പ്രൊഫ. റോണി കെ. ബേബി
രാജ്യം കാത്തിരുന്ന തെരഞ്ഞെടുപ്പിനൊടുവില്‍ ത്രസിപ്പിക്കുന്ന വിജയവുമായി കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഡി.കെ ശിവകുമാറെന്ന കരുത്തനും സര്‍ക്കാരിന്റെ ഭാഗമയാതും ആവേശകരമാണ്. ഏറ്റവും വ്യക്തതയുള്ള ജനവിധിയോടെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലേറുന്നത്. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടി ആധികാരികമായാണ് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കരസ്ഥമാക്കിയത്. കോണ്‍ഗ്രസിന് ലഭിച്ചതിന്റെ പകുതിയില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി നേടിയത്.
2018ന് ശേഷവും ചരിത്രം സൃഷ്ടിച്ച ഭാരത് ജോഡോ യാത്രയുടെ വിജയത്തിനുശേഷവും കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലേറുന്ന സംസ്ഥാനമാണ് കര്‍ണാടകയെന്നത് പ്രത്യേകതയാണ്. ഇങ്ങനെ നിരവധി മാനങ്ങള്‍ കര്‍ണാടകയിലെ ജനവിധിക്കുണ്ട്.
രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ്
പല പ്രത്യേകതകള്‍കൊണ്ടും രാജ്യത്തെ മുന്‍നിര സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇന്ത്യയുടെ ജി.ഡി.പിയിലേക്ക് എട്ട് ശതമാനം സംഭാവന കര്‍ണാടകയില്‍ നിന്നാണ്. ഐ.ടി, ബയോടെക്‌നോളജി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തമായ ആധിപത്യമുള്ള സംസ്ഥാനമാണ് കര്‍ണാടക. അതുകൊണ്ടുതന്നെ കര്‍ണാടകയിലെ രാഷ്ട്രീയ ദിശാസൂചിക രാജ്യത്തിന്റെയാകെ രാഷ്ട്രീയ കാലാവസ്ഥയുടെ അളവുകോലാണ്. പ്രത്യേകിച്ചും അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍. ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ നീക്കങ്ങളെ സ്വാധീനിക്കാന്‍ കര്‍ണാടകയിലെ ജനവിധിക്കാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതുകൊണ്ടു തന്നെയാണ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുന്നത്.
തെക്കേ ഇന്ത്യയില്‍ ബി.ജെ.പിക്ക് അധികാരമുണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു കര്‍ണാടക. ഇവിടെ ചുവടുറപ്പിച്ച് കേരളമുള്‍പ്പെടെ മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളും പിടിച്ചടക്കാനുള്ള നീക്കമാണ് കാലങ്ങളായി ബി.ജെ.പി നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍, കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ബി.ജെ.പിയുടെ ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ കാര്യമായ മാറ്റം വരുത്തേണ്ടിവരും
.
തകർന്നത് ദക്ഷിണേന്ത്യയിലെ
ഹിന്ദുത്വ പരീക്ഷണശാല
ദക്ഷിണേന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് കര്‍ണാടക എന്നാണ് ബി.ജെ.പിയും സംഘ്പരിവാറും കാലങ്ങളായി വിശേഷിപ്പിച്ചു വരുന്നത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പരീക്ഷിച്ച് വിജയിച്ച ഹിന്ദുത്വം അതിന്റെ എല്ലാ ഊര്‍ജത്തോടെയും കര്‍ണാടകയില്‍ നടപ്പിലാക്കുവാനുള്ള തീവ്ര പരിശ്രമം ആയിരുന്നു കഴിഞ്ഞ നാലു വര്‍ഷത്തെ ഭരണകാലത്ത് ബി.ജെ.പി നടത്തിവന്നത്. ഹിന്ദുത്വ രാഷ്ട്രീയത്തിലൂടെയുള്ള വര്‍ഗീയ ധ്രുവീകരണത്തിലൂടെ കര്‍ണാടകയില്‍ നേട്ടമുണ്ടാക്കാം എന്നായിരുന്നു ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്. അധികാരം നഷ്ടപ്പെട്ട് ബി.ജെ.പി പുറത്തേക്ക് പോകുമ്പോള്‍ ഇവിടെ പരാജയപ്പെടുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണങ്ങള്‍ കൂടിയാണ് എന്നത് കര്‍ണാടക ഫലത്തെ ശ്രദ്ധേയമാക്കുന്നുണ്ട്.
