2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഹിന്ദുത്വത്തിന്റെ തേങ്ങയും ചിരട്ടയും

 

 

വിഖ്യാത അറബിസാഹിത്യകാരനായ ഖലീല്‍ ജിബ്രാന്‍ എഴുതിയ ഒരു കൊച്ചു കഥയുണ്ട്.
അഫ്കര്‍ എന്ന പുരാതന നഗരത്തില്‍ പരസ്പരം വെറുക്കുകയും പുച്ഛിക്കുകയും ചെയ്ത രണ്ടു പണ്ഡിതര്‍ ജീവിച്ചിരുന്നു. ഒരാള്‍ ദൈവത്തിന്റെ അസ്തിത്വം നിരാകരിക്കുന്നയാള്‍; രണ്ടാമന്‍ ഉറച്ച ദൈവവിശ്വാസി. ഒരു നാള്‍ രണ്ടുപേരും അങ്ങാടിയില്‍ കണ്ടുമുട്ടി. ആരാധകരുടെ മധ്യത്തില്‍ ഇരുവരും ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി വാദപ്രതിവാദം തുടങ്ങി. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ അവര്‍ പിരിഞ്ഞു.
അന്നു വൈകുന്നേരം അവിശ്വാസി ക്ഷേത്രത്തില്‍ച്ചെന്നു സാഷ്ടാംഗം പ്രണമിക്കുകയും തന്റെ പിഴച്ച ഭൂതകാലത്തിന്റെ പേരില്‍ ദൈവത്തോടു മാപ്പിരക്കുകയും ചെയ്തു.
ദൈവവിശ്വാസിയായ പണ്ഡിതനാകട്ടെ, തന്റെ പക്കലുള്ള ആത്മീയഗ്രന്ഥങ്ങളൊക്കെ അഗ്‌നിക്കിരയാക്കി. കാരണം, അയാള്‍ അവിശ്വാസിയായി മാറിയിരുന്നു.
പ്രമുഖ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റേതായി ദിവസങ്ങള്‍ക്കു മുമ്പു വന്ന ഒരു പത്രവാര്‍ത്തയാണ് ജിബ്രാന്‍ കഥയിലേയ്ക്കു മനസ്സിനെ കൂട്ടിക്കൊണ്ടുപോയത്. ഏറെ ഗൗരവതരവും പലരുടെയും കണ്ണുതുറപ്പിക്കേണ്ടതുമാണ് ആ വാര്‍ത്ത. ഇന്ത്യന്‍ രാഷ്ട്രീയം കുറച്ചുകാലമായി ചെന്നു പതിച്ച മഹാഗര്‍ത്തത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് ആ സങ്കടം പറച്ചില്‍.
അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികളുടെ ചടങ്ങിലാണ് ആസാദ് മനസ്സു തുറന്നത്. അതിങ്ങനെയായിരുന്നു: ”തെരഞ്ഞെടുപ്പു വേളകളില്‍ പാര്‍ട്ടിയിലെ ഹൈന്ദവസ്ഥാനാര്‍ഥികള്‍ എന്നെ പ്രചാരണത്തിനു വിളിക്കാന്‍ മടിക്കുന്നു. മുമ്പൊക്കെ 90 ശതമാനം പേരും പ്രചാരണപരിപാടികളില്‍ ക്ഷണിക്കാറുണ്ടായിരുന്നു. ഇന്ന് കഷ്ടിച്ച് 20 ശതമാനം ക്ഷണമേ ലഭിക്കാറുള്ളൂ. ഞാന്‍ പ്രസംഗിച്ചാല്‍ ഹിന്ദു വോട്ടുകള്‍ കുറഞ്ഞുപോകുമോ എന്ന് അവര്‍ ഭയക്കുന്നുണ്ടാകണം.’
മതേതര ഭാരതത്തില്‍, മതേതരത്വം മുഖമുദ്രയായി അംഗീകരിച്ച പാര്‍ട്ടിയുടെ ഉന്നതനേതാക്കളിലൊരാള്‍ക്ക് ഇങ്ങനെ വിലപിക്കേണ്ടി വന്നെങ്കില്‍ ഇത് ഏതെങ്കിലും പാര്‍ട്ടിയുടെ മാത്രം ദൗര്‍ബല്യമായോ ഏതാനും ചില നേതാക്കളുടെ മാത്രം മനോഭാവമായോ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇന്ത്യ ചെന്നു പെട്ട അപചയത്തിന്റെ ആഴത്തിലേയ്ക്കാണിതു വിരല്‍ചൂണ്ടുന്നത്.
വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കുമെതിരെ ഘോരഘോരം പ്രസംഗിക്കുകയും മതേതരത്വത്തിന്റെ ഉത്തരീയം അഭിമാനപൂര്‍വം എടുത്തണിയുകയും ചെയ്യുന്നവര്‍ എതിര്‍പക്ഷത്തുള്ളവരുടെ വീക്ഷണങ്ങളും സമീപനങ്ങളും സ്വാംശീകരിക്കുന്നതില്‍ വ്യഗ്രത കാണിക്കുന്നു. മൃദുഹിന്ദുത്വമെന്നു മാത്രം വിശേഷിപ്പിച്ച് ഇതിനെ ലഘൂകരിക്കാനാവില്ല.
പ്രതിയോഗികളുടെ മനോഘടനയിലേയ്ക്കു പരിവര്‍ത്തിതമാകുന്ന രാസപ്രക്രിയകള്‍ പലരുടെയും അകത്തളങ്ങളില്‍ നടന്നുവരുന്നുണ്ട്. ഗുലാംനബി ആസാദ് ഈ തുറന്നുപറയല്‍ നടത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ ഒരാളും ഇതു നിഷേധിച്ചോ സ്ഥിരീകരിച്ചോ ന്യായീകരിച്ചോ പ്രതികരിച്ചു കാണാത്തതില്‍ നിന്നു കാര്യങ്ങളുടെ നിജസ്ഥിതി വ്യക്തം.
ഇതു ഗുലാം നബി ആസാദിന്റെ മാത്രം ധര്‍മസങ്കടമല്ല. കഴിഞ്ഞ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു മോദിയും കൂട്ടരും തീവ്രഹിന്ദുത്വത്തിന്റ അഗ്‌നി ആളിക്കത്തിച്ചു മുന്നേറിയപ്പോള്‍ നട്ടെല്ലു നിവര്‍ത്തി കറകളഞ്ഞ മതേതരത്വത്തിലൂടെ പൊതുസമൂഹത്തിന്റെ മനസ്സു കീഴടക്കാന്‍ ശ്രമിക്കുന്നതിനു പകരം കോണ്‍ഗ്രസ് മൃദുഹിന്ദുത്വ മെഴുകുതിരി കത്തിച്ചുവയ്ക്കുകയാണു ചെയ്തത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ്സിനു വലിയ പ്രതീക്ഷയും ആത്മവിശ്വാസവും നേടിക്കൊടുത്തത് അഹ്്മ്മദ് പട്ടേലിന്റെ രാജ്യസഭാവിജയമായിരുന്നു. എന്നിട്ടും അസംബ്ലി തെരഞ്ഞെടുപ്പു പ്രചാരണരംഗത്തു നിന്ന് അദ്ദേഹമുള്‍പ്പെടെയുള്ള മുസ്‌ലിംനേതാക്കളെ പരമാവധി അകറ്റിനിര്‍ത്തി ഹിന്ദുത്വവാദികളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചു.
അഹ്്മ്മദ് എന്ന പേരു കേള്‍ക്കുമ്പോള്‍ ഈര്‍ഷ്യ തോന്നുന്ന ആരെങ്കിലും വോട്ടു മാറി ചെയ്താലോ എന്ന ഭയം!
എന്നാല്‍, ഗുജറാത്തില്‍ത്തന്നെ ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി തന്റെ മണ്ഡലത്തില്‍ പരമാവധി തൊപ്പിയും താടിയും ധരിച്ച മുസ്‌ലിം പ്രതിനിധികളെയടക്കം പരിപാടികളില്‍ പങ്കെടുപ്പിച്ചു മതനിരപേക്ഷതയുടെ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ടും അദ്ദേഹത്തിന് വോട്ടു കുറഞ്ഞില്ല, പ്രതീക്ഷിച്ചതിലും വലിയ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്തില്‍ പരാജയം മണത്ത മോദി, മന്‍മോഹന്‍സിങ് അടക്കമുള്ളവര്‍ തന്റെ സര്‍ക്കാരിനെതിരില്‍ പാകിസ്താനെ കൂട്ടുപിടിച്ചു ഗൂഢാലോചന നടത്തിയെന്ന് ആക്ഷേപിച്ചിട്ടും ഫലപ്രദമായി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിനു കഴിഞ്ഞില്ല.
