിയതോടെ അബൂ ജഹ്‌ലിന്റെയും സഹോദരന്റെയും മട്ട് മാറി. അവര്‍ അദ്ദേഹത്തെ കയര്‍കൊണ്ട് ബന്ധിച്ച് ഉമ്മയുടെ മുന്നില്‍ കൊണ്ടു പോയി ഇട്ടുകൊടുത്തു. മാതാവും അക്രമികളുടെ പക്ഷം ചേര്‍ന്നു. പിന്നീടങ്ങോട്ട് കരളലിയിക്കുന്ന പീഡനപര്‍വങ്ങളുടെ ദിവസങ്ങളായിരുന്നു. അത്‌കൊണ്ടൊന്നും മാറ്റം വരാത്ത അദ്ദേഹത്തെ, പിന്നീട് മക്കയിലെ പീഡന കേന്ദ്രത്തിലേക്ക് മാറ്റി. ഹിശാമുബ്‌നു ആസ്വ് അടക്കമുള്ള മറ്റു ചില സ്വഹാബികളും ആ പീഡന കേന്ദ്രത്തിലുണ്ടായിരുന്നു. അതിനിടയില്‍, നബി തിരുമേനി (സ)യും മദീനയിലേക്ക് പുറപ്പെട്ടു. മക്കയിലെ ബന്ദികളുടെ ദാരുണാവസ്ഥ പ്രവാചകരെയും മുസ്‌ലിംകളെയും വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു.  പ്രാര്‍ഥന മാത്രമായിരുന്നു അവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.  
എല്ലാ ദുആകളിലും അവരുടെ പേരുകള്‍ കടന്നുവന്നു.  സാധാരണ ദുആകള്‍ക്ക് പുറമെ, നിസ്‌കാരത്തിലും അവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്താന്‍ പ്രവാചകര്‍ നിര്‍ദേശം നല്‍കി. ഓരോരുത്തരേയും പേരെടുത്ത് അവരുടെ മോചനത്തിന് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനയായിരുന്നു അവസാന റക്അതില്‍ നടത്തിയ ആ ദുആകള്‍.  അങ്ങനെയാണ് ഖുനൂത് നിസ്‌കാരത്തിന്റെ ഭാഗമായി മാറുന്നത്. പല നിസ്‌കാരങ്ങളിലും ഖുനൂത് നടന്നുവെന്നാണ് വിവിധ ഹദീസുകള്‍ സൂചിപ്പിക്കുന്നത്. എങ്കിലും അയ്യാശും സംഘവും മക്കയില്‍ ബന്ദികളായി തന്നെ തുടര്‍ന്നു.
 വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. മദീനയില്‍ മുസ്‌ലിംകള്‍ ഏറെ ശക്തിപ്രാപിച്ചു. ബദ്ര്‍ യുദ്ധത്തിനുള്ള കാഹളം മുഴങ്ങി. യുദ്ധത്തിനെത്തിയ ശത്രുപക്ഷത്തെ പ്രമുഖനായിരുന്നു,   അബൂ ജഹ്‌ലിന്റെ മരുമകനും പിതൃസഹോദരനുമായ വലീദുബ്‌നുല്‍വലീദ്. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ അദ്ദേഹവുമുണ്ടായിരുന്നു. തടവുകാരുടെ ബന്ധുക്കള്‍ മോചനദ്രവ്യവുമായി പ്രവാചകസന്നിധിയിലെത്തിത്തുടങ്ങി. കൂട്ടത്തില്‍, വലീദിനെ മോചിപ്പിക്കാനാവശ്യമായ തുകയുമായി സഹോദരന്‍ ഖാലിദും ഹിശാമുമുണ്ടായിരുന്നു. മോചനദ്രവ്യം നല്‍കി വലീദിനെയും കൊണ്ട് അവര്‍ നാട്ടിലേക്ക് മടങ്ങി. മക്കയിലെത്തിയ വലീദ്, എല്ലാവരെയും അല്‍ഭുതപ്പെടുത്തി, ഇസ്‌ലാം സ്വീകരിക്കുകയും താന്‍ മദീനയിലേക്ക് തന്നെ പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അത് കേട്ട സഹോദരങ്ങള്‍ക്ക് ദേഷ്യം അടക്കാനായില്ല. ‘നീ ഞങ്ങളെ ചതിക്കുകയായിരുന്നോ, അങ്ങനെയെങ്കില്‍, മോചനദ്രവ്യം നല്‍കുന്നതിന് മുന്‍പ് തന്നെ അത് തുറന്ന് പറയാമായിരുന്നില്ലേ’ എന്ന് അട്ടഹസിച്ച് അദ്ദേഹത്തെയും അവര്‍ തടവിലാക്കി പീഡന കേന്ദ്രത്തിലേക്കയച്ചു. 
അവിടെ വലീദിനെ സ്വീകരിക്കാന്‍, വിശ്വാസത്താല്‍ തിളങ്ങുന്ന കണ്ണുകളോടെ  അയ്യാശും ഹിശാമും അപ്പോഴുമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ വീണ്ടും കഴിഞ്ഞു. പല യുദ്ധങ്ങളും അരങ്ങേറുകുയം വന്‍വിജയം നേടുകയും ചെയ്‌തെങ്കിലും ആ വിജയാവരങ്ങള്‍ക്കെല്ലാമിടയിലും, മക്കയിലെ പീഡന കേന്ദ്രത്തില്‍തന്നെ തുടരുന്ന അയ്യാശും സംഘവും മുസ്‌ലിം മനസ്സുകളിലെ നെരിപ്പോടുകളായി തുടര്‍ന്നു. 
ഒരുദിവസം, പ്രവാചകരും അനുയായികളും കൂടിയിരിക്കുമ്പോള്‍, ദൂരെ നിന്ന് ഒരാള്‍ നടന്നുവരുന്നത് ശ്രദ്ധയില്‍ പെട്ടു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് അത് വലീദ്(റ) ആയിരുന്നു. മക്കയിലെ തടവറയില്‍നിന്ന് രക്ഷപ്പെട്ട അദ്ദേഹം ആരുമറിയാതെ മദീനയിലേക്ക് പലായനം ചെയ്തതായിരുന്നു. വിവരമറിഞ്ഞ വിശ്വാസികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അതേസമയം, അയ്യാശും ഹിശാമും അവിടെ അനുഭവിക്കുന്ന പീഡനങ്ങളുടെ കദനകഥകള്‍ അവരെ വല്ലാതെ വേദനിപ്പിക്കുകയും ചെയ്തു.  ഒരു ദിവസം നബി തിരുമേനി (സ) തങ്ങള്‍ അനുയായികളോട് പറഞ്ഞു: ‘അയ്യാശിനെയും ഹിശാമിനെയും ഇനിയും മക്കയില്‍ കഴിയാന്‍ അനുവദിച്ചുകൂടാ. ആരാണ്, അവരെ രക്ഷപ്പെടുത്തി മദീനയിലേക്ക് കൊണ്ട് വരിക?’. ഇത് കേട്ട വലീദ്(റ) പറഞ്ഞു: ‘പ്രവാചകരേ, ആ ദൗത്യം ഞാനിതാ ഏറ്റെടുത്തിരിക്കുന്നു, അങ്ങയുടെ പ്രാര്‍ഥനയുണ്ടായാല്‍ മതി’. ഇത് കേട്ട നബിതിരുമേനിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഏറ്റെടുത്താല്‍ അത് നിര്‍വഹിച്ചേ വലീദ് അടങ്ങൂ എന്ന് അവര്‍ക്കെല്ലാം നന്നായി അറിയാമായിരുന്നു എന്നത് തന്നെ കാരണം. 
 വൈകാതെ, വലീദ് വേഷപ്രഛന്നനായി വീണ്ടും മക്കയിലേക്ക് പുറപ്പെട്ടു. ജീവിതം കൊണ്ടുള്ള പന്താട്ടമായിരുന്നു, ജന്മനാട്ടിലേക്കുള്ള ആ യാത്ര എന്ന് വേണം പറയാന്‍. വഴിയില്‍, ഭക്ഷണവുമായി പോവുന്ന ഒരു സ്ത്രീയെ കണ്ടുമുട്ടിയ വലീദ് അവരോട് ചോദിച്ചു: ‘ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ഈ ഭക്ഷണം കൊണ്ടുപോവുന്നത്?’ അവര്‍ പറഞ്ഞു: ‘ഞാന്‍ രണ്ടു തടവുകാര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോവുകയാണ്.’ അത് അയ്യാശും ഹിശാമും തന്നെയായിരിക്കുമെന്ന് അദ്ദേഹം ഊഹിച്ചു. തന്റെ ദൗത്യനിര്‍വഹണത്തിന് അല്ലാഹു ഒരുക്കിയ വഴികാട്ടിയാണ് ആ സ്ത്രീയെന്ന് തന്നെ അദ്ദേഹത്തിന്റെ മനസ്സ് മന്ത്രിച്ചു. വലീദ് ആ സ്ത്രീയെ പിന്തുടര്‍ന്ന് ചെന്ന് തടവറ കണ്ടെത്തി. അകത്തുള്ള ബന്ദികള്‍ അവര്‍ രണ്ട് പേരും തന്നെയാണെന്ന് ഉറപ്പ് വരുത്തി.  
 

