തിരുവനന്തപുരം • റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാനത്തെ നിരത്തുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചതിനു പിന്നാലെ നിർണായക നീക്കവുമായി ഗതാഗത വകുപ്പ്. ബസ്, ലോറി ഉൾപ്പെടെ ഹെവി വാഹനങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കാൻ തീരുമാനം. നിലവിൽ കാറുകളിൽ ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാണ്.
കെ.എസ്.ആർ.ടി.സിയുടേതുൾപ്പെടെ ബസുകളിലും മറ്റു വലിയ വാഹനങ്ങളിലും ഡ്രൈവറും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് ധരിക്കണം.
കേന്ദ്ര നിയമം അനുസരിച്ച് ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും നിർബന്ധമാക്കിയത്. കേന്ദ്രനിയമം നിലവിലുണ്ടെങ്കിലും സംസ്ഥാനം ഇളവ് നൽകുകയായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.നിലവിൽ സീറ്റ് ബെൽറ്റ് സംവിധാനമില്ലാത്തവർക്ക് ഇതുഘടിപ്പിക്കാനാണ് സെപ്റ്റംബർ വരെ സമയം നൽകിയിരിക്കുന്നത്. ലോറികളിൽ മുൻപിലിരിക്കുന്ന രണ്ടു യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസുകളിൽ കാബിനുണ്ടെങ്കിൽ മുൻവശത്തിരിക്കുന്ന രണ്ടുപേരും സീറ്റ് ബെൽറ്റ് ധരിക്കണം. കാബിനില്ലാത്ത ബസാണെങ്കിൽ ഡ്രൈവർ മാത്രം സീറ്റ് ബൈൽറ്റ് ധരിച്ചാൽ മതിയാകും.
തീരുമാനം ഗതാഗത മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കുമെങ്കിലും കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് കാത്തിരിക്കുന്നത്. നിരവധി വലിയ വാഹനങ്ങളിൽ പഴയ രീതിയിലുള്ള സീറ്റുകളാണുള്ളത്. ഇതിലെല്ലാം സീറ്റ് ബെൽറ്റ് സംവിധാനങ്ങൾ ഘടിപ്പിക്കേണ്ടിവരും. നഷ്ടത്തിലോടുന്ന കെ.എസ്.ആർ.ടി.സിക്കു മാത്രമായി ഇളവു നൽകാനും കഴിയില്ല. അതേസമയം ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് വേണമെന്ന കേന്ദ്ര നിയമം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളും നിർബന്ധമാക്കിയിട്ടില്ല.
Comments are closed for this post.