പല സംസ്ഥാനങ്ങളിലും നൂറുകണക്കിനു സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിട്ടും മേമ്പൊടിക്കുപോലും ഒരു മുസ്‌ലിംസ്ഥാനാര്‍ഥിയെ നിര്‍ത്താത്ത പാര്‍ട്ടിയാണു ബി.ജെ.പി. അവരെ നേരിടുമ്പോള്‍ തൂക്കമൊപ്പിക്കാന്‍ കോണ്‍ഗ്രസ്സും ന്യൂനപക്ഷത്തോടു സമാനമായ രീതി സ്വീകരിച്ചു. ന്യായമായ അളവില്‍ പ്രാതിനിധ്യം നല്‍കിയാലും പ്രീണനമാക്കി സംഘ്പരിവാര്‍ മുതലെടുക്കുമെന്നു ഭയപ്പെട്ടു ന്യൂനപക്ഷങ്ങളെ മാറ്റി നിര്‍ത്തി.
കേരളത്തില്‍ അഞ്ചാംമന്ത്രി വിവാദത്തിലും അറബി സര്‍വകലാശാലാ പ്രശ്‌നത്തിലും കോണ്‍ഗ്രസ്സിലെ പലരുടെയും നിലപാട് സംഘ്പരിവാറില്‍ നിന്നു വളരെയൊന്നും വിഭിന്നമായിരുന്നില്ല.
സ്വാതന്ത്ര്യത്തിനുശേഷം ഇതുവരെയുള്ള വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും പട്ടിക പരിശോധിച്ചാലും ആനുപാതിക പ്രാതിനിധ്യത്തിന്റെ നാലയലത്തു പോലും എത്തില്ല. വിരലിലെണ്ണാന്‍ പോലും മുസ്‌ലിം മുഖ്യമന്ത്രിമാര്‍ ഇന്ത്യയിലുണ്ടായിട്ടില്ല. പദവിയിലെത്തിയ ഒരാളും കാലാവധി തികച്ചിട്ടുമില്ല. മറ്റു പദവികളുടെയും അവകാശങ്ങളുടെയും കാര്യം വ്യത്യസ്തമല്ല.
ഇങ്ങനെ പോയാല്‍ എവിടെയാണു മതന്യൂനപക്ഷങ്ങള്‍ക്കും അധഃസ്ഥിത വിഭാഗങ്ങള്‍ക്കും പ്രതീക്ഷയും രക്ഷയുമുണ്ടാകുക. സംഘ്പരിവാറിന്റെ അജന്‍ഡ നടപ്പാക്കുകയാണു പ്രതിയോഗികളുടെ പണിയെങ്കില്‍ പിന്നെ രണ്ടു പാര്‍ട്ടികളെന്തിന്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 35 ശതമാനത്തില്‍ താഴെ മാത്രം വോട്ടര്‍മാരെ ആകര്‍ഷിക്കാനേ ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തിനു കഴിഞ്ഞുള്ളൂ. ഹിന്ദുക്കളടക്കം 65 ശതമാനത്തില്‍ കൂടുതല്‍ വോട്ടര്‍മാര്‍ അവരുടെ തീവ്രനിലപാടു നിരാകരിച്ചതാണ്. അത്തരക്കാരുടെ മനംകവരാന്‍ പറ്റിയ വിധം മതനിരപേക്ഷ നയങ്ങളിലൂടെ മുന്നോട്ടു പോകാനല്ലേ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്.
പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായ മെച്ചപ്പെടുത്തി സംഘ്പരിവാറിന്റെ എതിര്‍പക്ഷത്തുള്ള വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കാതെ ബി.ജെ.പി തീവ്രഹിന്ദുത്വത്തിന്റെ തേങ്ങയുടയ്ക്കുമ്പോള്‍ തങ്ങള്‍ ഹിന്ദുത്വത്തിന്റെ ചിരട്ടയെങ്കിലും ഉടയ്ക്കട്ടെയെന്നാണു വിചാരമെങ്കില്‍ 2019ന്റെ ഫലം 2014ല്‍ നിന്നു വ്യത്യസ്തമായിരിക്കുമെന്നു പ്രതീക്ഷിക്കാന്‍ വക കാണുന്നില്ല.ബന്ധപ്പെട്ടവര്‍ സന്ദര്‍ഭത്തിന്റെ ഗൗരവമുള്‍ക്കൊണ്ടു വേണ്ട മാറ്റം വരുത്തുമെന്നു പ്രതീക്ഷിക്കാം

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.