ധ്രുവീകരണത്തിന്റെ പ്രതിഫലനം ഏതു തരത്തിലാവും എന്നതായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തെ സാകൂതം നിരീക്ഷിക്കാന്‍ രാഷ്ട്രീയ നിരീക്ഷകരെ പ്രേരിപ്പിച്ച പ്രധാനപ്പെട്ട ഘടകം. കാലങ്ങളായി വര്‍ഗീയ ധ്രുവീകരണത്തിനും പ്രീണനത്തിനും പലതരത്തില്‍ വേദിയാകുന്ന സ്ഥലമാണ് കര്‍ണാടക. ഹിജാബ് വിവാദം, ടിപ്പു സുല്‍ത്താന്റെ പേരിലുള്ള വിവാദങ്ങള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന നീക്കങ്ങള്‍, മുസ് ലിം വിഭാഗത്തിന്റെ സംവരണം ഒഴിവാക്കപ്പെട്ടത് തുടങ്ങി വിവിധ തരത്തിലാണ് ഹിന്ദുത്വ പരീക്ഷണവും ധൃവീകരണ രാഷ്ട്രീയ ശ്രമങ്ങളും കര്‍ണാടകയില്‍ അരങ്ങേറിയത്. എന്നാല്‍ ഈ പരീക്ഷണങ്ങളൊക്കെ കര്‍ണാടകയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നാണ് ജനവിധി തെളിയിക്കുന്നത്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാവിയെ കുറിച്ചുതന്നെ പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് കര്‍ണാടകയിലുണ്ടായ തിരിച്ചടി.
ഹിന്ദുത്വ ആഖ്യാനത്തിന് പ്രത്യയശാസ്ത്ര ചട്ടക്കൂട് അല്ലെങ്കില്‍ ഉപരിഘടന നല്‍കി ഉയര്‍ന്ന ജാതികളെ ഉള്‍പ്പെടുത്തിയുള്ള ഒരു രാഷ്ട്രീയ ശ്രേണിയാണ് കാലങ്ങളായി ബി.ജെ.പി കര്‍ണാടകയില്‍ സൃഷ്ടിച്ചത്. ഉടുപ്പി മംഗലാപുരം മേഖലകള്‍ ഉള്‍പ്പെടുന്ന കര്‍ണാടകയുടെ തീരദേശത്ത് ഈ സാമൂഹികഘടന ബ്രാഹ്മണര്‍, ബണ്ടുകള്‍, ബില്ലവകള്‍ എന്നിങ്ങനെയുള്ള മൂന്ന് ബി കളുടെ ഒരു സാമൂഹിക സഖ്യമായിരുന്നു. തീരദേശ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള മത ന്യൂനപക്ഷങ്ങളെ ചൂണ്ടിക്കാണിച്ചാണ് ഈ സാമൂഹിക ഘടന ബി.ജെ.പി രൂപപ്പെടുത്തിയെടുത്തത്.
കര്‍ണാടകയില്‍ ഉടനീളം ബി.ജെ.പി വിരുദ്ധ വികാരം ആഞ്ഞു വീശിയപ്പോഴും തീരദേശ മേഖലയില്‍ ബി.ജെ.പി ഇത്തവണയും പിടിച്ചുനിന്നത് ഈ സാമൂഹിക ഘടനയുടെ പിന്തുണയിലാണ്. ഈ സാമൂഹിക ഘടനയെ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ സംഘ്പരിവാര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. മത ന്യൂനപക്ഷങ്ങള്‍ ശക്തമായ മംഗലാപുരം ഉടുപ്പി മേഖലയിലെ 22 സീറ്റുകളില്‍ ഭൂരിപക്ഷത്തിലും ആധിപത്യം ഇക്കുറിയും ബി.ജെ.പിക്ക് തന്നെയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ എട്ടില്‍ ആറ് സീറ്റുകളും ഉടുപ്പി ജില്ലയിലെ ആകെയുള്ള അഞ്ചു സീറ്റുകളും ബി.ജെ.പി നേടുകയുണ്ടായി.
മത ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം കുറവുള്ള തങ്ങളുടെ ശക്തികേന്ദ്രമായ കിട്ടൂര്‍ കര്‍ണാടകയെന്നും ബോംബെ കര്‍ണാടകയെന്നും അറിയപ്പെടുന്ന വടക്കന്‍ കര്‍ണാടകയില്‍, ലിംഗായത്തുകളും ബ്രാഹ്മണരും അടങ്ങുന്ന ഹിന്ദുത്വയുടെ സാമൂഹിക സഖ്യം ഇത്തവണ തകര്‍ന്നടിയുകയാണ് ഉണ്ടായത്. ‘ലിബ്ര’ എന്ന് വിളിക്കപ്പെടുന്ന ഈ സഖ്യം തകര്‍ന്നടിഞ്ഞതോടെ മേഖലയില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് കൈവരിച്ചത്. ജഗദീഷ് ഷട്ടര്‍, ലക്ഷ്മണ്‍ സാവതി തുടങ്ങിയ ലിംഗായത്ത് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ബി.ജെ.പിയെ പ്രതികൂലമായി ബാധിക്കുകയുണ്ടായി.
