കൊച്ചി: സംസ്ഥാനത്ത് ഗതാഗതനിയമലംഘനം തടയാനായി എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതി. എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി. കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു.
ഖജനാവിന് നഷ്ടമോ അധികബാധ്യതയോ ഉണ്ടായെന്ന് കണ്ടെത്തണം. വിഷയത്തില്‍ പ്രതിപക്ഷത്തെ പ്രശംസിച്ച കോടതി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹരജിക്കാര്‍ക്ക് അവസരം നല്‍കി. കരാറുകാര്‍ക്ക് പണം നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി കോടതി ഇടപെടലോടുകൂടി മാത്രമേ തുടര്‍ന്നുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ.
ക്യാമറ ഇടപാടില്‍ അടിമുടി അഴിമതിയാണെന്ന് പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യഹരജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ കോടികള്‍ അനാവശ്യമായി ചെലവഴിച്ചു, ഇഷ്ടക്കാര്‍ക്ക് കരാറുകള്‍ നല്‍കി തുടങ്ങിയുള്ള നിരവധി അഴിമതിയാരോപണങ്ങളാണ് എ.ഐ. ക്യാമറയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.
Comments are closed for this post.