2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സര്‍ക്കാരിന് തിരിച്ചടി; കെ.ടി.യു വി.സി സിസ തോമസിന്റെ നിയമനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെടിയു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

താത്കാലിക വി.സിയായി സിസ തോമസിന് തുടരാം. അവര്‍ക്ക് മതിയായ യോഗ്യതയുണ്ട്. സ്ഥിരം വി.സിയെ ഉടന്‍ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.

ഡോ.സിസ തോമസിനു താല്‍ക്കാലിക ചുമതല നല്‍കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പറഞ്ഞത്. ചാന്‍സലറുടെ നടപടിയില്‍ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

യു.ജി.സി. മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ട് തന്നെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു.

ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍ക്കാര്‍ ഹര്‍ജിയുമായി വന്നത് അത്യപൂര്‍വമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ചാന്‍സലര്‍ യുജിസി ചട്ടങ്ങള്‍ക്കു വിധേയമായി പ്രവര്‍ത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നല്‍കിയ ഹരജി നിലനില്‍ക്കുന്നതാണെന്നു കോടതി പറഞ്ഞു.

വിസിയായിരുന്ന ഡോ. എം.എസ്. രാജശ്രീയുടെ നിയമനം സുപ്രിം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു താല്‍ക്കാലിക ചുമതല നല്‍കി ഗവര്‍ണര്‍ ഉത്തരവിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.