കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍. വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
തെളിവുകള്‍ ശരിയായ വിധം വിലയിരുത്താതെ വിചാരണക്കോടതി വസ്തുതകളും നിയമങ്ങളും തെറ്റായി വ്യാഖ്യാനിച്ചാണ് പ്രതിയെ അനര്‍ഹമായി കുറ്റവിമുക്തനാക്കിയിരിക്കുന്നതെന്ന് അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു.
വിചാരണക്കോടതിയുടെ ഉത്തരവ് പൂര്‍ണമായും തെറ്റും തലതിരിഞ്ഞതുമായിരുന്നു. കഴിഞ്ഞ ജനുവരി 14 നായിരുന്നു ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള സെഷന്‍സ് കോടതിയുടെ ഉത്തരവ്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി ബിഷപ്പ് ഫ്രാങ്കോയെ കുറ്റക്കാരനായി പ്രഖ്യാപിക്കണം എന്നാണ് അപ്പീലില്‍ ആവശ്യപ്പെടുന്നത്.
കന്യാസ്ത്രീയുടെ മൊഴി വിശ്വസനീയമല്ലെന്ന് വിലയിരുത്തിയായിരുന്നു ബിഷപ്പ് ഫ്രാങ്കോയെ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്. നെല്ലും പതിരും വേര്‍തിരിച്ചെടുക്കാനാകുന്നില്ലെന്ന് വിലയിരുത്തി വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത് ഏറേ ഗൗരവതരമാണ്. ബിഷപ്പ് ഫ്രാങ്കോ തന്നെ 13 തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കന്യാസ്ത്രീയുടെ ആരോപണം. ഇരയായ കന്യാസ്ത്രീ അടക്കമുള്ളവരുടെ മൊഴികളില്‍ നിന്ന് ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് വ്യക്തമാണ്. പ്രകൃതിവിരുദ്ധ പീഡനത്തിനും കന്യാസ്ത്രീ ഇരയായിട്ടുണ്ട്. ഇരയ്ക്ക് പുറമെ രണ്ട് മുതല്‍ ഒമ്പത് വരെയുള്ള പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴിയും ആരോപണം തെളിയിക്കുന്നുണ്ട്. പീഡനം നടന്നതായി പറയുന്ന ദിവസങ്ങളില്‍ ബിഷപ്പ് ഇവിടെ ഉണ്ടായിരുന്നതിനും തെളിവുണ്ട്. ആദ്യം നല്‍കിയ സ്റ്റേറ്റുമെന്റില്‍ പരാതിക്കാരി എല്ലാ വിവരങ്ങളും നല്‍കിയില്ലെന്നതിന്റെ പേരില്‍ വിചാരണക്കോടതി കേസ് നിസാരമായി തള്ളിക്കളയുകയായിരുന്നെന്നും അപ്പീലില്‍ ആരോപിക്കുന്നു.
Comments are closed for this post.