ഐ.പി.അബു പുതുപ്പള്ളി
തിരൂര്‍ (മലപ്പുറം): സ്‌കൂള്‍ ഏകീകരിക്കലുമായി മുന്നോട്ടു പോകുമ്പോഴും പരീക്ഷകള്‍ വ്യത്യസ്ത രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍. ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഓണപ്പരീക്ഷയ്ക്ക് ടൈംടേബിള്‍ പ്രസിദ്ധീകരിക്കുകയും ചോദ്യപേപ്പറുകള്‍ പൊതു വിദ്യഭ്യാസ വകുപ്പ് നേരിട്ട് നല്‍കുകയും ചെയ്യുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷക്കാരുടെ ഓണപ്പരീക്ഷാ ടൈംടേബിള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
ചോദ്യപേപ്പര്‍ അതത് സ്‌കൂളുകള്‍ തന്നെ തയാറാക്കണമെന്നാണ് ഹയര്‍ സെക്കന്‍ഡറി അസിസ്റ്റന്റ് ഡയറക്ടര്‍ (അക്കാദമിക് ) ആര്‍.സുരേശ് കുമാര്‍ ഇന്നലെ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. സംഘടകളോ സ്വകാര്യ ഏജന്‍സികളോ ലഭ്യമാക്കുന്ന ചോദ്യപേപ്പറുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ പാഠപുസ്തകത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിരുന്നു. പുതുക്കിയ പാഠപുസ്തകത്തിന്റെ സോഫ്റ്റ് കോപ്പിക്കായി നിരന്തരം ആവശ്യപ്പെട്ടിട്ടും വൈകിയാണ് എന്‍.സി.ഇ.ആര്‍.ടിയില്‍നിന്ന് ലഭിച്ചത്. പാഠപുസ്തകങ്ങളുടെ അച്ചടിയും വൈകി. അതോടെ പല സ്‌കൂളുകളിലും പാഠപുസ്തകം പൂര്‍ണമായും ലഭിച്ചിട്ടില്ല. എന്‍.സി.ഇ.ആര്‍.ടി നല്‍കുന്ന സ്‌കീം ഓഫ് വര്‍ക്ക് കൃത്യസമയത്ത് ലഭിച്ചിരുന്നില്ല. ഇന്നലെയാണ് സ്‌കീം ഓഫ് വര്‍ക്കിന്റെ സര്‍ക്കുലര്‍ സ്‌കൂളുകളില്‍ ലഭിച്ചത്. അതുകൊണ്ടാണ് രണ്ടാം വര്‍ഷക്കാരുടെ ചോദ്യപേപ്പര്‍ സ്‌കൂളുകളില്‍ തയാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് ഡയറക്ടര്‍ പറയുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ചോദ്യപേപ്പര്‍ തയാറാക്കുമ്പോള്‍ പഠിപ്പിച്ച ഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാല്‍മതി.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഒന്നാം വര്‍ഷക്കാരുടെ പൊതുപരീക്ഷ ജൂണില്‍ അവസാനിപ്പിച്ച് ജൂലൈ അവസാനത്തോടെയാണ് രണ്ടാം വര്‍ഷക്കാര്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചിരുന്നത്. പക്ഷേ ഈ അധ്യയന വര്‍ഷം ജൂണ്‍ ഒന്നിനുതന്നെ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷക്കാരുടെ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. ഏകീകൃത ചോദ്യപേപ്പര്‍ ഇല്ലാതാകുന്നതോടെ കുട്ടികളുടെ അക്കാദമിക നിലവാരത്തെ ബാധിക്കുമെന്നും പൊതുപരീക്ഷയുടെ ചോദ്യങ്ങളുടെ പാറ്റേണ്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയാതെ വരികയും ചെയ്യുമെന്ന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ പാണക്കാട് പറഞ്ഞു.
Comments are closed for this post.