2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹരജി ഹൈക്കോടതി വീണ്ടും തളളി. ഇത് ആറാം തവണയാണ് പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി കോടതി തളളുന്നത്. നടന്‍ ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.

2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് പള്‍സര്‍ സുനി. ഇതിനിടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു ഇത്. ഇതൊഴിച്ച് നിര്‍ത്തിയാല്‍ വര്‍ഷങ്ങളായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി.

നടിയെ ആക്രമിച്ച കേസില്‍ നിയോഗിച്ച അമിക്കസ് ക്യൂറിയെ ഒഴിവാക്കാന്‍ തീരുമാനമായിരുന്നു. അഡ്വ. രഞ്ജിത്ത് മാരാരെയാണ് അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഹൈക്കോടതി മാറ്റിയത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ കേസില്‍ കോടതിയെ സഹായിക്കുന്നതിനായി കഴിഞ്ഞദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

ദിലീപുമായി രഞ്ജിത്ത് മാരാര്‍ക്ക് അടുത്ത ബന്ധമാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. രഞ്ജിത് മരാര്‍ അമിക്കസ് ക്യൂറിയായി തുടരുന്നത് നിഷ്പക്ഷമാകില്ലെന്ന് പ്രോസിക്യൂഷന്‍ അഭിപ്രായപ്പെട്ടു.

തനിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് മാരാരും കോടതിക്ക് കത്ത് നല്‍കിയിരുന്നു. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നുവെന്നും, ഹാഷ് വാല്യു മാറിയതില്‍ കോടതിയില്‍ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.