കൊച്ചി: ടൂറിസം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് തളി ശിവക്ഷേത്രത്തിലെ കുളത്തിൽ കൽമണ്ഡപവും വാട്ടർ ഫൗണ്ടനും നിർമിക്കുന്ന നടപടികൾ ഹൈകോടതി ഒരുമാസത്തേക്ക് സ്റ്റേ ചെയ്തു. ക്ഷേത്രക്കുളത്തിലെ നിർമാണപ്രവൃത്തിക്കെതിരെ വിശ്വാസികളായ കോഴിക്കോട് ചാലപ്പുറം സ്വദേശികൾ കെ.പി. ഗുരുദാസ്, കെ.ജി. സുബ്രഹ്മണ്യൻ എന്നിവർ നൽകിയ ഹരജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.
വിനായക ചതുർഥി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രക്കുളത്തിൽ ആറാട്ടു നടത്തുന്ന ചടങ്ങുകളുണ്ട്. ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ചടങ്ങാണിതെന്നും ഹരജിക്കാർ പറയുന്നു. തളി ക്ഷേത്ര പൈതൃക പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കുളത്തിനു മധ്യത്തിൽ കൽമണ്ഡപവും ജലധാരയും നിർമിക്കുന്നതടക്കമുള്ള ജോലികൾക്ക് 1.40 കോടി അനുവദിച്ചിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, പൊതുആരാധനാലയങ്ങളും പരിസരങ്ങളും ആരാധനയുമായി ബന്ധമില്ലാത്ത മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മുൻ ഹൈകോടതി വിധികൾ ചൂണ്ടിക്കാട്ടി ഹരജിക്കാർ വാദിച്ചു. തുടർന്നാണ് സർക്കാറിനോടും ടൂറിസം ഡയറക്ടറോടും നിർമാണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. അതേസമയം, കുളത്തിലെ അറ്റകുറ്റപ്പണിക്ക് സ്റ്റേ ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights:high court stay construction work in tali temple
Comments are closed for this post.