തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ ഒടുവില്‍ മാറ്റിവെച്ച് വിദ്യാഭ്യാസ വകുപ്പ്. കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് പല കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
ഈ മാസം 28 ന് ആരംഭിക്കുന്ന പരീക്ഷകളാണ് മാറ്റിയത്. താത്കാലികമായി മാറ്റിവെച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.
മെയ് മാസത്തില്‍ കൊവിഡ് വ്യാപന തോത് അനുസരിച്ച് പ്രായോഗിക പരീക്ഷ നടത്താമെന്നാണ് ധാരണ. എന്നാല്‍ കൊവിഡ് വ്യാപനം തീവ്രമായി തന്നെ തുടരുകയാണെങ്കില്‍ പ്രായോഗിക പരീക്ഷ പൂര്‍ണമായും ഒഴിവാക്കിയേക്കും. പകരം തിയറി മാര്‍ക്കിന്റെ ശരാശരി കണക്കാക്കി പ്രായോഗിക പരീക്ഷയുടെ മാര്‍ക്ക് നിശ്ചയിക്കാനാണ് ആലോചന.
ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള സംഘടനകളും അധ്യാപകരും വിഷയം വിദ്യാഭ്യാസ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയിലും പെടുത്തിയിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രായോഗിക പരീക്ഷകളും മാറ്റിയിട്ടുണ്ട്.
പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകളും എസ്. എസ്.എല്‍.സി ഐ.ടി പരീക്ഷകയും മാറ്റിവെക്കണമെന്ന് അഭ്യര്‍ഥിച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പ്രാക്ടിക്കല്‍ പരീക്ഷകളില്‍ കുട്ടികള്‍ക്ക് തമ്മില്‍ ശാരീരിക അകലം പാലിക്കാന്‍ സാധിക്കില്ല. ഉപകരണങ്ങളും കൈമാറേണ്ടിവരും. ശാസ്ത്ര വിഷയം പഠിക്കുന്ന കുട്ടികള്‍ക്ക് അഞ്ചുതവണയെങ്കിലും സ്‌കൂളില്‍ വരേണ്ടി വരും.
കൊമേഴ്‌സ് ഹ്യുമാനിറ്റിസ് വിഷയങ്ങളിലെ വിദ്യാര്‍ഥികളും രണ്ടോ മൂന്നോ തവണ വിദ്യാലയങ്ങളില്‍ എത്തേണ്ടതുണ്ട്. രസതന്ത്രം ജീവശാസ്ത്രം പോലുള്ള പരീക്ഷകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വായ ഉപയോഗിച്ചും കൈകള്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കേണ്ടിയും വരും. കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള പരീക്ഷകളില്‍ മൗസ്, കീബോര്‍ഡ് എന്നിവയും കൈമാറണം. അധ്യാപകര്‍ ഈ സമയങ്ങളിലെല്ലാം അരികിലെത്തി സംശയങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടതുമുണ്ട്. ഈ അവസരങ്ങളിലെല്ലാം കൊവിഡ് വ്യാപന സാഹചര്യം കൂടുതലായതിനാല്‍ പരീക്ഷ പ്രായോഗികമല്ലെന്നാണ് ഉയര്‍ന്ന വിലയിരുത്തല്‍.
എന്തായാലും പുതുക്കിയ തീയതി പിന്നീ്ട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
Comments are closed for this post.