തിരിച്ചുപോന്ന അദ്ദേഹം രാത്രി വരെ, ആരും കാണാതെ ആ പരിസരത്ത് തന്നെ പാത്തും പതുങ്ങിയും കഴിച്ചുകൂട്ടി. ഇപ്പോള്‍ സമയം അര്‍ദ്ധരാത്രിയായിരിക്കുന്നു. കാലനക്കത്തിന്റെ ചെറുശബ്ദം പോലും ഉണ്ടാവാത്ത വിധം, വലീദ് പതുക്കെ തടവറ ലക്ഷ്യമാക്കി നടന്നു. ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തിയ അദ്ദേഹം തടവറയുടെ മേല്‍ക്കൂര ചാടിക്കടന്ന് അകത്തെത്തി. കെട്ടുകളഴിച്ച് അയ്യാശിനെയും ഹിശാമിനെയും മോചിപ്പിക്കുകയും രായ്ക്കുരാമാനം അവരെയും കൂട്ടി മദീനയിലേക്ക് പുറപ്പെടുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മൂന്ന് പേരും മദീനയിലെത്തി. പീഡനപര്‍വങ്ങള്‍ താണ്ടിയെത്തിയ ആ മൂവര്‍സംഘത്തെ കണ്ട നബി തിരുമേനി(സ)യുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.  കണ്ടുനിന്ന വിശ്വാസികളും കണ്ണുകള്‍ തുടച്ചുകൊണ്ട് അല്ലാഹുവിന് സ്തുതികളര്‍പ്പിച്ചു.  

