2022 January 18 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ലെയ്‌സ് നിര്‍മാണത്തിനായുള്ള പ്രത്യേക ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള പെപ്‌സികോയുടെ പേറ്റന്റ് റദ്ദാക്കി; വലിയ വിജയമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: ലെയ്‌സ് നിര്‍മിക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങ് വളര്‍ത്താനുള്ള പെപ്‌സികോ കമ്പനിയുടെ പേറ്റന്റ് റദ്ദാക്കി. പേറ്റന്റ് ബഹുരാഷ്ട്ര കുത്തകയായി പെപ്‌സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയുടെ തീരുമാനം.

പേറ്റന്റ് പെപ്‌സികോയ്ക്ക് നല്‍കിയതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകര്‍ സമരത്തിലായിരുന്നു. എഫ്‌സി 5 എന്ന ഇനത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്‌സികോ 2019ല്‍ ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

ജലാംശത്തിന്റെ അളവ് കുറവുള്ളതാണ് ഈ ഇനം ഉരുളക്കിഴങ്ങിന്റെ പ്രത്യേകത. ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ പരാതി 2019ല്‍ തന്നെ ന്യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്‌സികോ പിന്‍വലിച്ചിരുന്നു. 4.02 കോടി രൂപയാണ് കര്‍ഷകരോട് നഷ്ടപരിഹാരമായി പെപ്‌സികോ ആവശ്യപ്പെട്ടത്. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താല്‍ക്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ സൗഹൃദപരമായി പ്രശ്‌നം പരിഹരിക്കണമെന്ന് വ്യക്തമാക്കി കേസ് കമ്പനി പിന്‍വലിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കര്‍ഷക അവകാശ പ്രവര്‍ത്തകയായ കവിത കുറഗന്റി പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് അതോറിറ്റിയെ സമീപിച്ചത്. എഫ്‌സി5 ഉരുളക്കിഴങ്ങ് വകഭേദത്തിന്റെ പേറ്റന്റ് പെപ്‌സികോയ്ക്ക് നല്‍കിയതിനെതിരെയായിരുന്നു ഇത്. വിത്തിനങ്ങളില്‍ പേറ്റന്റ് അനുവദിക്കില്ലെന്ന സര്ക്കാര്‍ നിയമത്തെ മുന്‍നിര്‍ത്തിയായിരുന്നു കവിത കേസ് നല്‍കിയത്.

പെപ്സികോയുടെ പേറ്റന്റ് റദ്ദ് ചെയ്യാനുള്ള തീരുമാനം ഇന്ത്യയിലെ കര്‍ഷകരുടെ വീജയമാണെന്നാണ് ഗുജറാത്തില്‍ നിന്നുള്ള കര്‍ഷകരുടെ പ്രതികരണം.’ഈ ഉത്തരവ് ഇന്ത്യയിലെ കര്‍ഷകരുടെ വലിയ വിജയമാണ്, കൂടാതെ ഏത് വിളകളും കൃഷി ചെയ്യാനുള്ള അവരുടെ അവകാശം വീണ്ടും ഉറപ്പിക്കുന്നു,’ 2019 ല്‍ പെപ്‌സിക്കോ കേസുകൊടുത്ത ഗുജറാത്തിലെ കര്‍ഷകരില്‍ ഒരാളായ ബിപിന്‍ പട്ടേല്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.