PSC വണ്‍ ടൈം രജിസ്‌ട്രേഷന്‍ നിങ്ങള്‍ക്ക് വീട്ടിലിരുന്നും ചെയ്യാം; വെറും അഞ്ചു മിനുട്ട് മതി
പി.എസ്.സി ജോലിക്ക് അപേക്ഷിക്കാന്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ അഥവാ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവരാണ് എങ്കില്‍ ഭാവിയില്‍ വരുന്ന നോട്ടിഫിക്കേഷനിലെ ജോലിക്ക് നിങ്ങളുടെ യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ഒന്നോ രണ്ടോ മിനുറ്റ് കൊണ്ട് തന്നെ നിങ്ങള്‍ക്ക് അപ്ലൈ ചെയ്യാവുന്നതാണ്. പക്ഷേ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ആദ്യം അത് ചെയ്യണം. അതിനായി നിങ്ങള്‍ ടൗണില്‍ പോയി ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. ഒരു ലാപ്‌ടോപ്പോ കംപ്യൂട്ടറോ ഉണ്ടെങ്കില്‍ വീട്ടിലിരുന്ന് തന്നെ നിങ്ങള്‍ക്ക് ഈസിയായി ചെയ്യാവുന്നതേയുള്ളൂ.
വണ്‍ ടൈം രജിസ്‌ട്രേഷന്‍ എങ്ങിനെ ചെയ്യാം
ആദ്യം ലാപ്‌ടോപ്പിന്/ കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നതിന് മുമ്പായി ആവശ്യമായ രേഖകള്‍ തയാറാക്കിവക്കുക. ആധാര്‍, ഫോട്ടോ, ഒപ്പ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇമെയില്‍ ഐ.ഡി എന്നിവയാണ് വേണ്ടത്. ഫോട്ടോ ഇല്ലെങ്കില്‍ അതിനായി സ്റ്റുഡിയോയില്‍ പോകണമെന്നില്ല. നീലയോ പച്ചയോ പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് വീട്ടില്‍നിന്ന് സ്വന്തം മൊബൈല്‍ഫോണില്‍നിന്ന് എടുത്ത ഫോട്ടോ ആയാലും മതി.
ശ്രദ്ധിക്കുക: ഫോട്ടോയുടെയും ഒപ്പിന്റെയും ഫോര്‍മാറ്റ് ഇപ്രകാരമാണ്:
ഫോട്ടോ:
width x height-150 x 200 pixels
Maximum Size: 50 kb
ഒപ്പ്:
width x height – 150 x 100 pixesl
Maximum Size: 30 kb
രണ്ടും jpeg/ jpg ഫോര്‍മാറ്റ് ആവണം.
ശേഷം പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ thulasi.psc.kerala.gov.in സന്ദര്‍ശിക്കുക. സൈറ്റില്‍ New Registration എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് എസ്.എല്‍.സി ബുക്കിലുള്ളത് പോലെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ആണ് കൊടുക്കേണ്ടത്.
അത് കഴിഞ്ഞ് ടിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക. ഇവിടെയാണ് ഫോട്ടോയും ഒപ്പും മുകളില്‍ പറഞ്ഞത് പോലുള്ള ഫോര്‍മാറ്റ് ആക്കിയ ശേഷം അപ്ലോഡ് ചെയ്യേണ്ടത്. സബ്മിറ്റ് ചെയ്യുന്നതോടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാവുകയായി.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ ഉപയോഗിച്ച യൂസര്‍ നെയിമും പാസ് വേഡും ഓര്‍ത്തുവക്കാനാണ്. തുടര്‍ന്നുള്ള പി.എസ്.സി ആവശ്യങ്ങള്‍ക്കെല്ലാം ഇവ ആവശ്യമായി വരും,
രജിസ്‌ട്രേഷന്‍ നടപടികള്‍ വിശദീകരിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യക.
Comments are closed for this post.