
ന്യൂഡല്‍ഹി: ഹിന്ദുക്കള്‍ക്ക് മതമൗലികവാദികള്‍ ആവാന്‍ കഴിയില്ലെന്ന് ആര്.എസ്.എസ് നേതാവ്. ഹിന്ദുക്കള്‍ ഒരിക്കലും മതമൗലികവാദികള്‍ ആവില്ല. അവര്‍ക്ക് അത്യുല്സാഹികളാവാനേ കഴിയൂ. അതുപോലെ, സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ക്കും മതമൗലികവാദികള്‍ ആവാന്‍ കഴിയില്ല- മുതിര്‍ന്ന ആര്.എസ്.എസ് നേതാവും സംഘ്പരിവാരിന്റെ സൈദ്ധാന്തികനുമായ ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. ഡല്‍ഹിയില്‍ ആര്.എസ്.എസിന്റെ സോഷ്യല്‍ മീഡിയാ വിഭാഗത്തിന്റെ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്മോഹന് വൈദ്യ.
ഡോ. മന്മോഹന് വൈദ്യ
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ദേശാവിഷ്കാരം എന്നതിന് പകരം പല മാധ്യമങ്ങളും റിപ്പോര്‍ട്ട്ചെയ്തത് ദേശീയതയുടെ വിജയം എന്ന നിലയ്ക്കാണ്. ആ മാധ്യമങ്ങളുടെ എഡിറ്റര്‍ ഞാനായിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പ് വിജയം ദേശാവിഷ്കാരം ആണെന്ന് വിശേഷിപ്പിക്കുമായിരുന്നു. ദേശീയത എന്നത് ഒരു പടിഞ്ഞാറന്‍ ആശയമാണ്. സാമ്രാജ്യത്വം കാരണം ഹിന്ദിയിലുള്ള നമ്മുടെ പല പ്രയോഗങ്ങളും മറന്നു. അവയൊക്കെയും ഇംഗ്ലീഷിലായി. ഇന്ത്യയുടെ പ്രത്യേകതയെന്നത് ആത്മീയതയാണ്. അതുകൊണ്ടാണ് എല്ലാ മതവിഭാഗങ്ങളെയും ഇന്ത്യ ഉള്‍ക്കൊള്ളുന്നത്. ആത്മീയത സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ അതു വരുംതലമുറയില്‍ വലിയ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, വിവിധ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്കാരവും നല്കി.