2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നജ്‌റാനിലെ റോക്ക് ആർട്ട് സൈറ്റായ “ഹിമ” ലോക പൈതൃക പട്ടികയിൽ

നജ്‌റാൻ: നജ്‌റാനിലെ റോക്ക് ആർട്ട് സൈറ്റായ ഹിമ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ഇതോടെ, ലോക പൈതൃകപട്ടികയിൽ ഇടം നേടിയ സഊദിയിലെ കേന്ദ്രങ്ങൾ ആറായി ഉയർന്നു. തെക്കുപടിഞ്ഞാറൻ സഊദി അറേബ്യയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകത്തിലെ ഏറ്റവും വലിയ റോക്ക് ആർട്ട് കോംപ്ലക്സുകളിലൊന്നാണ്.

അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ നിന്നും അറേബ്യ, മെസൊപ്പൊട്ടേമിയ, ലെവന്റ്, ഈജിപ്ത് എന്നിവിടങ്ങളിലെ പുരാതന ലോക വിപണികളിലേക്കും പോകുന്ന വ്യാപാരത്തിലെയും ഹജ്ജ് റൂട്ടുകളിലെയും യാത്രക്കാർക്ക് ഹിമാ ഒരു വഴിയായിരുന്നു. ചരിത്രത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടത്തിലൂടെ കടന്നുപോയ ആളുകൾ, വേട്ടയാടൽ, വന്യജീവി, സസ്യങ്ങൾ, ചിഹ്നങ്ങൾ, അക്കാലത്ത് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ എന്നിവ ചിത്രീകരിക്കുന്ന റോക്ക് ആർട്ടിന്റെ ഒരു വലിയ ശേഖരം ഇപ്പോഴും ഇവിടെ അവശേഷിക്കുന്നുണ്ട്. കൂടാതെ നിരവധി പുരാതന ലിപികളിൽ എഴുതിയ ആയിരക്കണക്കിന് ലിഖിതങ്ങളും, മുസ്‌നാദ്, ഥമൂദിക്, നബാതിയൻ, ആദ്യകാല അറബി എന്നിവയുടെ ശേഖരങ്ങളും ഇവിടെ ഉണ്ട്.

   

3,000 വർഷത്തിലേറെ പഴക്കമുള്ള ഇവിടുത്തെ കിണറുകൾ നജ്‌റാനിലെ വിശാലമായ മരുഭൂമിയിലെ ശുദ്ധജലത്തിന്റെ പ്രധാന ഉറവിടമായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോഴും ഇതിൽ നിന്ന് ശുദ്ധജലം ലഭിക്കുന്നുണ്ട്. അസാധാരണമായ ഈ പുരാതന കേന്ദ്രം യുനെസ്കോ ലോക പൈതൃക കേന്ദ്രത്തിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്നും പുരാതന കാലത്തെ മനുഷ്യ സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും വികാസത്തെക്കുറിച്ച് നിരവധി പാഠങ്ങൾ ഈ പ്രദേശവും കേന്ദ്രങ്ങളും നൽകുന്നുണ്ടെന്നും ഹെറിറ്റേജ് കമ്മീഷൻ സിഇഒ ഡോ: ജാസിർ അൽഹെർബിഷ് പറഞ്ഞു.

അറേബ്യൻ ഉപദ്വീപിലെ മനുഷ്യജീവിതത്തിന്റെ ആദ്യത്തെ തെളിവായി അടയാളപ്പെടുത്തി 120,000 വർഷത്തിലേറെ പഴക്കമുള്ള പുരാതന മനുഷ്യ, മൃഗങ്ങളുടെ കാൽപ്പാടുകൾ ഇവിടെ നിന്നും നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ദേശീയ അന്തർദേശീയ പൈതൃകം സംരക്ഷിക്കുന്നതിൽ സഊദി ഇപ്പോൾ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. ലോകമെമ്പാടുമുള്ള പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഓർഗനൈസേഷന്റെ പ്രവർത്തനത്തിന് 25 മില്യൺ ഡോളർ സംഭാവന ചെയ്യുന്നതിനായി 2019 ൽ സാംസ്കാരിക മന്ത്രാലയം യുനെസ്കോയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പിന്തുണയും മാർഗനിർദേശവും സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ പ്രശംസിച്ചു. യുനെസ്കോയിൽ ഇടം നേടുന്നതിന് പിന്തുണ നൽകിയ ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് രാജ്യങ്ങളെ രാജകുമാരൻ നന്ദി പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.