വടക്കന്‍ കര്‍ണാടകയില്‍ മാത്രമല്ല ലിംഗായത്തുകള്‍ പ്രബലമായ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലൊക്കെ ഹിന്ദുത്വയുടെ ബീജവാപകരായ ഈ സാമൂഹിക സഖ്യം പൊളിയുകയാണ് ഉണ്ടായത്. ഈ സഖ്യത്തിന്റെ തകര്‍ച്ചയില്‍ മധ്യ കര്‍ണാടകയിലും കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. മുതിര്‍ന്ന ബി.ജെ.പി നേതാവായ യെദ്യൂരപ്പയുടെ ഷിമോഗ ജില്ലയില്‍ മാത്രമാണ് ബി.ജെ.പി കോണ്‍ഗ്രസിനൊപ്പം പിടിച്ചുനിന്നത്. ചിക്കമംഗളൂരിലെ അഞ്ച് സീറ്റുകളും കോണ്‍ഗ്രസ് നേടി. ഇതില്‍ ശ്രദ്ധേയമായത് കര്‍ണാടകയിലെ ഹിന്ദുത്വയുടെ ബ്രാന്‍ഡ് അംബാസിഡറായ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി ചിക്കമംഗളൂരു സീറ്റില്‍ പരാജയപ്പെട്ടതാണ്. ബി.ജെ.പി കര്‍ണാടകയില്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് സി.ടി രവി. 2004ന് ശേഷം കുടക് ജില്ലയിലെ രണ്ടു സീറ്റും കോണ്‍ഗ്രസ് വിജയിച്ചു. ഇവിടവും ഹിന്ദുത്വ ധൃവീകരണ രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രം ആയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ വോട്ടുറപ്പിക്കുന്നതിനുവേണ്ടി ബി.ജെ.പി തീവ്ര ഹിന്ദുത്വ പ്രചാരണമാണ് അഴിച്ചുവിട്ടത്. അധികാരത്തില്‍ വന്നാല്‍ സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയായ എല്ലാ വര്‍ഗീയ സംഘടനകളെയും നിരോധിക്കും എന്ന കോണ്‍ഗ്രസ് പ്രകടനപത്രിയിലെ പ്രഖ്യാപനം ആയുധമാക്കിയ ബി.ജെ.പി ഇത് ബജ്‌റംഗ് ദളിനെതിരേയുള്ള കോണ്‍ഗ്രസിന്റെ നീക്കമാണെന്ന് പ്രചരിപ്പിക്കുകയാണുണ്ടായത്. പ്രധാനമന്ത്രിപോലും തെരഞ്ഞെടുപ്പ് പ്രസംഗങ്ങളാരംഭിച്ചത് ജയ് ബജ്‌റംഗ് ബലി എന്ന മുദ്രാവാക്യത്തോടെയാണ്. പോളിങ് ബൂത്തിലേക്ക് കടന്നു ചെല്ലുമ്പോള്‍ ഓരോ വോട്ടറും ജയ് ബജ്‌റംഗ് ബലി എന്ന മുദ്രാവാക്യം വിളിച്ച് വോട്ട് ചെയ്യണമെന്ന ആഹ്വാനവും പ്രധാനമന്ത്രി നല്‍കി. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ആയിരക്കണക്കിന് കേന്ദ്രങ്ങളില്‍ ഹനുമാന്‍ ചാലിസ് ചൊല്ലിക്കൊണ്ട് മതധ്രുവീകരണത്തിന് തീവ്ര ശ്രമമാണ് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയത്. അതുപോലെ വിവാദമായ കേരള സ്റ്റോറി സിനിമയും പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങളില്‍ പലതവണ പരാമര്‍ശിക്കുകയുണ്ടായി.
ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ എല്ലാ വിശകലനങ്ങളും അവസാനിക്കുന്നത് ഹിന്ദുത്വയ്ക്ക് ഏറ്റ തിരിച്ചടിയിലാണ്. എത്ര കടുത്ത ഭരണവിരുദ്ധ വികാരത്തെയും ഭരണ പാളിച്ചകളെയും ഹിന്ദുത്വയിലൂടെയും മത ധൃവീകരണത്തിലൂടെയും മറികടക്കാന്‍ കഴിയും എന്ന ബി.ജെ.പി സിദ്ധാന്തങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് കര്‍ണാടക ഫലം. ബി.ജെ.പിയെ ഭയപ്പെടുത്തുന്ന മറ്റൊന്നു കൂടിയുണ്ട്. ഇന്ദിരാഗാന്ധിയുടെ കാലം വരെ കോണ്‍ഗ്രസിന്റെ ഏറ്റവും ശക്തമായ വോട്ട് ബാങ്കായ അഹിന്ദ എന്ന കന്നഡ പേരില്‍ അറിയപ്പെടുന്ന ദലിത് പിന്നോക്ക ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം. എല്ലാ മേഖലകളിലും കോണ്‍ഗ്രസിന്റെ പിന്നില്‍ ശക്തമായി അണിനിരന്നത് ഈ വിഭാഗങ്ങളാണ്. നാളെകളില്‍ കര്‍ണാടകയുടെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് ഈ സഖ്യം വ്യാപിച്ചാല്‍ അത് ഹിന്ദുത്വക്കു നേരെ ഉയര്‍ത്തുന്ന വെല്ലുവിളി വലുതായിരിക്കും. ജാതി സെന്‍സസ് എന്ന ആവശ്യം മുന്നില്‍ നിർത്തി ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്.
അജയ്യമെന്നും തകര്‍ക്കാന്‍ പറ്റാത്തതാണ് എന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കാലിടറുന്നു എന്നതാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സൂചന.
Comments are closed for this post.