 ആ ഓര്‍മകളുടെ ബാക്കിപത്രമെന്നോണം ഇന്നും ഖുനൂത് നിസ്‌കാരത്തിന്റെ ഭാഗമായി തുടര്‍ന്നുപോരുകയും ചെയ്യുന്നു. അചഞ്ചല വിശ്വാസത്തിന്റെ ആ സന്ദേശമുള്‍ക്കൊണ്ട്, ഇനി വരുന്ന വിശുദ്ധ രാത്രികളില്‍ നമുക്കും നാഥനിലേക്ക് മനസ്സറിഞ്ഞ് വീണ്ടും വീണ്ടും കൈകളുയര്‍ത്താം… അല്ലാഹുമ്മഹ്ദിനാ ഫീമന്‍ ഹദൈത്…വആഫിനാ ഫീ മന്‍ ആഫൈത്…

അവലംബം:1. അസ്സീറതുല്‍ ഹലബിയ്യ: പേജ്: 2185. 2. അസ്സീറതുന്നബവിയ്യ ശൈഖ്  അഹ്മദ് ബിന്‍ സൈനീ ദഹ്‌ലാന്‍: പേജ്: 1300. 3. അല്‍ ഫത്ഹുല്‍ മുബീന്‍: പേജ്: 372.

ഖുനൂത്തിന്റെ ചരിത്രം history of qunooth


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.